സോൻപ്രയാഗ്, ഗൗരികുണ്ട്, കേദാർനാഥ് എന്നിവയെ ബന്ധിപ്പിക്കുന്ന റോപ്പ്വേ പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാരിന് വൻ വരുമാനം ലഭിക്കും. പദ്ധതി നടപ്പിലാക്കുന്ന കേന്ദ്ര ഏജൻസിയായ നാഷണൽ ഹൈവേ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡുമായി (NHLML) അദാനി എന്റർപ്രൈസസ് വരുമാനത്തിന്റെ ഏകദേശം 42% വിഹിതം പങ്കുവെയ്ക്കും. ദേശീയ റോപ്വേ വികസന പദ്ധതിയായ പർവത്മാല പരിയോജന പ്രകാരം ഉത്തരാഖണ്ഡിലെ സോൻപ്രയാഗ് മുതൽ കേദാർനാഥ് വരെയുള്ള (12.9 കിലോമീറ്റർ) റോപ്വേ പദ്ധതി വികസിപ്പിക്കുന്നതിന് കഴിഞ്ഞ മാസം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. ആകെ 4,081.28 കോടി രൂപ ചിലവിലാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള റോപ്വേ പദ്ധതി വികസിപ്പിക്കുക.

കേദാർനാഥ് സന്ദർശിക്കുന്ന തീർഥാടകർക്ക് റോപ്വേ പദ്ധതി അനുഗ്രഹമാകും. യാത്രാ സമയം 8-9 മണിക്കൂറിൽ നിന്ന് 36 മിനിറ്റായി കുറയ്ക്കുമെന്നതിനാൽ റോപ്പ്-വേയിൽ ധാരാളം തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷ. പ്രതിദിനം 18,000 പേരെ അല്ലെങ്കിൽ പ്രതിവർഷം ഏകദേശം 32 ലക്ഷം പേരെ കൊണ്ടുപോകാൻ റോപ്പ്വേയ്ക്ക് ശേഷിയുണ്ടാകും. PPHPD എന്ന ഏറ്റവും നൂതനമായ ട്രൈ-കേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (3എസ്) സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് പദ്ധതി വികസിപ്പിക്കുന്നത്. ആറ് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകും
