ക്വിക്ക് സർവീസ് റെസ്റ്റോറന്റ് (QSR) ശൃംഖലയായ വൗ! മോമോയിൽ (Wow! Momo) നിക്ഷേപത്തിന് ഒരുങ്ങി ലഘുഭക്ഷണ ബ്രാൻഡായ ഹൽദിറാമും (Haldiram) മലേഷ്യൻ സോവറിൻ വെൽത്ത് ഫണ്ടായ ഖസാനയും (Khazanah). ഇരു കമ്പനികളും ചേർന്ന് 130–150 കോടി രൂപയുടെ നിക്ഷേപമാണ് വൗ! മോമോയിൽ നടത്തുക. വരാനിരിക്കുന്ന ഫണ്ട് റൈസിൽ കമ്പനിയുടെ അന്തിമ മൂല്യനിർണ്ണയം വ്യക്തമാകും. വൗ മോമോ അടുത്ത റൗണ്ട് കൈകാര്യം ചെയ്യാൻ നിക്ഷേപ ബാങ്കർമാരെ നിയമിച്ചിട്ടുണ്ട്.

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയാണ് വൗ മോമോ. മോമോസ്, മോമോ ബർഗറുകൾ (മോബർഗ്സ്), മോമോ അധിഷ്ഠിത മധുരപലഹാരങ്ങൾ എന്നിവയിലാണ് ഫാസ്റ്റ് ഫുഡ് ശൃംഖല വൈദഗ്ദ്ധ്യം നേടിയിട്ടുള്ളത്. സെന്റ് സേവ്യേഴ്സ് കോളേജ് പൂർവ് വിദ്യാർത്ഥികളായ സാഗർ ദാര്യാനി, ബിനോദ് ഹോമാഗായി എന്നിവർ ചേർന്ന് 2008ൽ ആണ് വൗ മോമോ സ്ഥാപിച്ചത്.

2021 ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ച് കൊച്ചി അടക്കമുള്ള ഇന്ത്യയിലെ 19 നഗരങ്ങളിലായി ഏകദേശം 425 ഔട്ട്ലെറ്റുകൾ ആണ് വൗ മോമോയ്ക്ക് ഉള്ളത്. വൗ മോമോ, വൗ ചൈന, വൗ ചിക്കൻ എന്നിങ്ങനെ 3 ബ്രാൻഡുകളായാണ് കമ്പനിയുടെ പ്രവർത്തനം. പുതിയ ഫണ്ടിങ് യാഥാർത്ഥ്യമാകുന്നതോടെ രാജ്യമെങ്ങും പ്രവർത്തനം വിപുലീകരിക്കുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു.
