ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്റെ കുടുംബം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യ റായിയും എല്ലാം ഇത്തരത്തിൽ തലക്കെട്ടുകളിൽ നിറയാറുണ്ട്. അമിതാഭിന്റെ മകൾ ശ്വേതാ ബച്ചനും ഭർത്താവ് നിഖിൽ നന്ദയും ഇടയ്ക്ക് സെലിബ്രിറ്റി വാർത്തകളുടെ ഭാഗമാകാറുണ്ട്. എന്നാൽ ബോളിവുഡിലും മലയാളത്തിലും അടക്കം നിരവധി വേഷങ്ങൾ ചെയ്ത ബച്ചൻ കുടുംബത്തിലെ മറ്റൊരു അംഗമുണ്ട്- അതാണ് കുനാൽ കപൂർ.

അമിതാഭിന്റെ അനുജൻ അജിതാഭ് ബച്ചന്റെ മകളുടെ ഭർത്താവാണ് കുനാൽ കപൂർ. പതിനെട്ട് വർഷത്തോളമായി സിനിമാ രംഗത്തുള്ള കുനാൽ 2016ൽ റിലീസായ ജയരാജ് ചിത്രം വീരത്തിലൂടെയാണ് മലയാളികൾക്കും സുപരിചിതനായത്. 18 വർഷം നീണ്ട കരിയറിൽ ഒരു സോളോ ഹിറ്റ് പോലും കുനാലിന് അവകാശപ്പെടാനില്ലെങ്കിലും താരം സംരംഭക രംഗത്ത് സജീവമാണ്. അതുകൊണ്ട് തന്നെ സിനിമയിലെ താരതമ്യേന നിറം മങ്ങിയ കരിയർ അദ്ദേഹത്തിന്റെ സമ്പാദ്യത്തെ ബാധിച്ചിട്ടില്ല. ലക്ഷ്വറി ഫാഷൻ രംഗത്തുള്ള The Luxury Closet എന്ന കമ്പനിക്ക് പുറമേ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ Kettoയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. 110 കോടി രൂപയാണ് കുനാലിന്റെ കമ്പനിയുടെ മൂല്യം.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച കുനാൽ നടൻ നസ്റുദ്ദീൻ ഷായുടെ തിയേറ്റർ ഗ്രൂപ്പ് അംഗമായിരുന്നു. മീനാക്ഷി, ടെയിൽ ഓഫ് ത്രീ സിറ്റീസ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറിയത്. എന്നാൽ രാകേഷ് ഓംപ്രകാശ് മെഹ്റയുടെ ആമിർ ഖാൻ ചിത്രം രംഗ് ദേ ബസന്തിയിലൂടെയാണ് കുനാൽ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ പിന്നീട് താരം അഭിനയിച്ച മിക്ക ചിത്രങ്ങളും ഫ്ലോപ്പ് ആയി. തുടർന്ന് ബച്ച്നാ ഏ ഹസീനോ, ഡോൺ 2 തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു. 2021ൽ ഇറങ്ങിയ അൻകാഹി കഹാനിയാ ആണ് താരത്തിന്റേതായി അവസാനം എത്തിയ ചിത്രം.
