നിരവധി പ്രധാന റൂട്ടുകളിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഡൽഹി-ഹൗറ ഉൾപ്പെടെയുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളാണ് എത്തുന്നത്. രാജധാനി എക്സ്പ്രസിനും തുരന്തോ എക്സ്പ്രസിനും ശേഷം ഈ റൂട്ടിലെ മൂന്നാമത്തെ പ്രീമിയം സർവീസാണിത്.

ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി സാങ്കേതികവിദ്യയുടെ ഉപയോഗിച്ച് ബിഇഎംഎൽ വികസിപ്പിച്ചെടുത്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ 2024 സെപ്റ്റംബറിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനാച്ഛാദനം ചെയ്തിരുന്നു. ഡൽഹിയിൽ നിന്ന് ഹൗറയിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ 15 മണിക്കൂറിനുള്ളിൽ 1449 കിലോമീറ്റർ ദൂരം സഞ്ചരിക്കും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ട്രെയിൻ പ്രവർത്തനം ആരംഭിക്കുന്നതോടെ രാജധാനി, തുരന്തോ എക്സ്പ്രസുകളെ മറികടന്ന് ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനായി മാറും.
16 കോച്ചുകളുള്ള ട്രെയിനിന് കാൺപൂർ സെൻട്രൽ, പ്രയാഗ്രാജ് ജംഗ്ഷൻ, ഡിഡി ഉപാധ്യായ ജംഗ്ഷൻ, ഗയ ജംഗ്ഷൻ, ധൻബാദ് ജംഗ്ഷൻ, അസൻസോൾ ജംഗ്ഷൻ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുകളുണ്ട്. 11 എസി 3-ടയർ കോച്ചുകൾ, 4 എസി 2-ടയർ കോച്ചുകൾ, 1 ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിവയാണ് ഉള്ളത്. എസി 3-ടയറിന് ഏകദേശം 3000 രൂപയും എസി 2-ടയറിന് 4000 രൂപയും ഫസ്റ്റ് ക്ലാസ് എസിക്ക് 5100 രൂപയും ആയിരിക്കും നിരക്ക്.
