2024-25 കാലയളവിൽ 25,009 വ്യാജ സ്ഥാപനങ്ങൾ വഴി 61,545 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) വെട്ടിപ്പ് കേസുകൾ കണ്ടെത്തിയതായി ജിഎസ്ടി ഉദ്യോഗസ്ഥർ. സാമ്പത്തിക വർഷത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ട 168 പേരെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിലായി കേന്ദ്ര, സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെത്തിയ ഐടിസി തട്ടിപ്പുകളെക്കുറിച്ചുള്ള ഡാറ്റ പ്രകാരം, 1.01 ലക്ഷം കോടി രൂപയിലധികം ഐടിസി തട്ടിപ്പ് നടത്തിയ 42,140 വ്യാജ സ്ഥാപനങ്ങളാണ് കണ്ടെത്തിയത്.
ഈ കാലയളവിൽ 316 പേരെ ഐടിസി തട്ടിപ്പിന് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ജിഎസ്ടിക്ക് കീഴിൽ, വിതരണക്കാരിൽ നിന്നുള്ള വാങ്ങലുകൾക്ക് ബിസിനസുകൾ അടയ്ക്കുന്ന നികുതികളെയാണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എന്ന് വിളിക്കുന്നത്. അന്തിമ ഔട്ട്പുട്ട് നികുതി അടയ്ക്കുന്ന സമയത്ത് ഈ നികുതി ക്രെഡിറ്റ് അല്ലെങ്കിൽ കിഴിവ് ആയി ക്ലെയിം ചെയ്യാം. സത്യസന്ധമല്ലാത്ത ഘടകങ്ങൾ വഴി ഐടിസി ക്ലെയിം ചെയ്യാനും ഖജനാവിനെ വഞ്ചിക്കാനും വേണ്ടി വ്യാജ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ട് വ്യാജ ഐടിസി കൈകാര്യം ചെയ്യുന്നത് ഗവൺമെന്റിന് പ്രധാന വെല്ലുവിളിയാണ്. ഇത് കൈകാര്യം ചെയ്യുന്നതിനായാണ് അപകടസാധ്യതയുള്ള അപേക്ഷകരിൽ നിന്ന് പരിശോധനകൾ കർശനമാക്കിയത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും GSTNഉം വ്യാജ ITC ക്ലെയിമുകൾ തടയുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇന്റലിജൻസ് വിവരങ്ങൾ നൽകൽ, വഞ്ചനാപരമായ റജിസ്ട്രേഷൻ കണ്ടെത്തൽ, സംശയാസ്പദമായ ഇ-വേ ബിൽ പ്രവർത്തനം എന്നിവ അടക്കമുള്ള നടപടികളാണ് സ്വീകരിച്ചു പോരുന്നത്