യുഎഇയിൽ നിന്ന് AJBAN 442A കവചിത സൈനിക വാഹനങ്ങൾ വാങ്ങി മാലിദ്വീപ്. മാലിദ്വീപിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതുകൊണ്ടുതന്നെ മാലിദ്വീപിന്റെ സൈനിക തയ്യാറെടുപ്പുകളിലെ പുതിയ ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്ന നീക്കത്തെ ഇന്ത്യ കൃത്യമായി നിരീക്ഷിച്ചു വരികയാണ്. മുമ്പ്, മാലിദ്വീപ് തുർക്കിയയിൽ നിന്ന് മിസൈൽ ലോഞ്ചർ കപ്പൽ കരസ്ഥമാക്കിയിരുന്നു. 37 മില്യൺ ഡോളറിന് ബെയ്‌രക്തർ TB2 ഡ്രോണുകളും
മാലിദ്വീപ് തുർക്കിയയിൽ നിന്ന് വാങ്ങിയിരുന്നു. മുഹമ്മദ് മുയിസു പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനുശേഷം മാലിദ്വീപിലെ സൈനിക തയ്യാറെടുപ്പുകൾ കൂടുതൽ ശക്തമാക്കിയിട്ടുമുണ്ട്.

ഇപ്പോൾ മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സിന് വേണ്ടിയാണ് കവചിത വാഹനങ്ങൾ വാങ്ങിയിരിക്കുന്നത്. ഏപ്രിൽ 19ന് തലസ്ഥാനമായ മാലെയിൽ നടന്ന എംഎൻഡിഎഫിന്റെ 133ആം വാർഷിക പരേഡിലാണ് അജ്ബാൻ 442എ കവചിത വാഹനങ്ങൾ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. യുഎഇയിലെ എഡ്ജ് ഗ്രൂപ്പ് നിർമ്മിച്ച കവചിത വാഹനങ്ങൾ തന്ത്രപരമായ പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതും ഏകദേശം 54 ദശലക്ഷം എംവിആർ ചിലവ് വരുന്നതുമാണ്. റിമോട്ട് ആയുധ സ്റ്റേഷൻ, അധിക കവച പ്ലേറ്റിംഗ്, അധിക ആയുധ സംവിധാനങ്ങൾ തുടങ്ങിയ മാറ്റങ്ങളോടെയാണ് ഇവ മാലിദ്വീപിൽ എത്തിയത്. ഏകദേശം 700,000 യുഎസ് ഡോളറുള്ള കരാറാണിത്.