അടുത്തിടെ സംസ്ഥാനത്തെ ആദ്യ സ്കൈ ഡൈനിങ് സംവിധാനം കാസർഗോഡ് ജില്ലയിലെ ബേക്കൽ ബീച്ച് പാർക്കിൽ ആരംഭിച്ചിരുന്നു. ഇപ്പോൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച സ്കൈ ഡൈനിങ്ങിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 120 അടി ഉയരത്തിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ട് കടലിന്റെയും ബേക്കൽ കോട്ടയുടെയും സൗന്ദര്യം ആസ്വദിക്കാവുന്ന സ്കൈ ഡൈനിങ് ഭക്ഷണവും സാഹസികതയും ഒത്തുചേരുന്ന പുതിയ ടൂറിസം അനുഭവമാണെന്ന് മന്ത്രി പറഞ്ഞു.

സ്കൈ ഡൈനിങ്ങിൽ പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തിൽ ഇരുന്ന് സന്ദർശകർക്ക് കാഴ്ചകൾ കണ്ട് ഭക്ഷണം കഴിക്കാം. ഇതിനായി പ്രത്യേക ക്രെയിനും സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം 12 പേർക്ക് പ്രത്യേകം ഒരുക്കിയ കസേരയിൽ ഭക്ഷണം കഴിച്ചുകൊണ്ട് കടലിന്റെയും ബേക്കൽ കോട്ടയുടെയും സൗന്ദര്യം ആസ്വദിക്കാനാകും. പ്രാദേശിക വിനോദ സഞ്ചാരികൾക്കു പുറമേ ബോർഡ് യോഗങ്ങൾ ചേരാനുള്ള സൗകര്യമെന്ന നിലയിൽ കോർപറേറ്റ് കമ്പനികളേയും ഇവ ആകർഷിക്കുമെന്ന് അധികൃതർ പറഞ്ഞു. ജന്മ ദിനങ്ങൾ ആഘോഷിക്കാനും സ്കൈ ഡൈനിങ് സൗകര്യം അവസരമൊരുക്കുന്നു. ഒരു സീറ്റിന് 700 രൂപയാണ് ചാർജ്. നിലവിൽ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക കിഴിവുകളുമുണ്ട്.
