ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് സൗദി ഔദ്യോഗിക സന്ദർശനം നിർത്തിവെച്ച് ഇന്ത്യയിലേക്ക് മടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ട് ദിവസത്തെ സന്ദർശനം വെട്ടിച്ചുരുക്കിയാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയത്. ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുൻപ് ജിദ്ദയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്തു. ഭീകരാക്രമണത്തെ ഇരു നേതാക്കളും അപലപിച്ചതായും ആക്രമണത്തിൽ സൗദി കിരീടാവകാശി സഹായം വാഗ്ദാനം ചെയ്തതായും സൗദിയിലെ ഇന്ത്യൻ അംബാസഡർ സുഹെൽ ഇജാസ് ഖാൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പഹൽഗാമിൽ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ 27 വിനോദസഞ്ചാരികളെയാണ് ഭീകരർ വെടിവെച്ച് വീഴ്‌ത്തിയത്. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ഇസ്രായേൽ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചു. നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദിയിലേക്ക് പോയത്. ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ സന്ദർശനം വെട്ടിച്ചുരുക്കുകയായിരന്നു. സൗദി അറേബ്യയുടെ ഔദ്യോഗിക അത്താഴവിരുന്നിൽ നിന്നും പ്രധാനമന്ത്രി വിട്ടുനിന്നു.
