ലോകത്ത് ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് ഇവിടെയാണെന്ന് കവി അമിർ ഖുസ്റു പാടിയത് ഇന്ത്യയുടെ സ്വിറ്റ്സർലെന്റായ കാശ്മീരിനെക്കുറിച്ചാണ്. ആ സ്വർഗ്ഗം ആണ് ഉലഞ്ഞിരിക്കുന്നത്. അശാന്തിയുടെ ഇരുണ്ട ഭൂതകാലത്ത് നിന്ന് സമൃദ്ധിയുടെ പുതിയ പ്രതീക്ഷയിലേക്ക് വളരുന്ന കാശ്മീരിലെ ജനങ്ങളെ തോക്ക് കൊണ്ട് പരാജയപ്പെടുത്താനാകുമോ?
അതും നിരായുധരായ മനുഷ്യരെ കൊല്ലാൻ മാത്രം അറിയാവുന്ന ഭീരുക്കൾക്ക്? തുളിപ് പൂക്കൾ തളിർത്ത് നിൽക്കുന്ന, ആപ്പിൾ കുലകൾ വസന്തം ആഘോഷിക്കുന്ന, മഞ്ഞിൽ പുതപ്പ് ചൂടിയ താഴ്വാരങ്ങളുള്ള കാശ്മീരിന് തളരാനാവില്ല. കാരണം, ഭീകരതയുടെ യാതനയിൽ നിന്ന് സംരംഭത്തിലൂടെയും സാക്ഷരതയിലൂടെയും സ്വാതന്ത്ര്യം എന്തെന്ന് തിരിഞ്ഞറിഞ്ഞ കശ്മീരികളെ ഇനി ആർക്കാണ് ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവുക? കശ്മീരിനെ അസാധാരണമായ മൗനം പിടികൂടിയിരിക്കുന്നു. അത് 30-ഓളം വരുന്ന ആ നാടിന്റെ വിരുന്നുകാരെ കൊന്നുകളഞ്ഞതിലെ ദുഖം കൊണ്ട് മാത്രമല്ല, സാമ്പത്തികമായും സാമൂഹികമായ പുരോഗതികൊണ്ടും ഒരു നാട് പഴയതൊക്കെ മറന്ന് സന്തോഷകരമായ പുതിയ കാലം കണ്ടെത്തി ഒന്ന് പുഞ്ചിരിക്കാൻ പഠിച്ചു തുടങ്ങിയപ്പോൾ ഏറ്റ ആക്രമണത്തിന്റെ ഞെട്ടലുകൊണ്ട് കൂടിയാണ്.

2023-ൽ മാത്രം 2 കോടിയിലധികം വിനോദ സഞ്ചാരികളാണ് കാശ്മീരിന്റെ സൗന്ദര്യം തേടി എത്തിയത്. 2024-ൽ 2 കോടി 36 ലക്ഷം ആളുകൾ! ഈ വളർച്ച ശത്രുക്കൾക്ക് സഹിക്കുമോ? ലക്ഷ്യം കശ്മീരിലെ ജനങ്ങളുടെ സന്തോഷം ഇല്ലാതാക്കണം. എല്ലാ ഭീരുക്കളും അങ്ങനെയാണ്, മറ്റുള്ളവരെ ഭയപ്പെടുത്തി, വളരാനോ ജീവിതത്തിലെ ആഹ്ലാദം ആഘോഷിക്കാനോ അനുവദിക്കില്ല. അവർക്ക് വേണ്ടത് അടിമകളെയാണ്. കശ്മീരിലെത്തിയ ടൂറിസ്റ്റുകളേക്കാൾ പേടിത്തൊണ്ടന്മാരായ ഭീകരർ വാസ്തവത്തിൽ വെടിവെച്ചത് കശ്മീരിലെ ജനങ്ങളുടെ വികസനത്തെയാണ്, അവരുടെ സ്വയം ജീവിക്കാനുള്ള ആഗ്രഹത്തെയാണ്. പക്ഷെ അനുഭവിക്കാവുന്നത് മുഴുവൻ കഴിഞ്ഞ 50 വർഷക്കാലം അനുഭവിച്ച കശ്മീരികൾക്ക് അവർക്ക് കിട്ടിയ സ്വാതന്ത്ര്യത്തിന്റെ ശ്വാസം നഷ്ടപ്പെടുത്താനാകുമോ? കശ്മീർ ആരുടേയും അടിമകളല്ലെന്ന് ഇനി തെളിയിക്കുക തന്നെ ചെയ്യും.

കശ്മീരിലെ ഹോട്ടലുകളെല്ലാം എപ്പോഴും ഫുൾ ബുക്ക്ഡാണ്. ടൂറിസ്റ്റുകൾക്ക് താമസം ഒരുക്കി അവിടുത്തെ വീടുകൾ പുതിയ വരുമാനം കണ്ടെത്തുകയായിരുന്നു. അവിടുത്തെ എല്ലാ വലിയ ഹോട്ടലുകളും കൂടുതൽ കൂടുതൽ റൂമുകൾ കൂട്ടിച്ചേർത്ത് വലുതാക്കുന്ന തിരക്കിലായിരുന്നു ഈ മാസങ്ങളിൽ. താജ് വിവാന്ത 20 പുതിയ റൂമുകളാണ് പണിതത്. എന്തിന് നമ്മുടെ ലുലു ഗ്രൂപ്പ് ശ്രീനഗറിൽ മോളും ഹൈപ്പർമാർക്കറ്റുമായി കശ്മീരിന്റെ വളർച്ചയിൽ പങ്കാളിയായിരുന്നു. അടുത്തവർഷം തുറക്കാൻ പാകത്തിന് 250 കോടി നിക്ഷേപിച്ചിരിക്കുകയാണ് ലുലു ശ്രീനഗറിൽ. ബാരാമുള്ളയിലും ഗുൽമാർഗിലും തീവ്രവാദവും കൊലയും വെടിയൊച്ചയും ഉയർന്ന 1980-കളിൽ നിലച്ച പുഞ്ചിരികളാണ് അവിടേക്ക് കഴിഞ്ഞ കൊല്ലങ്ങളിൽ തിരികെയെത്തിയത്. ഏഷ്യയിലെ എണ്ണം പറഞ്ഞ സ്കീയിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഗുൽമാർഗ്ഗ്. യൂറോപ്പ് പോലും നാണിക്കുന്ന പ്രകൃതിയും മഞ്ഞും മനോഹാരതയുമുള്ള ഗുൽമാർഗ്. ഗുൽമാർഗിലെ ഗൊണ്ടോളയിൽ ഇന്ത്യയിലെ ഏറ്റവും പ്രീമിയമായ ഹോട്ടൽ ഗ്രൂപ്പുകളാണ്, സ്റ്റാർ ഹോട്ടലുകൾ പണി തുടങ്ങിയിരിക്കുന്നത്. 7 ഏക്കർ പ്രൈം ലാന്റിലാണ് പ്രമുഖ ഹോട്ടലുകൾ നിർമ്മാണം തുടങ്ങുന്നത്. ഗുൽമാർഗ്ഗിലെ സ്കീയിംഗ് സ്ലോപ്പുകളിൽ വിനോദ സഞ്ചാരികളുടെ പൊട്ടിച്ചിരികളും നാട്ടുകാരായ നന്മയുള്ള മനുഷ്യരുടെ ആശ്വാസ മുഖങ്ങളും ഏത് പേടിത്തൊണ്ടനാണ് ബുള്ളറ്റ് കൊണ്ട് അവസാനിപ്പിക്കാനാകുക? പ്രകൃതി അനുഗ്രഹിച്ച കാഴ്ചയുടെ സൗന്ദര്യം മാത്രമല്ല കശ്മീർ! അവിടുത്തെ കൈത്തറിയും കരകൗശലവും സംസ്ക്കാരവും ഭക്ഷണവും വസ്ത്രവും എല്ലാം തണുപ്പിനൊപ്പം കശ്മീർ അതിഥികൾക്ക് നൽകി. വമ്പൻ ഗ്രൂപ്പുകൾ മാത്രമല്ല, സാധാരണക്കാരായ നാട്ടുകാർക്ക് പല തരത്തിൽ വരുമാനം വന്നുതുടങ്ങിയ സമയത്താണ് ഈ വെടിപൊട്ടിയിരക്കുന്നത്.

കശ്മീരിലെ സൊപ്പോർ ഏഷ്യയിലെ രണ്ടാമത്തെ വലിയ ഫ്രൂട്ട് മാർക്കറ്റാണ്. ആയിരക്കണക്കിന് വ്യാപാരികളാണ് ദിവസവും പഴക്കച്ചവടത്തിലൂടെ വലിയ വരുമാനം നേടുന്നത്. തീവ്രവാദത്തെ അടിച്ചൊതുക്കിയ ശേഷമാണ് ഈ നേട്ടം സോപ്പോറിനുണ്ടാത് എന്ന് ഓർക്കണം. കഴിഞ്ഞ വർഷം 7000 കോടിയുടെ ടേൺഓവറാണ് സൊപ്പോറിലെ മണ്ടികൾ നേടിയത്. തീവ്രവാദികളുടെ ആക്രമണവും ജവാന്മാരുടെ വീരമൃത്യുവും കൊണ്ട് മാത്രം മുമ്പ് വാർത്തകളുടെ തലക്കെട്ടിൽ കണ്ടിരുന്ന കുപ് വാര, ബന്ദിപ്പോര, ബാരമുള്ള എന്നിവിടങ്ങളാണ് പഴവും പൂക്കളും കച്ചവടം ചെയ്ത് കോടികളുടെ വരുമാനവും അവിടുത്തെ നാട്ടുകാർ സമാധാനത്തിന്റെ വിളവെടുപ്പും നടത്തിയതെന്ന് ഓർക്കണം. ഭീകരന്മാരെ ആട്ടിയോടിച്ച് ഇന്ത്യ ഇവിടങ്ങളിൽ സംരംഭകത്വവും സ്വാശ്രയത്വവും കശ്മീരികൾക്ക് നൽകിയിട്ട് 5-6 വർഷങ്ങളേ ആകുന്നുള്ളൂവെന്ന് ഓർക്കണം.

ചെറിയ കാലം കൊണ്ട് ജമ്മുകശ്മീർ റിക്കവറു ചെയ്യുകയായിരുന്നില്ല, ആ നാട് റീ ബ്രാൻഡ് ചെയ്യുകയായിരുന്നു. പാകിസ്ഥാൻ എന്ന നാണം കെട്ട രാജ്യത്തിന്റെ പാവകളായി 40 വർഷക്കാലത്തോളം, ഒറ്റുകാരേയും ഭീകരന്മാരേയും സൃഷ്ടിക്കുന്ന വെറുപ്പിന്റെ നാട് എന്നതിൽ നിന്ന് ലോകത്തെ ഏറ്റവും സുന്ദരവും തിന്മയെ ജയിച്ച മനുഷ്യരുടെ നാടാണെന്നുമുള്ള ഖ്യാതിയുടെ റീ-ബ്രാൻഡിംഗ് ആയിരുന്നു അത്. ഏഷ്യയിലെ പ്രീമിയം ടൂറിസം-ഇൻവെസ്റ്റ്മെന്റ് ഹബ്- ആ ടാഗ് ലൈനിലേക്ക് അടുക്കുകയായിരുന്നു കശ്മീർ. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, ലക്വറി ഗോൾഫ് വെക്കേഷൻ, അതുപോലെ ട്രെന്റിംഗാകുന്ന മൈസ് ടൂറിസം-അതായത്- മീറ്റിംഗ്, ഇൻസെന്റീവ്സ്, കോൺഫ്രറൻസ് ആന്റ് എക്സിബിഷൻ സെന്റർ എന്ന ആരും കൊതിക്കുന്ന ഖ്യാതിയിലേക്ക്.

ഓർക്കുക, കേരളവും മറ്റ് സംസ്ഥാനങ്ങളും വൻ തുക ചിലവിട്ട് ടൂറിസ്റ്റുകളെ ആകർഷിക്കാൻ ശ്രമിക്കുന്ന സമയത്താണ്, പേര് കൊണ്ട് സ്വയം ഡെസ്റ്റിനേഷനായി കശ്മീർ പെട്ടെന്ന് ഇടം പിടിച്ചതും വളർന്നതും. 6400 കോടിയും വികസന പ്രവർത്തനങ്ങളാണ് കശ്മീരിൽ വേഗത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. കശ്മീരിലെ സാധാരണക്കാരന്റെ ജീവിക്കാനുള്ള സ്വപ്നങ്ങളിലാണ് ഭീരുവിന്റെ വെടിയുണ്ട തളച്ചത്. ആക്രമണത്തിന് ശേഷം രോഷത്തോടെ കശ്മീരി യുവാവ്, ഗുൽസാർ അഹമ്മദ് വാനി പറഞ്ഞത്, ടൂറിസ്റ്റുകളെയല്ല, ഞങ്ങളുടെ വരുമാനത്തെയും കുടുംബത്തേയും സ്വപ്നങ്ങളേയുമാണ് അവർ തകർക്കാൻ ശ്രമിച്ചത് എന്നാണ്. പഹൽഗാം ടാക്സി അസോസിയേഷൻ പ്രസിഡന്റാണ് അഹമ്മദ് വാനി.
ഒരു ജോലിയില്ലാതെ വരുമാനമില്ലാതെ നടന്ന ആയിരക്കണക്കിന് യുവാക്കൾ സ്വയം തൊഴിൽ കണ്ടെത്തിയത് കശ്മീരിലെ നിശ്ശബ്ദ വിപ്ലവമായിരുന്നു. അതിൽ പഴക്കച്ചവടക്കാരും വസ്ത്രക്കച്ചവടക്കാരും ഹോട്ടൽ ജീവനക്കാരും ടാക്സി ഡ്രൈവർമാരും ഉണ്ടായിരുന്നു. പഹൽഗാമിലേത് കേവലം ഒരു ദുരന്തമല്ല, ഇത് ഒരു ടെസ്റ്റ് ഡോസാണ്..കശ്മീരികളുടെ വിശ്വാസത്തേയും സഹനത്തേയും സംയമനത്തേയും പരീക്ഷിക്കാനും അവരെ ഒറ്റപ്പെടുത്താനുമുള്ള ടെസ്റ്റ് ഡോസ്. ഒരു നാടിന്റെ ആത്മാഭിമാനവും ഇശ്ചാശക്തിയും തർക്കാനുള്ള ശ്രമത്തിന്റെ പരീക്ഷണ പൊട്ടിക്കൽ.

തോൽക്കാൻ മനസ്സില്ലാത്ത ജനം ഒന്നുകിൽ പൊട്ടിക്കാൻ വരുന്നവരെ ഒതുക്കാൻ സർക്കാരിനൊപ്പം നിൽക്കും, അല്ലെങ്കിൽ വീണ്ടും ഭീരുവിന്റെ അടിമയായി ജീവിക്കും. ഇത് ഇന്ത്യയായത് കൊണ്ട്, അടിമയായി ജീവിക്കാൻ കശ്മീരികളെ ഈ നാട് വിട്ടുകൊടുക്കില്ല. അഭിമാനത്തോടെ അന്തസ്സോടെ മനസ്സമാധാനത്തോട, ടൂറിസമുൾപ്പെടയുള്ള സംരംഭവും മറ്റ് വരുമാനവും കൊണ്ട് വളർച്ചയുടേയും പ്രത്യാശയുടേയും താഴ്വരയായി കശ്മീർ മാറുക തന്നെ ചെയ്യും. കാരണം നമ്മളിതെല്ലാം കഴിഞ്ഞ് വന്നവരല്ലേ, സിംഹത്തെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ, ഇന്ത്യ മുഴുവൻ കശ്മീരിന് ഒപ്പമാണ്!
Kashmir, once silenced by conflict, is now rising with tourism, enterprise, and hope. Despite recent attacks, its people stand resilient, reclaiming prosperity and peace.