ക്രൈസ്തവ വിശ്വാസികളെ മാത്രമല്ല, ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികളെ വേദനിപ്പിച്ച വാർത്തയായിരുന്നു ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം. പാവങ്ങളുടെ പുണ്യവാളൻ എന്നറിയപ്പെടുന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പേരാണ് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വേളയിൽ അദ്ദേഹം തിരഞ്ഞടുത്തത്. സമ്പത്തിന്റെ മടിത്തട്ടിൽ അഭിരമിച്ചിട്ടും അതെല്ലാം ഉപേക്ഷിച്ച ഫ്രാൻസിസ് പുണ്യവാളന്റെ അതേ ജീവിതരീതി തന്നെ ഫ്രാൻസിസ് മാർപാപ്പയും പിന്തുടർന്നു.

പണത്തിനും സമ്പത്തിനും സുഖലോലുപതകൾക്കും ഫ്രാൻസിസ് മാർപാപ്പയെ ഒരിക്കലും സ്വാധീനിക്കാനായില്ല. ലോകരാജ്യങ്ങളിലെങ്ങും സ്വത്തുള്ള കത്തോലിക്കാ സഭയുടെ തലവനെന്ന നിലയിൽ ശതകോടികളുടെ ആസ്തി കൈകാര്യം ചെയ്തിരുന്നത് പോപ്പിന്റെ കീഴിലായിരുന്നു. സഭയെ ആത്മീയമായി മുന്നോട്ടു നയിക്കുന്നതിൽ ശ്രദ്ധിച്ചിരുന്ന ഫ്രാൻസിസ് പാപ്പ സാമ്പത്തിക കാര്യങ്ങൾക്ക് വ്യക്തിജീവിതത്തിൽ യാതൊരു പ്രാധാന്യവും നൽകിയിരുന്നില്ല.
2013ലാണ് അദ്ദേഹം ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തത്. പ്രതിമാസം 32000 ഡോളർ (ഏകദേശം 27 ലക്ഷം രൂപ) ആയിരുന്നു മാർപാപ്പയ്ക്ക് സഭ അനുവദിച്ചിരുന്നത്. എന്നാൽ ഈ തുക വേണ്ടെന്ന നിലപാടെടുത്ത അദ്ദേഹം തനിക്ക് ലഭിക്കുമായിരുന്ന തുക പാവപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന ട്രസ്റ്റിന് കൈമാറി. മാർപാപ്പയാകുന്നതിനു മുൻപും ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നുള്ള യാതൊരു പ്രതിഫലവും അദ്ദേഹം കൈപ്പറ്റിയിരുന്നില്ല.
സമ്പത്തിനോടും ആഢംബരങ്ങളോടും ദൂരം പാലിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ രീതികൾ അവിടെ തീരുന്നില്ല. 2017ൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് രണ്ടുലക്ഷം ഡോളർ (ഏകദേശം 1.7 കോടി രൂപ) വിലവരുന്ന ലംബോർഗിനി സ്പെഷ്യൽ എഡിഷൻ ഹരിക്കെയ്ൻ കമ്പനി സമ്മാനമായി നൽകി. എന്നാൽ ആ ആഢംബര കാറിൽ യാത്ര ചെയ്യാൻ പോലും അദ്ദേഹം താല്പര്യം കാട്ടിയില്ല. പിന്നീട് കാർ ലേലത്തിൽ വെച്ച് അതിൽ നിന്ന് ലഭിച്ച തുക ദരിദ്രർക്കായി നൽകുകയായിരുന്നു.
പണമല്ല, സ്നേഹമാണ് ഏറ്റവും വലിയ ആസ്തിയെന്ന് ജീവിതം കൊണ്ടു തെളിയിച്ച മഹത് വ്യക്തിത്വമാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തോടെ കടന്നുപോയത്. സ്നേഹരാഹിത്യവും യുദ്ധവും കൊടുമ്പിരികൊള്ളുന്ന കാലത്ത് അദ്ദേഹത്തിന്റെ ജീവിതം ആസ്തികൾക്ക് അപ്പുറം സ്നേഹത്തിന്റെ പാഠപുസ്തകമായി നിലകൊള്ളും.
