സൗദി അറേബ്യയിലേയും യുഎഇയിലേയുമെല്ലാം രാജകുടുംബങ്ങളുടേയും രാജകുമാരൻമാരുടേയും ആഢംബര ജീവിതത്തെ സംബന്ധിച്ച കഥകളാണ് സാധാരണയായി വാർത്തകളിൽ നിറയാറുള്ളത്. എന്നാൽ ഏകദേശം 20 വർഷത്തോളമായി കോമയിൽ കഴിയുന്ന ഒരു രാജകുമാരൻ സൗദി അറേബ്യയിലുണ്ട്. ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെടുന്ന അൽ വലീദ് ബിൽ ഖാലിദ് ബിൻ തലാലാണ് 20 വർഷത്തോളമായി കോമയിൽ തുടരുന്ന രാജകുടുംബാംഗം.
സൗദി രാജകുടുംബാംഗവും രാജകുമാരനുമായ ഖാലിദ് ബിൻ തലാൽ അൽ സൗദിന്റെ മകനാണ് അൽ വലീദ് ബിൽ ഖാലിദ് ബിൻ തലാൽ. 2005ൽ സൈനിക കോളജിൽ പഠിക്കുന്ന കാലത്താണ് അൽ വലീദ് രാജകുമാരന് കാർ അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് കോമയിലായ അദ്ദേഹത്തെ റിയാദ് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലാണ് പരിചരിക്കുന്നത്. വർഷങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രാജകുമാരന്റെ ജീവൻ നിലനിർത്തുന്നത്. 2019ൽ അദ്ദേഹം കൈവിരലുകൾ അനക്കി. ഇത് അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രതീക്ഷയുടെ നേരിയ കിരണങ്ങൾ നൽകിയെങ്കിലും പിന്നീട് ആരോഗ്യത്തിൽ പുരോഗതി ഉണ്ടായില്ല.

ജീവിതത്തിലേക്ക് തിരിച്ച് വരാൻ പറ്റാത്ത വിധം പരിക്കേറ്റുവെന്ന് ബോധ്യമായ വേളയിൽ രാജകുമാരനെ വെന്റിലേറ്ററിൽ നിന്ന് നീക്കാൻ ഡോക്ടർമാർ ആലോചിച്ചിരുന്നു. എന്നാൽ അപകടത്തിൽ മരിക്കണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നെങ്കിൽ അത് അന്ന് തന്നെ സംഭവിച്ചേനെ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പിതാവ് ഇത് തടയുകയായിരുന്നു. വൈദ്യലോകം പ്രതീക്ഷ കൈവിടുമ്പോഴും രാജകുമാരൻ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് രാജകുടുംബം. എല്ലാ ആഢംബരങ്ങൾക്കിടയിലും രാജകുടുംബത്തിനു തന്നെ നോവായി തുടരുകയാണ് ഈ ഉറങ്ങുന്ന രാജകുമാരൻ