അമൃത് 1.0, അമൃത് 2.0 പദ്ധതികൾക്ക് കീഴിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ നഗരവികസന പദ്ധതികൾക്ക് അനുമതിയായി. ചീഫ് സെക്രട്ടറി എ. ജയതിലക് അധ്യക്ഷനായ അമൃത് സ്റ്റേറ്റ് ഹൈ പവേർഡ് സ്റ്റിയറിങ് കമ്മിറ്റിയുടെ 38ആമത് യോഗത്തിലാണ് തീരുമാനം.

കൊച്ചി കോർപറേഷനു കീഴിലുള്ള 58 പ്രവൃത്തികൾക്കായി ജിഎസ്ടി പേയ്‌മെന്റിനായി 10.68 കോടി രൂപ, പേരണ്ടൂർ കനാൽ പുനരുജ്ജീവന പദ്ധതിക്ക് അധിക ധനസഹായമായി 2.55 കോടി രൂപ, ഒമ്പത് അമൃത് നഗരങ്ങളിലെ ജിഐഎസ് അധിഷ്ഠിത യൂട്ടിലിറ്റി മാപ്പിംഗിനായി 10.93 കോടി രൂപ എന്നിങ്ങനെ യോഗം അനുവദിച്ചു. ഇതിനു പുറമേ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി 1.2 കോടി രൂപയും വൈക്കം മുനിസിപ്പാലിറ്റിയിൽ 7 ലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ ഓവർഹെഡ് ടാങ്ക് നിർമിക്കുന്നതിനും വൈദ്യുതി സംവിധാനം നവീകരിക്കുന്നതിനുമായി 5.61 കോടി രൂപയും അനുവദിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ നാല് മലിനജല സംസ്കരണ പദ്ധതികൾക്ക് 12.92 കോടി രൂപ അധികമായി അനുവദിച്ചുകൊണ്ട് ഭരണാനുമതി പുതുക്കി. കൊല്ലം കോർപറേഷനിൽ 100 എംഎൽഡി ജലശുദ്ധീകരണ പ്ലാന്റുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങൾക്കും കമ്മിറ്റി അംഗീകാരം നൽകി. തൃശൂരിൽ, ജലവിതരണത്തിനായി 800 എംഎം DI K9 പൈപ്പ് സ്ഥാപിക്കുന്നതിന് 9.99% ടെണ്ടർ എക്‌സ്‌സസായി 6 കോടി രൂപ അനുവദിച്ചു. കണ്ണൂർ കോർപറേഷനിൽ, ചെലോറ സെപ്റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ അധിക ജോലികൾക്കായി 70.1 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിയുടെ ഭരണാനുമതി 4.898 കോടി രൂപയായി പരിഷ്കരിച്ചിട്ടുമുണ്ട്.
2386.78 കോടി രൂപ ചിലവിൽ മലിനജല സംവിധാനം, ജലവിതരണം, പാർക്കുകൾ, ജലാശയ പുനരുജ്ജീവനം എന്നിവ ഉൾപ്പെടുന്ന 1108 പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇതിൽ 2,212.22 കോടി രൂപ (92.68%) ഇതിനകം ചിലവഴിച്ചതായി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
യോഗത്തിൽ അമൃത് 1.0, അമൃത് 2.0 പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. നിലവിലുള്ള നിരവധി പദ്ധതികളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനമായി. 2025 ഡിസംബർ 31 വരെ മാത്രമേ അമൃത് 1.0 പദ്ധതികൾക്ക് കേന്ദ്ര അനുമതി ഉണ്ടാകൂ എന്നും അതിനുശേഷം എല്ലാ സാമ്പത്തിക ബാധ്യതകളും സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. അമൃത് 2.0 പ്രകാരമുള്ള തീർപ്പാക്കാത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നത് വേഗത്തിലാക്കാനും യോഗം നിർദേശം നൽകി.
The AMRUT Panel in Thiruvananthapuram has approved multiple urban development projects under AMRUT 1.0 and 2.0 across Kerala. Key allocations include ₹10.68 crore for Kochi GST payments, ₹12.92 crore for Thiruvananthapuram sewage projects, and ₹2,386 crore worth of infrastructure works statewide.