സംസ്ഥാനത്തെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഏപ്രിൽ 30ന് വിരമിക്കാൻ ഇരിക്കെയാണ് 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലകിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനം. ഉദ്യോഗസ്ഥവൃന്ദത്തിനുള്ളിൽ പ്രക്ഷുബ്ധത നിലനിൽക്കവെയാണ് അദ്ദേഹത്തിന്റെ നിയമനമെന്നതും ശ്രദ്ധേയമാണ്. സസ്പെൻഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ ജയതിലകിനെതിരെയും പരാമർശമുണ്ട്.
എസ്സി/എസ്ടി വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായിരിക്കെ പ്രശാന്ത് ഹാജർ രേഖകൾ വ്യാജമായി നിർമ്മിച്ചുവെന്നും ചുമതലകൾ അവഗണിച്ചുവെന്നുമുള്ള ആരോപണത്തിന്റെ പേരിലാണ് വിവാദം ആരംഭിച്ചത്. തുടർന്ന് തന്റെ നിർദ്ദേശങ്ങൾ പാലിക്കാത്ത കീഴുദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് ജയതിലകിന്റെ പ്രവർത്തനം എന്ന് പ്രശാന്ത് പരസ്യ പ്രതികരണവുമായെത്തി. സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രതികരണത്തിൽ ജയതിലകിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ഉന്നയിച്ച പ്രശാന്ത് പിന്നീട് അവ നീക്കം ചെയ്തു. ആഭ്യന്തര അന്വേഷണത്തിനിടെ ജയതിലക് പ്രശാന്തിന്റെ പേര് വെളിപ്പെടുത്തിയതോടെയും പരസ്യപ്രതികരണത്തിന്റെയും പേരിൽ പ്രശാന്തിനെ സസ്പെൻഡ് ചെയ്തതോടെ വിവാദം കൂടുതൽ രൂക്ഷമായി.

നിലവിൽ ധനകാര്യ വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് ജയതിലക്. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം അടുത്ത വർഷം വിരമിക്കുന്നതുവരെ ഉന്നത പദവിയിൽ സേവനമനുഷ്ഠിക്കും. മാനന്തവാടി സബ് കളക്ടറായി സിവിൽ സർവീസ് ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കൊല്ലം, കോഴിക്കോട് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചു. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെ നിരവധി പ്രധാന സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
A Jayathilak, a 1991 batch IAS officer, has been appointed as the new Chief Secretary of Kerala amid a bureaucratic row involving suspended officer N. Prashanth.