ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് റിലയൻസ് ഗ്രൂപ്പിന്റെ അംബാനി കുടുംബം. സമ്പത്തിന്റെ കാര്യത്തിൽ മുകേഷ് അംബാനിയും കുടുംബവും മുൻപന്തിയിൽ ആണെങ്കിലും കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് അധികമാർക്കും അറിയില്ല. അംബാനി കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ ചുറ്റുപാടുകളെ കുറിച്ച് നോക്കാം.

ആഗോള ബിസിനസ് രംഗത്തേക്ക് റിലയൻസ് ഗ്രൂപ്പിനെ വളർത്തുന്നതിൽ ഗ്രൂപ്പിന്റെ നിലവിലെ ചെയർമാനായ മുകേഷ് അംബാനി വലിയ പങ്കുവഹിച്ചു. ബോംബെ സർവകലാശാലയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം തുടർന്ന് യുഎസ്സിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും എംബിഎ നേടി. കെമിക്കൽ എഞ്ചിനീയറിങ് പഠനവും യുഎസ്സിലെ മാനേജ്മെന്റ് പഠനവും മുകേഷ് അംബാനിക്ക് സംരംഭക രംഗത്ത് മുതൽക്കൂട്ടായി. റിലയൻസിന്റെ ജീവകാരുണ്യ-വിദ്യാഭ്യാസ-കായിക രംഗങ്ങളിൽ മുൻനിരയിലുള്ള വ്യക്തിയാണ് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി. മുംബൈ നർസി മോൻജി കോളേജ് ഓഫ് കൊമേമേഴ്സ് ആൻഡ് ഇക്കണോമിക്സിൽ നിന്നാണ് അവർ ബിരുദം നേടിയത്.
ആകാശ്, ഇഷ, ആനന്ദ് എന്നീ മൂന്ന് മക്കളാണ് മുകേഷ്-നിത ദമ്പതിമാർക്ക്. മൂവരും മുംബൈ ധീരുബായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മൂത്ത മകനായ ആകാശ് അംബാനി യുഎസ്സിലെ ബ്രൗൺ സർവകലാശാലയിൽ നിന്നും ഇക്കണോമിക്സ് ബിരുദം പൂർത്തിയാക്കി. ആകാശിന്റെ ഇരട്ട സഹോദരിയായ ഇഷ യേൽ സർവകലാശാലയിൽ നിന്ന് സൈക്കോളജി, സൗത്ത് എഷ്യൻ സ്റ്റഡീസ് എന്നിവയിലാണ് ബിരുദം നേടിയത്. മുകേഷിന്റെ ഇളയ മകൻ ആനന്ദ് അംബാനിയും ബ്രൗൺ സർവകലാശാലയിലാണ് പഠിച്ചത്.
മക്കൾക്കു പുറമേ ദമ്പതികളുടെ മൂന്ന് മരുമക്കളും യുഎസ്സിൽ പഠിച്ചവരാണ്.
മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനി മുംബൈ കെസി കോളേജിൽ നിന്നും സയൻസ് ബിരുദം നേടി യുഎസ്സിലെ പെൻസിൽവാനിയ സർവകലാശാലയിൽ നിന്നും എംബിഎ പൂർത്തിയാക്കി.