പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗത്തിൽ എടുത്ത അഞ്ച് പ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇത്.
എന്താണ് സിന്ധു നദീജല കരാർ?
1960 സെപ്റ്റംബർ 19ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവെച്ച സിന്ധു നദീജല ഉടമ്പടി അതിർത്തി കടന്നുള്ള ജല പങ്കിടലിന്റെ പ്രധാന ഉദാഹരണമാണ്. ഒമ്പത് വർഷത്തെ ചർച്ചകൾക്ക് ശേഷം ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിലായിരുന്നു കരാർ ഒപ്പുവെച്ചത്.
പ്രവർത്തനം കരാർ പ്രകാരം, കിഴക്കൻ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയിൽ ഇന്ത്യയ്ക്ക് നിയന്ത്രണമുണ്ട്. അതേസമയം പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിൽ നിന്നാണ് പാകിസ്ഥാന് വെള്ളം ലഭിക്കുന്നത്. പാകിസ്ഥാനിലെ , പ്രത്യേകിച്ച് പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷിക്ക് അത്യന്താപേക്ഷിതമാണ് ത്. ഈ നദികളിൽ നിന്നുള്ള മൊത്തം ജലപ്രവാഹത്തിന്റെ 80% ലഭിക്കുന്നതിനാൽ ഉടമ്പടി പാകിസ്ഥാന് ഏറെ ഗുണം ചെയ്യുന്നു. ജലസേചനം, വൈദ്യുതി ഉൽപാദനം തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്കായി നദികളുടെ പരിമിതമായ ഉപയോഗം ഇരു രാജ്യങ്ങൾക്കും അനുവദനീയമാണ്.
എന്തുകൊണ്ടാണ് ഉടമ്പടി ആവശ്യമായി വന്നത്?
1947ൽ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ, ടിബറ്റിൽ നിന്ന് ആരംഭിച്ച് ഇന്ത്യയിലൂടെയും പാകിസ്ഥാനിലൂടെയും ഒഴുകുന്ന, അഫ്ഗാനിസ്ഥാന്റെയും ചൈനയുടെയും ചില ഭാഗങ്ങളെ സ്പർശിക്കുന്ന സിന്ധു നദീജല സംവിധാനം സംഘർഷത്തിന് കാരണമായി. 1948ൽ, പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചു. ഇത് പാകിസ്ഥാനെ ഐക്യരാഷ്ട്രസഭയിൽ ഈ വിഷയം ഉന്നയിക്കാൻ പ്രേരിപ്പിച്ചു. ഒരു നിഷ്പക്ഷ മൂന്നാം കക്ഷിയെ ഉൾപ്പെടുത്താൻ യുഎൻ ശുപാർശ ചെയ്തു. ഇതോടെയാണ് ലോകബാങക്് ഇടപെട്ട് മധ്യസ്ഥത വഹിച്ചത്. വർഷങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം, സുപ്രധാനമായ നദീജല സംവിധാനം സമാധാനപരമായി കൈകാര്യം ചെയ്യുന്നതിനും പങ്കിടുന്നതിനുമായി 1960ൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും സിന്ധു ജല ഉടമ്പടിയിൽ ഒപ്പുവച്ചു.
കരാർ നിർത്തിവെയ്ക്കുന്നത് പാകിസ്ഥാനെ എങ്ങനെ ബാധിക്കും?
പാകിസ്ഥാന്റെ ജല ആവശ്യങ്ങൾക്കും കാർഷിക മേഖലയ്ക്കും അത്യാവശ്യമായ സിന്ധു നദിയിൽ നിന്നും അതിന്റെ പോഷകനദികളിൽ നിന്നുമുള്ള ജലത്തിന്റെ ഉപയോഗവും വിഹിതവും ഈ കരാർ നിയന്ത്രിക്കുന്നു. അതിനാൽ കരാർ താൽക്കാലികമായി നിർത്തിവെയ്ക്കുന്നത് പാകിസ്ഥാനെ സാരമായി ബാധിക്കും. സിന്ധു നദി ശൃംഖല, ദശലക്ഷക്കണക്കിന് ജനങ്ങളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ പ്രധാന ജലസ്രോതസ്സായി വർത്തിക്കുന്നു. കരാർ നിർത്തുന്നത് പാകിസ്ഥാന്റെ ഏതെല്ലാം മേഖലകളെ ബാധിക്കുന്നു എന്ന് നോക്കാം:
— പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം, സിന്ധു നദീതട കരാർ നിലനിൽപ്പിന് അനിവാര്യമാണ്.
— പാകിസ്ഥാനിലെ കൃഷിഭൂമിയുടെ 80% – ഏകദേശം 16 ദശലക്ഷം ഹെക്ടർ – സിന്ധു നദീതട സംവിധാനത്തിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
— ഈ വെള്ളത്തിന്റെ 93% വും ജലസേചനത്തിനാണ് ഉപയോഗിക്കുന്നത് എന്നതുകൊണ്ടുതന്നെ രാജ്യത്തിന്റെ കാർഷിക വ്യവസ്ഥയ്ക്ക് ഊർജം പകരുന്ന കരാറാണിത്.
— ഈ സംവിധാനം 237 ദശലക്ഷത്തിലധികം ആളുകളെ നേരിട്ട് പിന്തുണയ്ക്കുന്നു.
— പ്രധാന നഗര കേന്ദ്രങ്ങളായ കറാച്ചി, ലാഹോർ, മുൾട്ടാൻ എന്നിവ ഈ നദികളിൽ നിന്നാണ് നേരിട്ട് വെള്ളം എടുക്കുന്നത്.
— തർബേല, മംഗ്ല തുടങ്ങിയ ജലവൈദ്യുത നിലയങ്ങളും തടസ്സമില്ലാത്ത പ്രവാഹത്തെ ആശ്രയിച്ചിരിക്കുന്നു.
പാകിസ്ഥാന്റെ ജിഡിപിയുടെ ഏകദേശം 25% സംഭാവന ചെയ്യുന്ന ഈ സംവിധാനം ഗോതമ്പ്, അരി, കരിമ്പ്, പരുത്തി തുടങ്ങിയ വിളകളെ പിന്തുണയ്ക്കുന്നു. ലോകത്തിലെ ഏറ്റവും ജലക്ഷാമം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. കൂടാതെ ആളോഹരി ലഭ്യത അതിവേഗം കുറഞ്ഞുവരികയാണ്. ഇന്ത്യ സിന്ധു, ഝലം, ചെനാബ് എന്നിവിടങ്ങളിൽ നിന്നുള്ള ഒഴുക്ക് നിർത്തുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്താൽ രാജ്യത്തിനുള്ള ആഘാതം ഗുരുതരമായിരിക്കും. ഭക്ഷ്യോൽപ്പാദനം തകരുന്നതോടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകും. നഗരങ്ങലിലെ ജലവിതരണ സംവിധാനങ്ങൾ വറ്റുകയും അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യും.വൈദ്യുതി ഉത്പാദനം സ്തംഭിക്കുന്നതോടെ വ്യവസായങ്ങളെയും വീടുകളെയും ഇത് ബാധിക്കാം. ഗ്രാമീണ മേഖലകളിൽ തൊഴിലില്ലായ്മ, കുടിയേറ്റം എന്നിവ വർദ്ധിക്കും.
India suspends the 64-year-old Indus Waters Treaty, putting Pakistan’s agriculture, urban water supply, and power generation at serious risk