ലോക വാണിജ്യ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് ട്രാൻസ് ഷിപ്മെന്റ് പോർട്ട് ആയ വിഴിഞ്ഞത്തിന്റെ മറ്റ് സവിശേഷതകൾ പരിശോധിക്കാം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും വിവിധോദ്ദേശ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റിനും ബൾക്ക് കാർഗോ ബ്രേക്കിംഗിനുമായാണ് രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ളത്. 18,000 കോടി രൂപയിലധികം നിക്ഷേപത്തിൽ നിർമിച്ച തുറമുഖം ഇന്ത്യയിൽ ഒരു സംസ്ഥാന ഗവൺമെന്റ് മുൻകയ്യെടുത്ത് ആരംഭിച്ച ആദ്യ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതിയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും വ്യാപാരം വർദ്ധിപ്പിക്കുന്നതിലൂടെയും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെയും കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകാൻ തുറമുഖത്തിന് കഴിയും.
യൂറോപ്പ്, പേർഷ്യൻ ഗൾഫ്, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന തിരക്കേറിയ അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെയാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഈ തന്ത്രപ്രധാനമായ സ്ഥാനം ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ് എന്ന നിലയിൽ വിജയം നേടുന്നതിന് സഹായകരമാണ്. 2015ൽ കേരള സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും (AVPPL) കൺസഷൻ കരാറിൽ ഒപ്പുവെച്ചതിനെത്തുടർന്ന് പദ്ധതി അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന് (APSEZ) അനുവദിക്കുകയായിരുന്നു.
വിഴിഞ്ഞത്തിന്റെ കപ്പൽ ചാനലിന്റെ ആഴമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ മറ്റു തുറമുഖങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത്. 18 മീറ്ററിൽ കൂടുതൽ സ്വാഭാവിക ആഴമുള്ള ഈ ചാനൽ പ്രകൃതിയാൽ നിർമ്മിക്കപ്പെട്ട വലിയൊരു പ്രതിഭാസമാണ്. ലോകത്തുള്ള വമ്പൻ തുറമുഖങ്ങൾ പോലും വർഷാവർഷം കപ്പൽ ചാനലിന്റെ ആഴം നിലനിർത്താൻ ചിലവഴിക്കുന്ന തുക വളരെ വലുതാണ്. ഏറ്റവും വലിയ കപ്പലുകൾക്ക് പോലും അനായാസം വന്നു ബെർത്ത് ചെയ്യാനും കപ്പൽ ചാനലിന്റെ ഉള്ളിൽ നിന്നു തന്നെ 360 ഡിഗ്രി നിഷ്പ്രയാസം കറങ്ങി വരാനും കഴിയുന്ന ലോകത്തുള്ള വമ്പൻ പോർട്ടുകളോട് കിടപിടിക്കുന്ന ഒന്നാണ് വിഴിഞ്ഞം.
ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. ഇതുവരെ 263 കപ്പലുകൾ എത്തിച്ചേർന്നു. ഇത്രയും സമയത്തിനുള്ളിൽ 5.36 ലക്ഷം ടിഇയു കൈകാര്യം ചെയ്തു ലോകത്തെ തന്നെ വിസ്മയിപ്പിച്ചു മുന്നേറുകയാണ് വിഴിഞ്ഞം. 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ ചരക്കു നീക്കങ്ങളിൽ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത്. പ്രതിമാസം 1 ലക്ഷം ടിഇയു കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി.
ഇന്ത്യയിൽ ഇതുവരെ എത്തിയ കപ്പലുകളിൽ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന MSC Turkiye ഉൾപ്പെടെ വിഴിഞ്ഞത്ത് സുഗമമായി ബെർത്ത് ചെയ്തു. എംഎസ്സിയുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സർവീസ് ആയ ജേഡ് സർവീസും വിഴിഞ്ഞത്തു നിന്ന് ആരംഭിച്ചു. തുറമുഖം രാഷ്ട്രത്തിന് സമർപ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയിൽ മുൻനിരയിലേക്ക് എത്തിച്ചേരുകയാണ് കേരളം.
മുൻപ് ഉണ്ടായിരുന്ന കരാർ അനുസരിച്ച് ലഭിക്കുന്നതിനെക്കാൾ കൂടുതൽ വരുമാനം സർക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ധാരണയിൽ എത്തിയിരിക്കുന്നത്. അതനുസരിച്ച് 2034 മുതൽ തന്നെ തുറമുഖത്തിൽ നിന്നും വരുമാനത്തിന്റെ വിഹിതം സർക്കാരിന് ലഭിക്കും. തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിർമ്മാണം 2028ൽ പൂർത്തീകരിക്കുകയും ചെയ്യും. 4 ഘട്ടങ്ങളും കൂടി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭ വിഹിതമായിരിക്കും അദാനി വിഴിഞ്ഞം പോർട്ട് സർക്കാരിന് 2034 മുതൽ നൽകുക. ഇക്കാര്യത്തിലും ധാരണയിൽ എത്തിയിട്ടുണ്ട്.
2028നകം അടുത്ത ഘട്ടം പൂർത്തീകരിക്കുമ്പോൾ തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടിഇയു ആയിരിക്കും. ഇതിനായി 10000 കോടി രൂപയുടെ ചിലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂർണ്ണമായും അദാനി പോർട്സ് ആയിരിക്കും വഹിക്കുക. റോഡ്, റെയിൽ കണക്റ്റിവിറ്റി പ്രാവർത്തികമാക്കി ചരക്ക് ഗതാഗതം സുഗമമാകുമ്പോൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന് മുൻപിൽ വലിയ വികസന സാധ്യതകൾ തുറന്നിടും. രാജ്യത്തിന്റെ ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിന് സാധിക്കും. തുറമുഖം പൂർണ്ണ ശേഷി കൈവരിക്കുന്നതോടു കൂടി കേരളത്തിൽ വലിയ തോതിലുള്ള വാണിജ്യ-വ്യാവസായിക വളർച്ചയുണ്ടാകും.
തിരുവനന്തപുരം ജില്ലയിൽ ഔട്ടർ ഏര്യ ഗ്രോത്ത് കോറിഡോർ, ഔട്ടർ റിംഗ് റോഡ്, വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാത്രികോണം മുതലായവ എത്രയും പെട്ടെനന്ന് യാഥാർത്ഥ്യമാക്കി തുറമുഖ നിർമ്മാണത്തിലൂടെയുള്ള നേട്ടങ്ങൾ പരമാവധി ഈ മേഖലയിൽ പ്രയോജനപ്പെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയാണ് NHAI യുമായി ചേർന്ന് ഔട്ടർ റിംഗ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ റോഡുകൾക്കിരുവശങ്ങളിലുമായി 2.5 കിലോമീറ്റർ പ്രദേശം വിവിധ വ്യവസായവും വാണിജ്യശാലകളും സ്ഥാപിക്കും. ഇതോടൊപ്പം എറണാകുളം മുതൽ തെക്കോട്ടുള്ള ഇതര ജില്ലകളിലും നിരവധി ലോജിസ്റ്റിക് പാർക്കുകളും വ്യവസായശാലകളും വരും. കേന്ദ്രീകൃത തുറമുഖമായി വിഴിഞ്ഞത്തെ കണ്ടുകൊണ്ട് ഇതര തുറമുഖങ്ങളിൽ നിന്നും വിഴിഞ്ഞത്തേക്ക് ചരക്കു നീക്കം നടത്തുന്നതിനായുള്ള നടപടികളും പുരോഗമിക്കുകയാണ്.
India’s first semi-automated transshipment port, Vizhinjam in Kerala, is set to be inaugurated by PM Modi on May 2, marking a major step in global trade connectivity and regional economic growth.