സാധാരണ ഗതിയിൽ സൗന്ദര്യം എന്നത് യുവത്വവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് എന്നാണ് വെയ്പ്പ്. എന്നാൽ ഈ ധാരണകളെ തിരുത്തുകയാണ് യുഎസ്സിലെ സെലിബ്രിറ്റി ന്യൂസ് ആഴ്ചപ്പതിപ്പായ പീപ്പിൾ മാഗസിൻ. 62 വയസ്സുള്ള ഹോളിവുഡ് താരം ഡെമി മൂറിനെ 2025ലെ മോസ്റ്റ് ബ്യൂട്ടിവുൾ വുമൺ ആയി തിരഞ്ഞെടുത്താണ് പീപ്പിൾ മാഗസിന്റെ ഈ തിരുത്ത്. പീപ്പിൾ മാഗസിന്റെ ഈ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയായിരിക്കുകയാണ് ഇതോടെ ഡെമി മൂർ. ഡെമി മൂറിന്റെ മുഖചിത്രവുമായാണ് പീപ്പിൾ മാഗസിൻ ഏറ്റവും പുതിയ ഡിജിറ്റൽ പതിപ്പ് ഇറക്കിയത്.

എൺപതുകൾ മുതൽ അഭിനയരംഗത്തുള്ള താരമാണ് ഡെമി മൂർ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദി സബ്സ്റ്റൻസിലൂടെ താരം വീണ്ടും വൻ ജനപ്രീതി നേടി. ചിത്രത്തിന് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയ ഡെമി മൂർ ഓസ്കാർ നോമിനേഷനും നേടി. ഗോസ്റ്റ്, എ ഫ്യൂ ഗുഡ് മെൻ, ഇൻഡീസെന്റ് പ്രൊപ്പോസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നുവന്ന താരം 1996ൽ സ്ട്രിപ്റ്റീസ് എന്ന ചിത്രത്തിലൂടെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയായി. 2000ത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ സഹനടിയായി എത്തിയ താരം 2024 ൽ ദി സബ്സ്റ്റൻസിലൂടെ ഹോളിവുഡ് മുഖ്യധാരയിലേക്ക് തിരിച്ചുവരികയായിരുന്നു.