പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ പാക്കിസ്ഥാനുമായുള്ള വ്യാപാരം പൂർണമായും നിർത്തലാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യ വ്യാപാര നിയന്ത്രണങ്ങൾ ശക്തമാക്കുന്നതോടെ പാക്കിസ്ഥാൻ ജീവൻരക്ഷാ മരുന്നുകളുടെ കടുത്ത ക്ഷാമത്തിലേക്കു നീങ്ങുകയാണ്.
നിലവിൽ മരുന്നുകൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ 30 മുതൽ 40 ശതമാനം വരെ പാക്കിസ്ഥാനിലേക്ക് പോകുന്നത് ഇന്ത്യയിൽനിന്നാണ്. ഫാർമസ്യൂട്ടിക്കൽ ചേരുവകളും (എപിഐകൾ) വിവിധ നൂതന ചികിത്സാ ഉൽപന്നങ്ങളും അടക്കമുള്ളവയുടെ കണക്കാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾ ഫാർമസ്യൂട്ടിക്കൽ മേഖലയെ സാരമായി ബാധിക്കുമെന്നു പാക്കിസ്ഥാൻ ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക്ക്-ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ പാക്കിസ്ഥാൻ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി നിയന്ത്രണങ്ങൾ സംബന്ധിച്ചോ അവ ഔഷധ മേഖലയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചോ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നാണു ജിയോ ന്യൂസ് എന്ന പാക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. മരുന്നുകളുടെ ക്ഷാമം തടയാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചതായും മരുന്നുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ പരിഗണിക്കുന്നതായും ജിയോ റിപ്പോർട്ട് ചെയ്യുന്നു. വിവിധ മരുന്നുകളുടേയും വാക്സിനുകളുടേയും തുടർച്ചയായ വിതരണം ഉറപ്പാക്കാൻ ചൈന, റഷ്യ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ബദൽ സ്രോതസ്സുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ.
അതേ സമയം, മരുന്ന് ക്ഷാമം, ഭക്ഷ്യ ക്ഷാമം, സിന്ധുനദീജല തർക്കം തുടങ്ങി നിരവധി വിഷയങ്ങൾ മുൻനിർത്തി പാക്കിസ്ഥാനിൽ പലയിടത്തും ഭരണകൂടത്തിന്റെ നയങ്ങൾക്ക് എതിരെ പ്രാദേശിക പ്രക്ഷോഭങ്ങൾ ഉയർന്നുവരികയാണ്. അതിർത്തി പ്രദേശമായ ജിൽജിത് ബാൾട്ടിസ്താൻ അടക്കമുള്ള ഇടങ്ങളിലാണ് ഇത്തരത്തിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിനകത്തു നിന്നു തന്നെ ഭിന്ന സ്വരങ്ങൾ ഉയരുന്നത് പാക് ഭരണകൂടത്തിനും സൈന്യത്തിനും തലവേദനയായി മാറുകയാണ്.
Following the Pahalgam terror attack, India is reportedly considering a full trade ban with Pakistan, leading to a severe shortage of life-saving medicines in Pakistan as key pharmaceutical raw materials come from India.