2,000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ചരക്ക് സേവന നികുതി (GST) ചുമത്താൻ സർക്കാർ ആലോചിക്കുന്നുവെന്ന തരത്തിൽ അടുത്തിടെ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ധനകാര്യ മന്ത്രാലയം. നിലവിൽ അത്തരത്തിലുള്ള യാതൊരും നിർദ്ദേശവും സർക്കാറിനു മുമ്പിൽ ഇല്ലെന്ന് പിഐബി മുഖേന പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ധനമന്ത്രാലയം അറിയിച്ചു.

ചില സാമ്പത്തിക ഉപകരണങ്ങൾ (ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ) ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) പോലുള്ളവയ്ക്ക് മാത്രമാണ് ജിഎസ്ടി ചുമത്തുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) 2019 ഡിസംബർ 30ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേഴ്സൺ-ടു-മെർച്ചന്റ് (P2M) യുപിഐ ഇടപാടുകൾക്കുള്ള എംഡിആർ ഒഴിവാക്കിയതാണ്. നിലവിൽ യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കാത്തതിനാൽ, ഈ ഇടപാടുകൾക്ക് ജിഎസ്ടി ബാധകമല്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

യുപിഐ മുഖേനയുള്ള ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. യുപിഐയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും നിലനിർത്തുന്നതിനുമായി, 2021-22 സാമ്പത്തിക വർഷം മുതൽ പ്രോത്സാഹന പദ്ധതി പ്രവർത്തനക്ഷമമാണ്. ഇടപാട് ചിലവുകൾ ലഘൂകരിക്കുന്നതിലൂടെയും ഡിജിറ്റൽ പണമിടപാടുകളിൽ വിശാലമായ പങ്കാളിത്തവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ചെറുകിട വ്യാപാരികൾക്ക് പ്രയോജനം ചെയ്യുന്ന കുറഞ്ഞ മൂല്യമുള്ള UPI (P2M) ഇടപാടുകളെ പദ്ധതി പ്രത്യേകമായി ലക്ഷ്യമിടുന്നതായും ധനമന്ത്രാലയം അറിയിച്ചു.