അടുത്ത ഒന്നൊന്നര വർഷത്തിനുള്ളിൽ മനുഷ്യരെക്കാൾ മികച്ച രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെറ്റയ്ക്ക് വേണ്ട കോഡിംഗ് എഴുതുമെന്ന് മാർക്ക് സക്കർബർഗ് (Mark Zuckerberg). ഫെയ്സ്ഫുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റ (Meta) പ്ലാറ്റ്ഫോമുകളിലെ കോഡിംഗ്, ആവറേജ് മികവുള്ള മനുഷ്യരേക്കാൾ നന്നായി AI എഴുതുന്നുണ്ടെന്നും സക്കർബർഗ് പറയുന്നു. മെറ്റയിൽ ഏറ്റവും പ്രഗത്ഭരായ കോഡിംഗ് എംപ്ലോയിയേക്കാൾ മികവുള്ള AI സിസ്റ്റം ഡെവലപ്ചെയ്യുകയാണെന്നും സക്കർബർഗ് വ്യക്തമാക്കി. ദ്വർഗേഷ് പട്ടേലുമായുള്ള (Dwarkesh Patel) പോഡ്കാസ്റ്റ് സംഭാഷണത്തിലാണ് കോഡിംഗിലുൾപ്പെടെ അസാധാരണ മികവുള്ള AI സാങ്കേതിക വിദ്യ താമസിയാതെ മനുഷ്യരെ കടത്തിവെട്ടും എന്ന് വ്യക്തമാക്കുന്നത്.
കോഡിംഗിലെ ഒരു ഭാഗം ഓട്ടോ കംപ്ലീറ്റ് ചെയ്യാൻ മനുഷ്യനേക്കാൾ മികവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇപ്പോൾത്തന്നെ കാണിക്കുന്നുണ്ട്. മെറ്റയുടെ കോഡിംഗ് താമസിയാതെ AI ഏറ്റെടുക്കുമെന്ന് സക്കർബഗ് പറയുന്നതിനെ നിസ്സാരമായി കാണേണ്ട. അതായത് കോഡിംഗ് ടെസ്റ്റുകൾ റൺ ചെയ്യുന്നതിലും, ബഗ് കണ്ടെത്തുന്നതിലും സ്വതന്ത്രമായി ഹൈക്വാളിറ്റി കോഡ് എഴുതുന്നതിലും AI പൂർണ്ണമായും കളം പിടിക്കും എന്നാണ്.

മെറ്റയുടെ ലാർജ് ലാംഗ്വേജ് മോഡൽ പ്രൊജക്റ്റുകളിൽ AI റിസർച്ച് ഏജന്റുകൾ നന്നായി വർക്ക് ചെയ്യുന്നുണ്ട്. മെറ്റയിൽ ടൂൾചെയിനിന്റെ ഭാഗമായാണ് AI ഏജന്റിനെ വികസിപ്പിക്കുന്നത്, കാരണം ഞങ്ങൾ സോഫ്റ്റ്വെയർ കമ്പനിയല്ല. മെറ്റ ഇന്റേണൽ ആവശ്യങ്ങൾക്കായി കൃത്യമായ ലക്ഷ്യത്തോടെയാണ് AI ഡെവലപ് ചെയ്യുന്നത്. പൊതുവായ ഡെവലപ്പർ ടൂൾ അല്ല ഞങ്ങൾ വികസിപ്പിക്കുന്നത്, ഞങ്ങൾക്ക് വേണ്ട ഏജന്റിനെയാണ്- സക്കർബർഗ് വ്യക്തമാക്കുന്നു.
മറ്റൊരു അഭിമുഖത്തിൽ ഫെയ്സ്ബുക്കും ഇൻസ്റ്റയുമടക്കമുള്ള മെറ്റയുടെ ആപ്പുകൾക്കുള്ള കോഡിംഗ് പൂർണ്ണമായും മനുഷ്യരായ എഞ്ചിനീയർമാർക്ക് പകരം, AI ജനറേറ്റ് ചെയ്യുന്നതിലേക്കാണ് ഞങ്ങൾ നീങ്ങുന്നതെന്ന് സക്കർബർഗ് സൂചിപ്പിച്ചിരുന്നു. മിഡ് ലെവലിലുള്ള എഞ്ചിനീയറേക്കാൾ മികവോടെ AI ഇപ്പോൾ കോഡ് ചെയ്യുന്നുണ്ടെന്നും സക്കർബർഗ് പറഞ്ഞിരുന്നു. അതായത് ഐടി റിലേറ്റഡായുള്ള കോഡിംഗ് ജോലികളിൽ മനുഷ്യരെ ഇനി വേണ്ടെന്നാണോ മെറ്റ സിഇഒ പറയുന്നത്?
Mark Zuckerberg predicts AI will outperform humans in coding within 18 months, revolutionizing Meta’s platforms and reshaping IT jobs globally.