കേരളത്തിൽ ഇനി വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം സംരംഭങ്ങളും കടന്നു വരാനുള്ള തയാറെടുപ്പിലാണ് . വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുമായി പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് ഓഗസ്റ്റിൽ കൊച്ചിയില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

മീറ്റിംഗുകൾ, ഇൻസെന്റീവ്സ്, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവയുടെ ചുരുക്കപ്പേരാണ് MICE. ഈ നാല് വിഭാഗങ്ങളും യാത്രാ, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ ഒരു പ്രത്യേക ഉപവിഭാഗമാണ്. ബിസിനസ്സ് ഇവന്റുകളുമായും കോർപ്പറേറ്റ് ഒത്തുചേരലുകളുമായും ബന്ധപ്പെട്ടിരിക്കുന്ന MICE ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു.
ആഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടന സമ്മേളനം നടക്കും. 15, 16 തിയതികളില്‍ കൊച്ചിയിലെ ലെ മെറഡിയനിലാണ് ആണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന പ്രവണതകള്‍ക്കനുസരിച്ച് സംസ്ഥാനത്ത ടൂറിസം വ്യവസായത്തെ മാറ്റുകയാണ് ലക്ഷ്യം . ടൂറിസം രംഗത്ത് കേരളം മത്സരിക്കുന്നത് വിദേശരാജ്യങ്ങളുമായാണ്. അതിനാല്‍ തന്നെ അന്താരാഷ്ട്ര രംഗത്തെ മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും അതിനനുസരിച്ച് സ്വയം തയ്യാറെടുക്കുകയും വേണം. അതിനുള്ള തയാറെടുപ്പായാണ് വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം സമ്മേളനം കേരളത്തില്‍ നടത്താന്‍ ധാരണയായതെന്ന് സംസ്ഥാന ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കേരള ട്രാവല്‍ മാര്‍ട്ടിന്റെ മികച്ച സാങ്കേതിക സംവിധാനം സമ്മേളനത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു

പ്രധാനമായും നാല് ലക്ഷ്യങ്ങളാണ് ഈ സമ്മേളനത്തിനുള്ളതെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം മേഖലയിലെ പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. കൊച്ചി, മൂന്നാര്‍, കുമരകം, കൊല്ലം, കോവളം, തൃശൂര്‍, കോഴിക്കോട്, വയനാട്, ബേക്കല്‍ എന്നീ സ്ഥലങ്ങളിലെ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ മൈസ് സമ്മേളനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും. ബീച്ചുകള്‍, കായലുകള്‍, മലനിരകള്‍ എന്നിവ കോര്‍ത്തിണക്കി വിവാഹ ടൂറിസം സംഘടിപ്പിക്കും. സാംസ്ക്കാരിക പൈതൃകം, പുരാതന വാസ്തുകല, രുചിയൂറുന്ന ഭക്ഷണ രീതികള്‍ എന്നിവയെല്ലാം സമ്മേളനത്തിന്റെ ആശയവുമായി കോര്ത്തിണക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ പ്ലാനിംഗ്, കോര്‍പറേറ്റ് സമ്മേളനങ്ങള്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വന്‍കിട കണ്വെന്ഷന് സെന്ററുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എന്നിവരെയെല്ലാം ഒരു കുടക്കീഴില് കൊണ്ടു വരാന്‍ ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന് പറഞ്ഞു. മൈസ്-വെഡിംഗ് മേഖലയില്‍ കേരളത്തിനെ ലോകത്തിന് പരിചയപ്പെടുത്താന്‍ ഇവര്‍ വഴി സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വന്‍കിട മൈസ്-വെഡിംഗ് കമ്പനികളുമായി ചേര്‍ന്ന് പരിശീലന കളരികള്‍, നൂതന വിപണന തന്ത്രങ്ങള്‍, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യാ വിന്യാസം എന്നിവ സംഘടിപ്പിച്ച് മൈസ് വെഡിംഗ് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ബയര്‍മാര്‍ക്ക് കേരളം മുന്നോട്ടു വയ്ക്കുന്ന മൈസ്-വെഡിംഗ് ഡെസ്റ്റിനേഷനുകളില്‍ സന്ദര്‍ശനം നടത്താം. കൊച്ചി, മൂന്നാര്‍, കുമരകം, കൊല്ലം, കോവളം, തൃശൂര്‍, കോഴിക്കോട്, വയനാട്, ബേക്കല്‍ എന്നീ സ്ഥലങ്ങളിലാണ് സന്ദര്‍ശനം സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ മികച്ച ബീച്ചുകള്‍, പൈതൃക മന്ദിരങ്ങള്‍, കായല്‍ റിസോര്‍ട്ടുകള്‍ എന്നിവയ്ക്ക് പ്രത്യേക പ്രചാരം നല്‍കുമെന്ന് കെടിഎം സെക്രട്ടറി എസ് സ്വാമിനാഥന് പറഞ്ഞു. വിവാഹ പാക്കേജുകള്‍, മധുവിധു പാക്കേജുകള്‍ എന്നിവയും ഇതോടൊപ്പം അവതരിപ്പിക്കും. തനതു കലാരൂപങ്ങളായ കഥകളി, ശാസ്ത്രീയ സംഗീതം എന്നിവയ്ക്കു പുറമെ പ്രാദേശിക രുചി ഭേദങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വെഡിംഗ് പ്ലാനര്‍മാര്‍, ആതിഥേയ വ്യവസായം എന്നിവര്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താനുള്ള ബിടുബി കൂടിക്കാഴ്ചകള്‍ എന്നിവയും ആകര്‍ഷണങ്ങളാകും.
വെഡിംഗ്-മൈസ് ടൂറിസം മേഖലയിലെ പ്രദര്‍ശനമാണ് പ്രധാന ആകര്‍ഷണം. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, സമ്മേളന സ്ഥലങ്ങള്‍, സമ്മേളന സംഘാടകര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരായിരിക്കും മൈസ് മേഖലയിലെ പ്രദര്‍ശനങ്ങള്‍ നടത്തുന്നത്. വിവാഹ സംഘാടകര്‍, ആഡംബര റിസോര്‍ട്ടുകള്‍, ഡെസ്റ്റിനേഷന്‍ വെഡിംഗ് സ്ഥലങ്ങള്‍, പുഷ്പാലങ്കാരം, ഫോട്ടോഗ്രഫി, കാറ്ററിംഗ്, ബ്രൈഡല്‍ സര്‍വീസുകള്‍ എന്നിവര്‍ക്കാകും വെഡിംഗ് മേഖലയിലെ പ്രദര്‍ശനത്തില്‍ അവസരം ലഭിക്കുന്നത്.
വാണിജ്യ കൂടിക്കാഴ്ചകള്‍ക്ക് പുറമെ ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും. വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം രംഗത്ത് രാജ്യത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് കെടിഎം- 2024 ന്റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചകളുടെ ഫലമായാണ് ഈ മേഖലയിലെ അന്താരാഷ്ട്ര സമ്മേളനം .
Kerala gears up for its first Wedding and MICE Conclave in August, aiming to become a hub for destination weddings and MICE tourism in India.