2025 സാമ്പത്തിക വർഷത്തിൽ, അദാനി പോർട്സ് 11061 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. തുറമുഖത്തിന്റെ എക്കാലത്തെയും ഉയർന്ന അറ്റാദായമാണ് ഇതെന്ന് കമ്പനി പുറത്തുവിട്ട സാമ്പത്തിക വർഷ ഫലങ്ങൾ വ്യക്തമാക്കുന്നു. 37 ശതമാനം വർധനയാണ് അറ്റാദായത്തിന്റെ കാര്യത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജനുവരി-മാർച്ച് പാദത്തിൽ അറ്റാദായം 50 ശതമാനം ഉയർന്ന് 3,023 കോടി രൂപയായി. തൊട്ടു മുമ്പത്തെ വർഷം ഇതേ പാദത്തിൽ ഇത് 2,025 കോടി രൂപയായിരുന്നു. ഈ പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 23% വർധിച്ച് 8,488 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് പ്രവർത്തന ലാഭം 24 ശതമാനം വർധിച്ച് 5,006 കോടി രൂപയായി.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിൽ, അദാനി പോർട്ട്‌സ് 2023-24ൽ 26711 കോടി രൂപയിൽ നിന്ന് 16 ശതമാനം വർധനയോടെ 31079 കോടി രൂപയായി. സാമ്പത്തിക വർഷത്തിൽ അദാനി പോർട്സ് 450 ദശലക്ഷം മെട്രിക് ടൺ (MMT) കാർഗോ കൈകാര്യം ചെയ്തു. സുഗമമായ നിർവഹണത്തിന്റെയും മികച്ച ആസൂത്രണത്തിന്റെയും ഫലമാണ് ജനുവരി – മാർച്ച് പാദത്തിലെയും മുഴുവൻ സാമ്പത്തിക വർഷത്തിലെയും മികച്ച പ്രകടനമെന്ന് അദാനി പോർട്സിന്റെ ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു.
Adani Ports reports a record ₹11,061 crore profit in FY25, handling 450 million tonnes of cargo, marking its highest-ever performance.