ലോകത്ത് സ്വർണ്ണത്തിന്റെ കരുതൽ ശേഖരത്തിൽ ഏഴാം ശക്തിയാണ് ഇന്ത്യ ഇന്ന്. റിസർവ്വ് ബാങ്കിന്റെ ശേഖരത്തിലുള്ള സ്വർണ്ണം വിദേശ നാണ്യ കരുതൽ ശേഖരമായി രാജ്യം ഉപയോഗിക്കുന്നു. രാജ്യത്തിന്റെ കറൻസിയ്ക്ക് ഒരു ബാക്ക് അപ് എന്ന നിലയിൽ സ്വർണ്ണത്തിന്റെ ശേഖരം ഒരു ശക്തിയാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർബിഐ തിടുക്കപ്പെട്ട് സ്വർണ്ണം വാങ്ങുകയായിരുന്നു. ഇന്ത്യയുടെ ആകെ വിദേശ വിനിമയ ശേഖരത്തിൽ സ്വർണ്ണത്തിന്റെ അളവ് ഈയടുത്ത കാലത്ത് കുതിച്ച് കയറിയതായി വേൾഡ് ഗോൾഡ് കൗൺസിൽ ഡാറ്റ സൂചിക്കുന്നു. World Gold Council ഡാറ്റ അനുസരിച്ച് 2021 -ൽ 6.8% ആയിരുന്നത് 2024-ൽ 11.35% ആയി ഉയർന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 57 ടണ്ണോളം സ്വർണ്ണമാണ് ഇന്ത്യ വാങ്ങിയത്. 2017-ന് ശേഷമുള്ള ഉയർന്ന വാങ്ങൽ നിരക്കാണിത്. വ്യക്തികൾക്കെന്ന പോലെ രാജ്യങ്ങൾക്കും സ്വർണ്ണ കരുതൽ ശേഖരം അവരുടെ സാമ്പത്തിക സ്ഥിരതയുടെ അടയാളമാണ്.
യുദ്ധം പോലെയുള്ള അടിയന്തര സാഹചര്യങ്ങളോ, സാമ്പത്തിക മാന്ദ്യമോ മൂലം സാമ്പത്തിക ആഘാതമുണ്ടായാൽ കറൻസിയെ സ്ഥിരപ്പെടുത്തി നിർത്താൻ സ്വർണ്ണ കരുതൽ രാജ്യത്തെ സഹായിക്കും. മാത്രമല്ല പണപ്പെരപ്പം മാനേജ് ചെയ്യാനും സാമ്പത്തിക നില ഭദ്രമാക്കാനും സഹായിക്കുംവിധം ഒരു ഷോക്ക് അബ്സോർബറായി സ്വർണ്ണത്തിലെ വിദേശ നാണ്യ കരുതൽ മാറും എന്നതാണ് രാജ്യങ്ങളെ ഗോൾഡ് വാങ്ങി ശേഖരിക്കാൻ പ്രേരിപ്പിക്കുന്നത്. ആ നിലയ്ക്ക് ലോകത്ത് ഏഴാം ശക്തിയാണ് ഇന്ത്യ എന്നത് ചെറിയ കാര്യമല്ല. RBI യുടെ സ്വർണ്ണ ശേഖരം 653 ടണ്ണായിരുന്നത് അഞ്ച് വർഷം കൊണ്ട് കേന്ദ്രം 880 ടണ്ണായി ഉയർത്തി. അതായത് 5 വർഷത്തിൽ 35% വർദ്ധന.
ഇനി പാകിസ്താന്റെ കാര്യമെടുത്താൽ സ്വർണ്ണ കരുതലിൽ ആ രാജ്യം തുലോം പിന്നിലാണ്. കേവലം 64 ടൺ മാത്രമാണ് അവരുടെ സ്വർണ്ണ ശേഖരം എന്നതാണ് ലഭ്യമായ വിവരം. ലോകത്തെ സ്വർണ്ണ കരുതൽ ശേഖരത്തിന്റെ പട്ടികയിൽ 800 ടണ്ണിലധികം കയ്യിൽവെച്ച് ഇന്ത്യ ഏഴാം സ്ഥാനത്ത് നിൽക്കുമ്പോൾ പറയത്തക്ക നിലയിലൊന്നും പാകിസ്ഥാൻ ഇല്ല. സാമ്പത്തിക സുരക്ഷയ്ക്ക് സ്വർണ്ണത്തേക്കാൾ, ലോണും എയ്ഡും ഡോളർ റിസർവ്വും മാത്രമാണ് പാകിസ്ഥാന്റെ ആശ്രയം. സ്വർണ്ണം ലോകമാകമാനം സ്വീകാര്യതയുള്ളതാണ് എന്നതിനാൽ അത്യാവശ്യത്തിന് ആയുധമോ, ആഹാരമോ, മരുന്നോ വാങ്ങാൻ സ്വർണ്ണമേ തുണയാകൂ. എമർജൻസി ഫണ്ട് കണ്ടെത്താൻ രാജ്യങ്ങൾക്കും സ്വർണ്ണം പണയം വെക്കകുകയോ വിൽക്കുകയോ ചെയ്യാനാകും. കൂടുതൽ സ്വർണ്ണം കയ്യിലുള്ള രാജ്യം സാമ്പത്തികമായി കൂടുതൽ ശക്തമായിരിക്കും. അത് അന്താരാഷ്ട്ര ഡിപ്ലോമസിയിൽ വളരെ അത്യാവശ്യവുമാണ്.
India holds the world’s seventh-largest gold reserves, strengthening its economic stability and currency backup. Pakistan, in contrast, lags behind with minimal reserves.