ദുബായ് ഡ്യൂട്ടി ഫ്രീ (DDF) മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മില്യൺ യുഎസ് ഡോളർ (8,46,10,887 രൂപ) സമ്മാനം നേടി മലയാളി. ദുബായിൽ താമസിക്കുന്ന 49കാരനായ പ്രവാസി മലയാളി ബിജു തേരൂലിനെയാണ് മില്യൺ ഡോളർ സമ്മാനം തേടിയെത്തിയിരിക്കുന്നത്. നറുക്കെടുപ്പിലെ സീരീസ് 499ൽ 0437 എന്ന ടിക്കറ്റ് നമ്പറാണ് ബിജുവിനെ മില്യണയർ ആക്കിയത്. 20 വർഷമായി ദുബായിൽ താമസിക്കുന്ന ബിജു റീട്ടെയിൽ ശൃംഖലയിലെ ജീവനക്കാരനാണ്.

ഏപ്രിൽ 19ന് അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലേക്കുള്ള യാത്രാമധ്യേ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 ഡിപ്പാർച്ചറിൽ നിന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. അഞ്ച് വർഷമായി ഡിഡിഎഫ് പ്രമോഷനുകളിൽ പതിവായി പങ്കെടുക്കുന്ന വ്യക്തിയാണ് ബിജു. ദുബായ് ഡ്യൂട്ടി ഫ്രീക്ക് വളരെ നന്ദി അറിയിക്കുന്നതായും വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

1999 മുതൽ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വിജയിക്കുന്ന 248ആമത്തെ ഇന്ത്യക്കാരനാണ് ബിജു. ഇതുവരെ ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങിയതും ഇന്ത്യക്കാർ തന്നെയാണ്. ഇതേ നറുക്കെടുപ്പിൽ പാകിസ്താൻ പൗരനും ഒരു മില്യൺ ഡോളർ നേടിയിട്ടുണ്ട്. സൗദി അറേബ്യയിൽ താമസിക്കുന്ന പാകിസ്താൻകാരനായ മുഹമ്മദ് ഗുമ്മൻ ഏപ്രിൽ 12ന് ഓൺലൈനായി വാങ്ങിയ ടിക്കറ്റിലാണ് ജേതാവായത്.
YouTube invests ₹850 crore to boost India’s creator economy, empowering content creators and expanding the global reach of Indian entertainment.