വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് വേദിയിൽ പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവർക്ക് ആദരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി പദ്ധതി യാഥാർത്ഥ്യമാക്കിയതിൽ അദാനി ഗ്രൂപ്പിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ചു. വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് കേരളത്തേയും രാജ്യത്തേയും സംബന്ധിച്ച് അഭിമാന മുഹൂർത്തമാണ്. പുതിയ വികസന സാധ്യതകളിലേക്കുള്ള കവാടം തുറക്കലാണിത്. 1996ലെ എൽഡിഎഫ് സർക്കാർ രൂപപ്പെടുത്തിയ പദ്ധതിയാണ് ഇവിടെ യാഥാർത്ഥ്യമാവുന്നതെന്നും ഈ മുഹൂർത്തത്തിൽ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം അതിനെ കൂടുതൽ തിളക്കമുള്ളതാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ എവിടെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരാമർശിക്കാതെയിരുന്നതും ശ്രദ്ധേയമായി.
അങ്ങനെ നമ്മൾ ഇതും നേടി! ഇത് കേരളത്തിന്റെ ദീർഘകാലമായുള്ള സ്വപ്നമാണ്, സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ്. എല്ലാ രീതിയിലും അഭിമാനകരമായ നിമിഷമാണിത്. വിഴിഞ്ഞം രാജ്യത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ടതും ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന തുറമുഖവുമായി മാറുകയാണ്. തുറമുഖ നിർമാണം പൂർത്തിയാക്കുന്നതിൽ സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു. ഇത് കേവലം തുറമുഖ കവാടം തുറക്കലല്ല. മൂന്നാം മില്ല്യേനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. ഇന്ത്യയെ സാർവദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്സ് ഭൂപട ശൃംഖലയിൽ കണ്ണിചേർക്കുന്ന മഹാസംരംഭം. ചരിത്രത്തിന്റെ വിസ്മൃതിയിൽ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാർവദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യമായാണ് ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ മുൻകൈയിൽ ഒരു ബൃഹത് തുറമുഖ നിർമ്മാണം നടക്കുന്നത്. ചിലവിന്റെ ഏറിയ ഭാഗവും വഹിക്കുന്നത് സംസ്ഥാനമാണ്. 8686 കോടിയിൽ 5370.86 കോടിയും സംസ്ഥാനമാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കി 2497 കോടി അദാനി വിഴിഞ്ഞം പോർട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് കേന്ദ്രം നൽകുന്നു. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവർഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയായി. ഇക്കാലമത്രയും 75 ശതമാനം കണ്ടെയിനർ ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു. ഇത് വിഴിഞ്ഞത്തിന്റെ വരവോടെ അവസാനിക്കുകയാണ്. രാഷ്ട്ര നഷ്ടം വലിയൊരളവിൽ പരിഹരിക്കാൻ കേരളത്തിനു കഴിയുന്നു എന്നതു കേരളീയർക്കാകെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കരാർ പ്രകാരം 2045ൽ മാത്രമേ ഇത് പൂർത്തിയാവേണ്ടതുള്ളൂ. നമ്മൾ അതിന് കാത്തുനിന്നില്ല. 2024ൽ തന്നെ കൊമേഴ്സ്യൽ ഓപ്പറേഷൻ ആരംഭിച്ചു, മദർഷിപ്പിനെ സ്വീകരിച്ചു. തുടർന്നിങ്ങോട്ട് 250ലേറെ കപ്പലുകൾ വിഴിഞ്ഞത്തു നങ്കൂരമിട്ടു. ഇപ്പോഴിതാ ഒന്നാം ഘട്ടം പതിറ്റാണ്ടു മുമ്പു പൂർത്തിയാക്കി കമ്മീഷൻ ചെയ്യുന്നു. 2028ൽ ഇതിൻ്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരുപാടു പ്രതികൂല ഘടകങ്ങളുണ്ടായി. മഹാപ്രളയം, ഇതര പ്രകൃതിക്ഷോഭങ്ങൾ, കോവിഡ് അടക്കമുള്ള മഹാവ്യാധികൾ, എന്നിവയൊക്കെ സമ്പദ് ഘടനയെ ഉലച്ചു. എന്നാൽ, കേരളം അവിടെ തളർന്നുനിന്നില്ല. നിർമാണ കമ്പനിയും നല്ല രീതിയിൽ സഹകരിച്ച് മുന്നോട്ട് പോയി.
1996ലെ എൽഡിഎഫ് സർക്കാർ രൂപപ്പെടുത്തിയ പദ്ധതിയാണ് ഇവിടെ യാഥാർത്ഥ്യമാവുന്നത്. ഇടക്കാലത്ത് പദ്ധതി അനിശ്ചിതത്വത്തിലായി. പദ്ധതിപഠനത്തിനായി 2009ൽ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനെ നിയോഗിച്ചു. 2010ൽ ടെൻഡർ നടപടികളിലേക്ക് കടന്നെങ്കിലും കേന്ദ്രം ആ ഘട്ടത്തിൽ അനുമതി നിഷേധിച്ചു. തുടർന്നുള്ള ഘട്ടം പദ്ധതിക്കായുള്ള മനുഷ്യച്ചങ്ങല അടക്കമുള്ള പ്രക്ഷോഭങ്ങളുടേതായിരുന്നു.
2015ൽ ഒരു കരാറുണ്ടായി. എന്നാൽ, പല തലങ്ങളിലുള്ള വിമർശനങ്ങൾ അതു നേരിട്ടു. ആ വിമർശനങ്ങളെല്ലാം നിലനിൽക്കുമ്പൊഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് ഞങ്ങൾ കൈക്കൊണ്ടത്. വികസന കാര്യത്തിൽ രാഷ്ട്രീയ വേർതിരിവു വേണ്ട എന്ന നയമാണു കൈക്കൊണ്ടത്. അതു പ്രകാരമാണ് 2016ൽ അധികാരത്തിൽ വന്നതിനെത്തുടർന്നുള്ള ഘട്ടത്തിൽ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകൾ എടുത്തത്. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയിൽ യാഥാർത്ഥ്യമാക്കി മാറ്റിയത്.
സ്ഥാപിത താൽപര്യക്കാർ പടർത്താൻ ശ്രമിച്ച തെറ്റിദ്ധാരണകളെ, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചു. നിയമക്കുരുക്കുകളടക്കം നീക്കി. തീരദേശ പുനരധിവാസ-ജീവനോപാധി പ്രശ്നങ്ങൾ 120 കോടി ചിലവാക്കി പരിഹരിച്ചു. അവിടുത്തെ പെൺകുട്ടികളെ ക്രെയിൻ പ്രവർത്തിപ്പിക്കുന്ന ജോലിയടക്കം ഏൽപ്പിച്ചു. തദ്ദേശീയ സ്ത്രീകൾക്കായി സ്കില്ലിങ് സെന്റർ തുറന്നു. ഇങ്ങനെ പ്രശ്നങ്ങൾ പരിഹരിച്ചു സങ്കടങ്ങൾക്ക് അറുതിയുണ്ടാക്കിയാണു സർക്കാർ നീങ്ങിയത്.
5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നത്. കൂടുതൽ പേർക്ക് ഇത് പ്രയോജനകരമാകുന്നു എന്നുറപ്പുവരുത്തുകയാണ്. കേരളത്തിന്റെ, അതിനപ്പുറം ഇന്ത്യയുടെയാകെ വികസനത്തെ ഈ തുറമുഖം വലിയ തോതിൽ ഭദ്രമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
Vizhinjam Port commissioning marks a proud moment for Kerala, opening global maritime opportunities and showcasing the state’s development vision led by the LDF government.