ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിൽ ഒന്നായ ഇന്ത്യൻ റെയിൽവേ വർഷങ്ങളായി സ്വകാര്യവൽക്കരണത്തെ കുറിച്ചുള്ള നിർണായകമായ ചോദ്യം നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. 1992ന് ശേഷമുള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി വിമാനക്കമ്പനികൾ അടക്കമുള്ള മറ്റ് മേഖലകളെ മാറ്റിമറിച്ചതുപോലെ, സ്വകാര്യ കമ്പനികൾ റെയിൽവേ ആധുനികവൽക്കരണത്തിനും ചുക്കാൻ പിടിക്കണോ എന്നതാണ് ചോദ്യം. സ്വകാര്യവൽക്കരണത്തിനുശേഷം വിമാന യാത്രയിൽ മെച്ചപ്പെട്ട സേവനങ്ങളും കാര്യക്ഷമതയും ഉണ്ടായിട്ടുണ്ട് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ട്രെയിനുകളാകട്ടെ, ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ചു നിർത്തിയാൽ, തിരക്കും കാലതാമസവും കാലഹരണപ്പെട്ട സൗകര്യങ്ങളുമായി കിതപ്പിന്റെ പാതയിലാണ്. ഈ പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ റെയിൽവേ സേവനത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് സ്വകാര്യവൽക്കരണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായോ എന്ന ചോദ്യം ഉയരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് കീഴിൽ സ്വകാര്യ ഓപ്പറേറ്റർമാരെ അനുവദിക്കുന്നത് മികച്ച സേവനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ട്രാക്കുകളും ട്രെയിനുകളും നവീകരിക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യും. എയർലൈൻ വ്യവസായം തുടക്കത്തിലെ അപൂർണ്ണതകൾക്കിടയിലും മത്സരാധിഷ്ഠിത വിലനിർണ്ണയത്തിനും മെച്ചപ്പെട്ട ഗുണനിലവാരത്തിനുമുള്ള സാധ്യത കാണിച്ചു. അതുപോലെ നിയന്ത്രിതമായ സ്വകാര്യവൽക്കരണ മാതൃകയിലൂടെ റെയിൽവേ യാത്രക്കാർക്കും സമാന ആനുകൂല്യങ്ങൾ നൽകാൻ കഴിയും എന്നാണ് വിലയിരുത്തൽ.

പ്രതിവർഷം 670 ദശലക്ഷം യാത്രക്കാരെ കൊണ്ടുപോകുകയും വൻ തോതിൽ ഭൂമി കൈവശം വയ്ക്കുകയും ചെയ്യുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് സ്വകാര്യ നിക്ഷേപത്തിനുള്ള പ്രധാന അവസരമായി ഈ രണ്ടു ഘടകങ്ങളും മാറുന്നു. യാത്രക്കാർ ഗുണനിലവാരത്തിനായി പണം നൽകാൻ തയ്യാറാണെന്നാണ് വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകളുടെ ജനപ്രീതി സൂചിപ്പിക്കുന്നത്. ചൈന പോലുള്ള രാജ്യങ്ങളുടെ വിജയകരമായ റെയിൽവേ ആധുനികവൽക്കരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അതിൽ കോർ, നോൺ-കോർ പ്രവർത്തനങ്ങൾ വേർതിരിക്കുന്നത് ഇന്ത്യയ്ക്ക് മികച്ച റോഡ് മാപ്പ് നൽകും. തിരക്ക്, സാമ്പത്തിക പരിമിതികൾ, സുരക്ഷ എന്നിവയുടെ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ, ശക്തമായ നിയന്ത്രണ മേൽനോട്ടത്തോടെയുള്ള തന്ത്രപരമായ സ്വകാര്യവൽക്കരണം ഭാവിയിൽ ആധുനികവും കാര്യക്ഷമവും സുരക്ഷിതവുമായ ഇന്ത്യൻ റെയിൽ ശൃംഖലയ്ക്ക് ഉത്തേജകമാകും.

എന്നാൽ റെയിൽവേ സ്വകാര്യവൽക്കരണം രാജ്യത്തിനും ജനങ്ങൾക്കും നിരവധി വെല്ലുവിളികളും സൃഷ്ടിക്കാം. യാത്രാ നിരക്കുകൾ വർദ്ധിക്കാനുള്ള സാധ്യതയാണ് പ്രധാന ആശങ്കയായി ഉയർന്നു വരുന്നത്. സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് ട്രെയിൻ യാത്ര താങ്ങാനാവുന്ന വിധത്തിൽ നിലനിർത്തുന്നതിൽ ഗവൺമെന്റും റെയിൽവേയും ശ്രദ്ധ കൊടുക്കുന്നു. സ്വകാര്യവത്കരണം വരുന്നതോടെ ലാഭകരമായ റൂട്ടുകൾക്ക് മുൻഗണന നൽകുകയും ലാഭകരമല്ലാത്തതും എന്നാൽ സാമൂഹികമായി പ്രധാനപ്പെട്ടതുമായ കണക്ഷനുകൾ അവഗണിക്കപ്പെടുകയും ചെയ്തേക്കാം. ഇത് വിദൂര പ്രദേശങ്ങളിലേക്കുള്ള പ്രവേശനക്ഷമത കുറയ്ക്കും.

സ്വകാര്യവൽക്കരണം പലപ്പോഴും പുനർനിർമ്മാണത്തിനും പിരിച്ചുവിടലുകൾക്കും ഇടയാക്കും എന്നതിനാൽ നിലവിലുള്ള ലക്ഷക്കണക്കിന് റെയിൽവേ ജീവനക്കാരുടെ തൊഴിൽ സുരക്ഷയും പ്രധാന പ്രശ്നമായി മാറിയേക്കാം. കൂടാതെ, ഒന്നിലധികം സ്വകാര്യ ഓപ്പറേറ്റർമാരിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ഏകീകൃത ദേശീയ റെയിൽവേ ശൃംഖല നിലനിർത്തുകയും ചെയ്യുന്നത് സങ്കീർണ്ണമായ നിയന്ത്രണ തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. എല്ലാ പൗരന്മാരെയും സേവിക്കാനുള്ള റെയിൽവേയുടെ സാമൂഹിക ഉത്തരവാദിത്തവുമായി ലാഭ ലക്ഷ്യങ്ങളെ സന്തുലിതമാക്കുന്നതും നിർണായക വെല്ലുവിളിയായിത്തീരും.

ഇന്ത്യ ആധുനികവൽക്കരണത്തിലേക്കുള്ള യാത്ര തുടരുമ്പോൾ, കാര്യക്ഷമവും വിശ്വസനീയവുമായ റെയിൽവേ ശൃംഖലയിലൂടെ ജനങ്ങൾക്ക് എങ്ങനെ മികച്ച സേവനം നൽകാമെന്ന ചോദ്യം നിർണായകമായി തുടരുന്നു. ഇന്ത്യൻ റെയിൽവേയുടെ ഭാവി, അതിന്റെ വിശാലമായ ശൃംഖലയെ ആശ്രയിക്കുന്ന എല്ലാവരുടെയും അഭിപ്രായങ്ങൾ ആവശ്യമുള്ള വലിയ ചർച്ച തന്നെയായി മാറേണ്ടിയിരിക്കുന്നു.

Privatising Indian Railways could enhance operational efficiency, improve safety, and boost financial sustainability.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version