തുടരും എന്ന മോഹൻലാൽ-തരുൺ മൂർത്തി ചിത്രം കഴിഞ്ഞ ദിവസം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. മോഹൻലാലിന്റെ തുടർച്ചയായ രണ്ടാമത്തെ ചിത്രമാണ് 100 കോടി ക്ലബ്ബിൽ കയറുന്നത്, അതും ഒരു മാസത്തെ ഇടവേളയിൽ. മാർച്ചിൽ റിലീസായ മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാൻ 350 കോടി രൂപ കലക്ഷൻ നേടിയതിനു പിന്നാലെയാണ് തുടരും എന്ന ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരിക്കുന്നത്. അഭിനയപാടവത്തിനൊപ്പം മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും ആഢംബര ജീവിതവും ഇതോടെ വാർത്തകളിൽ നിറയുകയാണ്.

കൊച്ചിയിലെ താരത്തിന്റെ ആഢംബരവും വിന്റേജും ഒത്തുചേർന്ന വില്ലയ്ക്ക് 15 കോടി രൂപ വില വരും എന്നാണ് റിപ്പോർട്ട്. ഇതിനു പുറമേ 2022ൽ ഐഡന്റിറ്റി ബിൽഡിംഗിൽ 9000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഡ്യൂപ്ലെക്സും താരം സ്വന്തമാക്കി. യുഎഇയിലും മോഹൻലാലിന് ആഢംബര വാസസ്ഥലങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ 35 കോടി രൂപ വിലവരുന്ന അപ്പാർട്ട്മെന്റാണ് ഇതിൽ പ്രധാനം. കെട്ടിടത്തിന്റെ 29ആം നിലയിലാണ് ആഢംബര ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്.
ഇടി നൗ റിപ്പോർട്ട് പ്രകാരം 382 കോടി രൂപയുടെ ആസ്തിയാണ് മോഹൻലാലിന് ഉള്ളത്. ലംബോർഗിനി ഉറുസ്, മെഴ്‌സിഡേഴ്സ് ബെൻസ് ജിഎൽ, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവയടങ്ങുന്ന വമ്പൻ അത്യാഢംബര കാർ ശേഖരവും താരത്തിനുണ്ട്.