ഇന്ത്യൻ സിനിമയിലെ മോഡേൺ മാസ്റ്ററായി അറിയപ്പെടുന്ന സംവിധായകനാണ് എസ്.എസ്. രാജമൗലി. ഇതിഹാസങ്ങളും ആക്ഷനും ഫാന്റസിയും എല്ലാം നിറഞ്ഞ സിനിമാലോകമാണ് അദ്ദേഹത്തിന്റേത്. മഗധീര, ഈഗ, ബാഹുബലി പോലുള്ള കലക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം ആർആർആറിലൂടെ ഗ്ലോബൽ ഐക്കണായും മാറി. ഈ സവിശേഷതകളെല്ലാം ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകൻ കൂടിയായി അദ്ദേഹത്തെ മാറ്റുന്നു. റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും പുതിയ ചിത്രത്തിന് 200 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം.
എസ്എസ്എംബി29 എന്ന വമ്പൻ സിനിമയുടെ പണിപ്പുരയിലാണ് രാജമൗലി ഇപ്പോൾ. തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ബജറ്റിന്റെ കാര്യത്തിലും റെക്കോർഡ് ഇടുന്നു. റിപ്പോർട്ടുകൾ പ്രകാരം 1000 കോടി രൂപയാണ് എസ്എസ്എംബി29ന്റെ ബജറ്റ്. ഈ ചിത്രത്തിനാണ് രാജമൗലിക്ക് 200 കോടി രൂപ പ്രതിഫലം ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ആകെ ആസ്തിയായ 158 കോടി രൂപയേക്കാൾ കൂടുതലാണ് ഈ ഒരൊറ്റ ചിത്രത്തിലെ പ്രതിഫലമെന്നതും രസകരമായ കാര്യമാണ്. 100 മുതൽ 150 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന സന്ദീപ് റെഡ്ഡി വംഗ, 100 കോടി രൂപ വാങ്ങുന്ന ആറ്റ്ലി തുടങ്ങിയ സംവിധായകരെയാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ ഇതോടെ രാജമൗലി പിന്നിലാക്കിയിരിക്കുന്നത്.

വമ്പൻ സമ്പാദ്യത്തിന് ഒത്ത ആഢംബര ജീവിതമാണ് രാജമൗലിയുടേത്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ കൊട്ടാരസമാനമായ ബംഗ്ലാവിലാണ് അദ്ദേഹം താമസിക്കുന്നത്. ഇതിനുപുറമെ, ഹൈദരാബാദിൽ തന്നെ അദ്ദേഹത്തിന് മറ്റൊരു ആഢംബര വീടുമുണ്ട്. റേഞ്ച് റോവർ, ബിഎംഡബ്ല്യു, വോൾവോ എന്നിങ്ങനെ നിരവധി ആഢംബര കാറുകളുടെ ശേഖരവും അദ്ദേഹത്തിനുണ്ട്.
SS Rajamouli, India’s highest-grossing director, continues to redefine cinema with films like Baahubali, RRR, and his upcoming mega-project SSMB29.