ആസ്തിയിൽ ഒറ്റ ദിവസം കൊണ്ട് 5.61 ബില്യൺ ഡോളർ (ഏകദേശം 47326 കോടി രൂപ) വർധനയുണ്ടാക്കി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കുതിച്ചുയർന്നതിനെത്തുടർന്നാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയായ ഗൗതം അദാനിയുടെ ആസ്തിയിൽ വൻ കുതിച്ചുചാട്ടമുണ്ടായത്. നിരവധി അദാനി ഓഹരികൾ 10 ശതമാനത്തിലധികമാണ് ഉയർന്നത്. അദാനി ഗ്രൂപ്പ് പ്രതിനിധികൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ സന്ദർശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഓഹരികൾ ഉയർന്നത്.
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം ഈ വർധന അദ്ദേഹത്തിന്റെ ആസ്തി 82.2 ബില്യൺ ഡോളറാക്കി. ബ്ലൂംബെർഗ് ലോക സമ്പന്ന പട്ടികയിൽ 20ആം സ്ഥാനത്താണ് ഗൗതം അദാനി. ഇന്ത്യയിലെ ഏറ്റവും വലിയ അടിസ്ഥാന വികസ സൗകര്യ കമ്പനികളിൽ ഒന്നായ അദാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്റെ ഉടമസ്ഥരും ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി വ്യാപാരികളിൽ ഒന്നുമാണ്. ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ് 2024-25ൽ നികുതിക്ക് ശേഷമുള്ള ലാഭം ഇരട്ടിയിലധികം വർധിപ്പിച്ച് 7112 കോടി രൂപയാക്കിയിരുന്നു.
അതേസമയം, ഇന്ത്യയിലെ ഹരിത ഊർജ്ജ കരാറുകളുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണങ്ങളും അവ അമേരിക്കൻ നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചുവെന്ന ആരോപണവും പരിഹരിക്കാനാണ് അദാനി ഗ്രൂപ്പ് പ്രതിനിധികൾ ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.
Gautam Adani’s net worth surged by ₹47,326 crore in a single day after Adani Group stocks jumped following reports of meetings with US officials.