ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ-ടൂറിസം റിവ്യൂ പ്ലാറ്റ്ഫോമായ ‘ട്രിപ്പ് അഡ്വൈസറിന്റെ’ 2025ലെ ട്രാവലേഴ്സ് ചോയ്സ് അവാർഡിൽ തിളങ്ങി കേരളത്തിലെ ടൂറിസം വ്യവസായങ്ങളും. മൂന്നാർ ടോപ് സ്റ്റേഷനിലെ ചാണ്ടീസ് ഡിസ്ൽ ഡ്രോപ്സ്, മൂന്നാർ ചിത്തിരപുരത്തെ ചാണ്ടീസ് വിൻഡി വുഡ്സ്, കോവളത്തെ ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദ് ബീച്ച് റിസോർട്ടുകളാണ് അവാർഡിൽ മികച്ച നേട്ടം കൊയ്തത്.
ഉപയോക്താക്കളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള റിവ്യൂകളിലൂടെ ബെസ്റ്റ് ടോപ് സ്മോൾ ആൻ ഡ് ബുട്ടീക് ഹോട്ടൽസ് വിഭാഗത്തിൽ ആഗോള തലത്തിലും ഏഷ്യൻ വിഭാഗത്തിലും ചാണ്ടീസ് ഡിസ്ൽ ഡ്രോപ്സ് രണ്ടാം സ്ഥാനം നേടി. ഇന്ത്യയിലെ ഏറ്റവും മികച്ച സ്മോൾ ബുട്ടീക് ഹോട്ടലെന്ന അംഗീകാരവും ഡിസ്ൽ ഡ്രോപ്സ് കരസ്ഥമാക്കി. ലക്ഷ്വറി ഹോട്ടൽ വിഭാഗത്തിൽ ആഗോള തലത്തിൽ മൂന്നാമതെത്തിയ ചാണ്ടീസ് വിൻഡി വുഡ്സ് ഏഷ്യൻ വിഭാഗത്തിലും ഇന്ത്യൻ വിഭാഗത്തിലും രണ്ടാം സ്ഥാനവും നേടി. കോവളത്തെ ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദ് ബീച്ച് ബെസ്റ്റ് ടോപ് ഹോട്ടൽസ് വിഭാഗത്തിൽ ആഗോള തലത്തിൽ മൂന്നും ഏഷ്യയിൽ രണ്ടും ഇന്ത്യയിൽ ഒന്നും സ്ഥാനത്തെത്തി. ലക്ഷ്വറി ഹോട്ടൽ വിഭാഗത്തിൽ ആഗോള റാങ്കിങ്ങിൽ രണ്ടാം സ്ഥാനവും നേടിയ ഗോകുലം ഏഷ്യൻ, ഇന്ത്യൻ വിഭാഗങ്ങളിൽ ഒന്നാമതായി.
ടോപ് സ്മോൾ ആൻഡ് ബുട്ടീക് ഹോട്ടൽസ് ഏഷ്യൻ വിഭാഗത്തിൽ ആലപ്പുഴ കോമളപുരം ലേക് കനോപി പത്തും ഇന്ത്യൻ വിഭാഗത്തിൽ മൂന്നും സ്ഥാനത്തുണ്ട്. ഇന്ത്യൻ വിഭാഗത്തിൽ വയനാട് മാനന്തവാടി വെള്ളമുണ്ട വൈൽഡ് പ്ലാനറ്റ് ബാണ ഹൈറ്റ്സ് എട്ടും കോട്ടയത്തെ ആത്രേയ ആയുർവേദ സെന്റർ ഒൻപതും സ്ഥാനങ്ങളിലെത്തിയും ശ്രദ്ധിക്കപ്പെട്ടു
Kerala Tourism shines in TripAdvisor’s 2025 Travelers’ Choice Awards, with multiple destinations and hotels earning global recognition.