നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റീഡിങ് ബോക്സുകൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ. കൊച്ചിയിലെ പൊതു ഇടങ്ങൾ, പാർക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. യുവതലമുറയെ വായനയിലേക്ക് ആകർഷിക്കുന്നതിനായാണ് നഗരസഭയും കൈറ്റ്സ് ഇന്ത്യ എന്ന എൻജിഒയും ചേർന്ന പദ്ധതി നടപ്പിലാക്കുന്നത്. വായനാ ക്ലബ്ബുകൾ വഴി പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകളും എഴുത്തുകാരുമായുള്ള ആശയവിനിമയവും സാധ്യമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
പനമ്പിള്ളി നഗറിലെ കൊയിത്തറ പാർക്കിൽ ഇത്തരത്തിലുള്ള ആദ്യ വായനാ പെട്ടി സ്ഥാപിച്ചു. പാർക്കിന്റെ ശാന്തമായ അന്തരീക്ഷത്തിൽ സന്ദർശകർക്ക് പുസ്തകങ്ങൾ വായിച്ച് ആസ്വദിക്കാവുന്ന തരത്തിലാണ് റീഡിങ് ബോക്സ് സ്ഥാപിച്ചിരിക്കുന്നത്. പാർക്കിന്റെ പ്രവർത്ത സമയത്ത് ആർക്കും ഇവിടെ സന്ദർശിച്ച് പുസ്തകം തിരഞ്ഞെടുക്കാനും വായിക്കാനും ചർച്ച ചെയ്യാനും കഴിയുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. പോകുന്നതിനുമുമ്പ് പുസ്തകം വായനാ പെട്ടിയിൽ തിരികെ നിക്ഷേപിക്കണം. പുസ്തകം വീട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് മറ്റൊരു പുസ്തകം അതിന്റെ സ്ഥാനത്ത് വെച്ച് ഇഷ്ട പുസ്തകം കൊണ്ടുപോകാം.
വ്യക്തിത്വ രൂപീകരണത്തിൽ പുസ്തകങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന തലമുറ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു.
Kochi Municipal Corporation is setting up reading boxes in parks, hospitals, and public spaces to encourage reading habits among residents.