ഇരുപതു വർഷങ്ങൾക്കു മുമ്പാണ് ന്യൂഡൽഹിയിലെ വ്യോമസേന മ്യൂസിയത്തിൽവെച്ച് ശിവാംഗിയെന്ന പെൺകുട്ടി ആദ്യമായി ഒരു വിമാനത്തിൽ സ്പർശിച്ചത്. അന്ന് ശിവാംഗി മനസ്സിൽ നെയ്തതാണ് പൈലറ്റാകുക എന്ന സ്വപ്നം. വർഷങ്ങൾക്കിപ്പുറം ഇന്ത്യയുടെ ആധുനികവൽക്കരിക്കപ്പെട്ട സൈന്യത്തിന്റെ പ്രതീകവും രാജ്യത്തെ ഏക വനിതാ റാഫേൽ യുദ്ധവിമാന പൈലറ്റുമാണ് 29കാരിയായ ലെഫ്റ്റനന്റ് ശിവാംഗി സിംഗ്. 2015ലാണ് ഇന്ത്യ സ്ത്രീകളെ ആദ്യമായി യുദ്ധവിമാന പൈലറ്റ് റാങ്കുകളിൽ ഉൾപ്പെടുത്തിയത്. ഇതിനുശേഷം 2017ലാണ് അക്കാഡമിക്, കായിക മികവോടെ ശിവാംഗി പുരുഷാധിപത്യമുള്ള മേഖലയിൽ സ്ഥാനം ഉറപ്പിച്ചത്. ഇന്ത്യൻ പ്രതിരോധ മേഖലയുടെ സുപ്രധാന ഭാഗമായ ഫ്രഞ്ച് നിർമ്മിത സിംഗിൾ സീറ്റ് റാഫേൽ ജെറ്റുകൾ പറത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ശിവാംഗി.
വാരണാസിയിൽ ജനിച്ച ശിവാംഗി സിംഗ് നിറയെ വെല്ലുവിളികൾ ഉണ്ടായിരുന്ന സെലക്ഷൻ പ്രക്രിയകൾക്കും സിമുലേറ്റർ പരിശീലനത്തിനും ശേഷമാണ് 2020ൽ റാഫേൽ പോർവിമാനവുമായുള്ള യാത്ര ആരംഭിച്ചത്. ഒറ്റയ്ക്കുള്ള പറക്കലിനെ ആവേശകരമായ അനുഭവമായാണ് ശിവാംഗി കാണുന്നത്. 2023ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റുമാർ ഉൾപ്പെടെ 1600ൽ അധികം വനിതാ ഓഫീസർമാരാണ് ഉള്ളത്. വിദ്യാഭ്യാസം നേടാനും സ്വതന്ത്രമായി ചിന്തിച്ച് തീരുമാനമെടുക്കാനും പ്രോത്സാഹിപ്പിച്ചു കൂടെ നിന്ന കുടുംബമാണ് തന്റെ നേട്ടങ്ങൾക്കു പിന്നിലെന്ന് ശിവാംഗി പറയുന്നു. വിദ്യാഭ്യാസത്തിനൊപ്പം സ്വതന്ത്രയാകാൻ ശീലിപ്പിച്ച്, എല്ലാ ശ്രമങ്ങളെയും പിന്തുണച്ച അമ്മയാണ് ശിവാംഗിയുടെ ഏറ്റവും വലിയ പ്രചോദനം.

ഇതുവരെ കൈവരിച്ച നേട്ടങ്ങളിൽ ഒതുങ്ങാൻ ശിവാംഗി തയ്യാറല്ല. ഇന്ത്യ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യത്തിന് ഒരുങ്ങുമ്പോൾ അതിന്റെ ഭാഗമാകാനുള്ള തയാറെടുപ്പുകളിലാണ് ശിവാംഗി ഇപ്പോൾ. ബഹിരാകാശ ദൗത്യത്തിലേയ്ക്കുള്ള ആദ്യ പടിയായി ടെസ്റ്റ് പൈലറ്റാകാനുള്ള ട്രെയിനിങ് കോഴ്സിന്റെ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് ശിവാംഗി. ബഹിരാകാശ സഞ്ചാരിയാകണം എന്ന ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവും പൂർത്തിയാക്കാൻ സാധിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ശിവാംഗി.
Shivangi Singh becomes India’s first woman Rafale pilot, marking a significant milestone for women in the Indian Air Force.