ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് രാജ്യത്തെ എയപോർട്ടുകളിലെ സുരക്ഷാ കാര്യങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യാത്രക്കാർക്കായി പ്രത്യേക അറിയിപ്പുമായി എത്തിയിരിക്കുകയാണ് വിമാനത്താവളങ്ങൾ. അധിക സുരക്ഷാ സംവിധാനങ്ങളുടെ ഘട്ടത്തിൽ യാത്രക്കാർ കൂടുതൽ സമയം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നേക്കാം എന്ന് വിവിധ വിമാനത്താവളങ്ങൾ പുറത്തിറക്കിയ അറിയിപ്പുകളിൽ പറയുന്നു. ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങൾക്കു പുറമേ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ അടക്കം സുരക്ഷാ അറിയിപ്പുമായി എത്തി.

സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി യാത്രക്കാർ നേരത്തെ എത്തിച്ചേരണമെന്ന് വിവിധ വിമാനത്താവള അധികൃതർ അറിയിച്ചു. സെക്യൂരിറ്റി ചെക്ക് പോലുള്ള കാര്യങ്ങൾക്ക് കൂടുതൽ സമയമെടുക്കും എന്നതുകൊണ്ടാണിത്. സുരക്ഷാ ഉദ്യോഗസ്ഥരുമായും എയർപോർട്ട് ജീവനക്കാരുമായും പൂർണ രീതിയിൽ സഹകരിക്കാനും യാത്രകൾക്കു മുൻപ് കൂടുതൽ വിവരങ്ങൾക്കായി അതാത് വിമാനത്താവളങ്ങളുടെ സമൂഹമാധ്യമ ചാനലുകൾ സന്ദർശിക്കാനും അധികൃതർ നിർദേശിച്ചു.
രാജ്യത്തെ ചില വിമാനത്താവളങ്ങൾ അടച്ചിടുകയും വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഇത് വിമാന സർവീസുകളെ ബാധിക്കുമെന്നും കഴിഞ്ഞ ദിവസം വിവിധ വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിലേക്ക് എത്തുന്നതിന് മുമ്പ് യാത്ര ചെയ്യാനുദ്ദേശിക്കുന്ന വിമാന കമ്പനിയുമായി ബന്ധപ്പെട്ട് സർവീസുകളുടെ അവസ്ഥ എന്താണെന്ന് യാത്രക്കാർ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, രാജ്യത്ത് താൽക്കാലികമായി അടച്ച 32 വിമാനത്താവളങ്ങൾ ഈ മാസം 14 വരെ പ്രവർത്തിക്കില്ല. ചണ്ഡിഗഡ്, ശ്രീനഗർ, അമൃത്സർ, ലുധിയാന, കുളു–മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സാൽമർ എന്നീ വിമാനത്താവളങ്ങളും വിവിധ സംസ്ഥാനങ്ങളിൽ പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും ഇക്കൂട്ടത്തിലുണ്ട്.
Following the India-Pakistan tensions, security has been tightened at airports across the country. Passengers are advised to arrive early and cooperate with authorities. Advisory issued in Kochi and Thiruvananthapuram airports as well.