കാസർഗോഡ്-തിരുവനന്തപുരം എൻഎച്ച് 66 ആറ് വരിയാക്കൽ ജോലികൾ പുരോഗമിക്കുകയാണ്. കാസർഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം മുക്കോല വരെ 644 കിലോമീറ്റർ ദൈർഘ്യമുള്ള എൻഎച്ച് 66ന്റെ പ്രവർത്തനങ്ങൾ 22 റീച്ചുകളായാണ് നടപ്പിലാക്കുന്നത്. ഇവയിൽ നാലെണ്ണം ഒരു മാസത്തിനുള്ളിൽ ഗതാഗതത്തിനായി തുറക്കും. ശേഷിക്കുന്ന റീച്ചുകളുടെ 60 ശതമാനത്തിലധികം ജോലികൾ പൂർത്തിയായിട്ടുണ്ട്. വീതികൂട്ടൽ പൂർത്തിയാകുന്നതോടെ 220 കിലോമീറ്റർ ദൈർഘ്യമുള്ള എറണാകുളം-തിരുവനന്തപുരം പാത രണ്ടര മണിക്കൂർ കൊണ്ട് വാഹനങ്ങൾക്ക് പിന്നിടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരം വരെ റോഡ് മാർഗം എത്തുന്നതിന് അഞ്ച്-ആറ് മണിക്കൂർ വരെ സമയം വേണം.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പാതയിൽ ട്രാഫിക് സിഗ്നലുകളും വലത് വശത്തേക്കുളള തിരിവുകളും പരമാവധി ഒഴിവാക്കും. വാഹന ഗതാഗതം മന്ദഗതിയിലാക്കും എന്നതിനാൽ യു-ടേണുകളും അനുവദിക്കില്ല. യു-ടേൺ എടുക്കേണ്ട വാഹനങ്ങൾ സർവീസ് റോഡിലൂടെ കടന്നുപോയി അണ്ടർപാസുകൾ ഉപയോഗിക്കുന്ന തരത്തിലാകും നിർമാണം. 22 റീച്ചുകളിൽ തലപ്പാടി-ചെങ്കള (39 കി.മീ), വെങ്ങളം-രാമനാട്ടുകര (28.4 കി.മീ), രാമനാട്ടുകര-വളാഞ്ചേരി (39.68 കി.മീ), വളാഞ്ചേരി-കാപ്പിരിക്കാട് (37.35 കി.മീ) എന്നിവയുടെ പ്രവൃത്തികളാണ് ഇപ്പോൾ അന്തിമഘട്ടത്തിലുള്ളത്.
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ 65 ശതമാനം ജോലികളും ഇടപ്പള്ളി-മൂത്തകുന്നം ഭാഗത്തിന്റെ വീതി കൂട്ടൽ ജോലികളുടെ 60 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. 2026 ജനുവരിയോടെ പാതയുടെ വീതികൂട്ടൽ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Kasaragod-Thiruvananthapuram NH 66 six-lane widening is progressing. Travel time from Ernakulam to Thiruvananthapuram will be reduced to 2.5 hours.