ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ട്രെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സുഡിയോ പത്ത് വർഷങ്ങൾ കൊണ്ട് ഇന്ത്യയിലുടനീളം 400ലധികം സ്റ്റോറുകൾ തുറക്കുന്നതിലേക്ക് വളർന്നു. അന്താരാഷ്ട്ര ഫാഷൻ ഭീമന്മാർ ഇന്ത്യൻ നഗരങ്ങൾ കേന്ദ്രീകരിച്ച് മത്സരിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യൻ ബ്രാൻഡ് നിശബ്ദമായി ദശലക്ഷക്കണക്കിന് ആളുകളുടെ വാർഡ്റോബുകളിലേക്ക് കടന്നുവന്നത്. ഇ-കൊമേഴ്സ് സാന്നിധ്യമില്ലാത്ത ബ്രാൻഡ് ഇന്ത്യയുടെ
ഫാഷൻ റീട്ടെയിൽ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചത് എങ്ങനെയെന്നു നോക്കാം.
റീട്ടെയിൽ തന്ത്രങ്ങളും വ്യക്തതയുമാണ് സുഡിയോയുടെ വിജയഗാഥയ്ക്കു പിന്നിൽ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള സംരംഭമാണെങ്കിലും, കമ്പനിയുമായി ബന്ധപ്പെട്ട ഉയർന്ന നിലവാരമുള്ള ബ്രാൻഡിംഗും ആക്രമണാത്മക മാർക്കറ്റിംഗും സുഡിയോ ഒഴിവാക്കി. പ്രീമിയം, കോർപ്പറേറ്റ് ഉത്പന്നവുമായല്ല സുഡിയോ എത്തിയത്. താങ്ങാനാവുന്ന വിലയിൽ നല്ല വസ്ത്രം വാങ്ങാൻ ഉദ്ദേശിക്കുന്ന കോടിക്കണക്കിന് ഉപഭോക്താക്കളാണ് സുഡിയോയുടെ കസ്റ്റമേർസ്. ഈ സ്ഥാനനിർണ്ണയം സുഡിയോയെ സംബന്ധിച്ച് പ്രധാനമായി. വെസ്റ്റ്സൈഡ് പോലുള്ള ടാറ്റയുടെ മറ്റ് റീട്ടെയിൽ വിഭാഗങ്ങൾ മിഡിൽ-അപ്പർ മിഡിൽ വിഭാഗങ്ങളെ ലക്ഷ്യമിട്ടപ്പോൾ ഫാഷൻ പ്രസ്താവനകൾക്കപ്പുറം ദൈനംദിന ഷോപ്പേർസിന്റെ ശ്രദ്ധ ആകർഷിക്കാൻ സുഡിയോയ്ക്കായി.

സുഡിയോയുടെ ഉൽപ്പന്ന തന്ത്രം വളരെ വ്യക്തമാണ്. 2024 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച്, സുഡിയോയുടെ 85% ഇനങ്ങളുടെയും വില 1000 രൂപയിൽ താഴെയാണ്. കൂടാതെ അതിന്റെ മിക്ക പ്രധാന സ്റ്റോക്ക കീപ്പിങ് യൂനിറ്റുകളും 300–500 രൂപ ശ്രേണിയിലാണ്. താങ്ങാനാവുന്ന വില എന്ന ലേബൽ ആരും പറയാതെതന്നെ സുഡിയോ കൈവരിച്ചു. പുതിയ വസ്ത്രങ്ങൾ അണിയാൻ ആഗ്രഹിക്കുന്നവരും എന്നാൽ എപ്പോഴും അത് വാങ്ങാൻ കെൽപ്പില്ലാത്തവരുമായ യുവാക്കൾ ഏറെയുള്ള വിപണിയിൽ സുഡിയോയുടെ കുറഞ്ഞ വില കാന്തം പോലെ പ്രവർത്തിക്കുന്നു. വേഗത്തിലുള്ള ഉൽപ്പന്ന വിറ്റുവരവും ഇതിന്റെ ഫലമാണ്. എന്നാൽ വില കുറച്ചെന്നു വെച്ച് സ്റ്റൈലിൽ കുറവുമില്ല. ഓരോ 3–4 ആഴ്ചയിലും ശൈലികൾ മാറുന്ന തരത്തിലാണ് സുഡിയോയുടെ വിൽപന രീതി. ഓരോ സുഡിയോ സ്റ്റോറുകളും സാധാരണയായി 7000–8000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളവയാണ്. ഉയർന്ന വോള്യത്തിനും തിരക്കിനും അനുയോജ്യമായ രീതിയിൽ അവ ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു. ടയർ 2, ടയർ 3 നഗരങ്ങളിൽ സുഡിയോ ഇവ കൃത്യമായി നടപ്പിലാക്കുന്നു.
ഓൺലൈൻ വിൽപ്പന, ആപ്പ്, മാർക്കറ്റ്പ്ലേസ് സാന്നിധ്യം, ഇ-കൊമേഴ്സ് തന്ത്രം തുടങ്ങിയവയൊന്നും സുഡിയോയ്ക്കില്ല. എന്നിട്ടു പോലും 2025 സാമ്പത്തിക വർഷത്തിൽ സുഡിയോയുടെ വരുമാനം 1 ബില്യൺ ഡോളർ കവിഞ്ഞു, രണ്ട് വർഷത്തിൽ സ്റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കി. ഓഫ്ലൈനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന്ത് ഇൻവെന്ററി, വിലനിർണ്ണയം, ഇൻ-സ്റ്റോർ അനുഭവം എന്നിവയിൽ സുഡിയോയ്ക്ക് പൂർണ്ണ നിയന്ത്രണം നൽകുന്നു. സ്റ്റോറുകളുടെ എണ്ണം കൂട്ടുക എന്ന തന്ത്രവും പ്രധാനമാണ്. 2025 സാമ്പത്തിക വർഷത്തിൽ മാത്രം 200 സുഡിയോ ഔട്ട്ലെറ്റുകൾ കൂടി കൂട്ടിച്ചേർക്കാനുള്ള പദ്ധതികളാണ് ബ്രാൻഡിന്റേത്. ഇത് വിപണിയിലെ മറ്റുള്ളവരെ മറികടക്കാൻ സുഡിയോയെ സഹായിക്കുന്നു. താരങ്ങളെയും സെലിബ്രിറ്റികളെയും വെച്ചുള്ള വമ്പൻ പരസ്യങ്ങളിൽ നിന്നും ബ്രാൻഡ് വിട്ടുനിൽക്കുന്നതും ശ്രദ്ധേയമാണ്. പരസ്യങ്ങൾക്കു ചിലവാക്കുന്ന തുക കൂടി ഉന്മ്പന്നങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും ചിലവഴിക്കാൻ ഇതിലൂടെ കമ്പനിക്ക് സാധിക്കുന്നു.
Discover Zudio’s success story in India’s retail market, focusing on affordable fashion, an offline-only strategy, and rapid store expansion without traditional advertising or e-commerce.