ഡിജിറ്റൽ പരിവർത്തനത്തിനായുള്ള സുപ്രധാന ചുവടുവയ്പ്പിന് തയ്യാറെടുത്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). വിമാനത്താവള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായുള്ള സിയാൽ 2.0 എന്ന സമഗ്ര പദ്ധതിക്കാണ് കൊച്ചി വിമാനത്താവളം ഒരുങ്ങുന്നത്.

വിമാനത്താവളത്തിന്റെ ഡിജിറ്റൽ രംഗം ആധുനികവൽക്കരിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് മാറ്റമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. സൈബർ സുരക്ഷ, പ്രവർത്തന കാര്യക്ഷമത, യാത്രകൾ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി എഐ അധിഷ്ഠിത സംവിധാനങ്ങളുടെ ഉപയോഗം എന്നിവയിലാണ് നവീകരണം. സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ (CDOC) ആണ് നവീകരണത്തിന്റെ ഏറ്റവും ശ്രദ്ധേയ സവിശേഷത. ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇത്തരത്തിലുള്ള ആദ്യ പൂർണ്ണ തോതിലുള്ള, ഓൺ-പ്രിമൈസ് സെർവർ സൗകര്യമാണിത്. തത്സമയ ഇന്റലിജൻസ്, 24/7 നിരീക്ഷണം, ഡിജിറ്റൽ അപകടസാധ്യതകളോടുള്ള പ്രതികരണം എന്നിവയ്ക്കായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും ഡയറക്ടർ ബോർഡിന്റെയും നിർദേശാനുസരണം നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കൊച്ചി വിമാനത്താവളത്തിന്റെ വളർച്ചയുടെ പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയാണെന്ന് സുഹാസ് കൂട്ടിച്ചേർത്തു.
200 കോടി രൂപ ചിലവിലാണ് പദ്ധതി. വിമാനത്താവളത്തിലുടനീളം വിപുലമായ പുതിയ സാങ്കേതികവിദ്യകൾ ഇതിലൂടെ വരും. 4000ത്തിലധികം ഇന്റലിജന്റ് ക്യാമറകളുള്ള എഐ പവേർഡ് നിരീക്ഷണ സംവിധാനങ്ങൾ, ഫുൾ ബോഡി സ്കാനറുകൾ, സുരക്ഷാ പരിശോധനകളിലെ ഒഴുക്ക് സുഗമമാക്കുന്നതിന് ഓട്ടോമേറ്റഡ് ട്രേ വീണ്ടെടുക്കൽ സംവിധാനം എന്നിവ ഉൾപ്പെടെയാണിത്. അടുത്ത തലമുറ സുരക്ഷാ ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമായി ലിക്വിഡ് എക്സ്പ്ലോസീവ് ഡിറ്റക്ടറുകൾ, പോർട്ടബിൾ എക്സ്-റേ സ്കാനറുകൾ തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങളും സജ്ജമാകും.
മെയ് 19ന് നടക്കുന്ന സിയാൽ ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സെന്ററിൽ മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയൻ
പദ്ധതി ഉദ്ഘാടനം ചെയ്യും.
Cochin Airport is launching a Rs 200 crore digital upgrade, CIAL 2.0, on May 19th, featuring AI, enhanced cybersecurity, and faster passenger services.