പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകൾ വിശദീകരിക്കുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ സർവകക്ഷി സംഘത്തെ അയയ്ക്കുന്നു. പഹൽഗാം ആക്രമണത്തിലെ പാകിസ്ഥാന്റെ നിലപാടുകൾ ലോക രാജ്യങ്ങൾക്കു മുൻപിൽ തുറന്നുകാണിക്കുക കൂടിയാണ് പ്രതിനിധി സംഘങ്ങളുടെ ലക്ഷ്യം. ഇതിനായി പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ അടക്കമുള്ള ഏഴ് സംഘങ്ങളെയാണ് കേന്ദ്രസർക്കാർ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡെ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള ശ്രീകാന്ത് ഷിൻഡെ എന്നീ ബിജെപി-എൻഡിഎ നേതാക്കൾ നാല് സംഘങ്ങളെ നയിക്കും. കോൺഗ്രസ്സിൽ നിന്നും ശശി തരൂർ, എൻസിപി ശരദ് പവാർ വിഭാഗത്തിൽ നിന്നും സുപ്രിയ സുലെ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരാണ് പ്രതിനിധി സംഘത്തെ നയിക്കുന്ന പ്രതിപക്ഷ അംഗങ്ങൾ.
ഭീകരതയെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ ദേശീയ സമവായവും ദൃഢനിശ്ചയവും സർവകക്ഷി പ്രതിനിധികൾ ഉയർത്തിക്കാട്ടുമെന്ന് പാർലമെന്ററി കാര്യ മന്ത്രാലയം അറിയിച്ചു. പിടിഐ റിപ്പോർട്ട് പ്രകാരം യുഎസ് ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലേക്കാണ് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പോകുക. രവിശങ്കർ പ്രസാദിന്റെ പ്രതിനിധി സംഘം സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, അൾജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സംഘം ഒമാൻ, കെനിയ, ദക്ഷിണാഫ്രിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നും സഞ്ജയ് ഝായുടെ പ്രതിനിധി സംഘം ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ആറ് മുതൽ ഏഴ് വരെ എംപിമാരാണ് ഓരോ പ്രതിനിധി സംഘത്തിലും ഉണ്ടാകുക. ഓരോ സംഘവും നാലോ അഞ്ചോ രാജ്യങ്ങൾ സന്ദർശിക്കും. അനുരാഗ് ഠാക്കൂർ, അപരാജിത സാരംഗി, മനീഷ് തിവാരി, അസദുദ്ദീൻ ഒവൈസി, അമർ സിംഗ്, രാജീവ് പ്രതാപ് റൂഡി, സമിക് ഭട്ടാചാര്യ, ബ്രിജ് ലാൽ, സർഫറാസ് അഹമ്മദ്, പ്രിയങ്ക ചതുർവേദി, വിക്രംജിത് സാവ്ത്രാനി, ഭുബൻ കൽവാർ, സസ്മിത് കൽവാർ തുടങ്ങിയ വിവിധ പാർട്ടികളിലെ എംപിമാർ പ്രതിനിധി സംഘത്തിലുണ്ടാകും.
Following Operation Sindoor, India sends united all-party parliamentary delegations to key partner nations to reinforce its zero-tolerance stance against terrorism.