ഇന്ത്യ പാക് സംഘർഷങ്ങൾക്കിടെ രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈൽ പ്രതിരോധ സംവിധാനം പാക് മിസൈലുകളെ നിഷ്പ്രഭമാക്കിയപ്പോൾ സ്വന്തം മകന്റെ നേട്ടങ്ങളിലെന്ന അതിൽ അഭിമാനിക്കുന്ന ഒരു വ്യക്തിയുണ്ട്-പ്രഹ്ലാദ രാമറാവു. ഇന്ത്യയുടെ മിസൈൽ മാൻ എ.പി.ജെ. അബ്ദുൽ കലാമിനൊപ്പം ആകാശ് മിസൈൽ വികസനത്തിൽ സുപ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് പ്രഹ്ലാദ രാമറാവു.
ആകാശ് മിസൈൽ രാജ്യത്തിന്റെ സൈനിക ചരിത്രത്തിൽ ഇടം നേടുന്നതിനു വളരെ മുമ്പുതന്നെ പ്രഹ്ലാദ രാമറാവു തന്റെ പാരമ്പര്യം കെട്ടിപ്പടുക്കാൻ ആരംഭിച്ചിരുന്നു. 1990കളുടെ തുടക്കത്തിൽ ആകാശ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നമ്പോൾ വെറും 35 വയസ്സായിരുന്നു രാമറാവുവിന്റെ പ്രായം. ഏറ്റവും പ്രായം കുറഞ്ഞ പ്രോജക്ട് ഡയറക്ടറായി അദ്ദേഹം നിയമിതനായപ്പോൾ അന്ന് അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് എത്തിച്ചത് എ.പി.ജെയും.
എ.പി.ജെ ഹൈദരാബാദ് പ്രതിരോധ ഗവേഷണ ലബോറട്ടറിയുടെ (DRL) തലവനായിരുന്ന കാലത്തായിരുന്നു ഇത്. ഗുരു-ശിഷ്യ ബന്ധത്തിനു തുല്യമായ ബന്ധമായിരുന്നു ഇരുവരും തമ്മിൽ. അതിലുമുപരി എ.പി.ജെ യഥാർത്ഥ നേതാവായിരുന്നു എന്ന് രാമറാവു പറയുന്നു. ഒരു നേതാവ് ടീം സ്പിരിറ്റ് കൊണ്ടുവരികയും എല്ലാവരെയും പൊതു ലക്ഷ്യത്തിലേക്ക് പ്രവർത്തിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കീഴിൽ എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകൾ തുടങ്ങിയവ വലിയ വളർച്ച നേടിയതായി രാമറാവു ഒരു അഭിമുഖത്തിൽ പറഞ്ഞു.
പത്മശ്രീ ജേതാവായ 78കാരനായ രാമറാവു പാക് ഡ്രോണുകളുടെയും മിസൈലുകളുടെയും തിരമാലകളെ വിജയകരമായി തടഞ്ഞ ആകാശിന്റെ പ്രകടനത്തിൽ അഭിമാനം കൊള്ളുന്നു. സ്വന്തം കുഞ്ഞ് നന്നായി ജോലി ചെയ്യുമ്പോൾ തോന്നുന്നതിനു സമാനമായ അനുഭവമാണ് ഇതെന്ന് രാമറാവു പറഞ്ഞു. പത്മ അവാർഡിനേക്കാൾ വലുതാണ് ഈ നിമിഷമെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പതിനഞ്ച് വർഷം നീണ്ടുനിന്ന ആകാശ് പദ്ധതിയിൽ രാമറാവുവിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളമുള്ള ആയിരത്തിലധികം ശാസ്ത്രജ്ഞരും നിരവധി ഡിആർഡിഒ ലാബുകളും ഉൾപ്പെട്ടിരുന്നു. 1994ൽ 300 കോടി രൂപയുടെ പ്രാരംഭ ബജറ്റിലാണ് തദ്ദേശീയ മിസൈൽ കവചം ആരംഭിച്ചത്. സങ്കീർണ്ണമായ മൾട്ടിഫംഗ്ഷൻ ഇലക്ട്രോണിക് സ്കാൻ പോലുള്ള ഘട്ടം ഘട്ടമായുള്ള റഡാർ നിർമാണമായിരുന്നു പ്രൊജക്റ്റിൽ ഏറ്റവും പ്രധാനം. പിന്നീട് ബജറ്റ് 500 കോടി രൂപയായി പരിഷ്കരിച്ചു. ലോകത്തിലെവിടെയും വെറും 500 കോടി രൂപയ്ക്ക് ഇത്തരമൊരു മിസൈൽ പ്രതിരോധ സംവിധാനം കണ്ടുപിടിക്കാൻ കഴിയില്ലെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറയുന്നു. ആകാശ് ഏറ്റവും വിലകുറഞ്ഞതും എന്നാൽ ഏറ്റവും ഫലപ്രദവുമായ മിസൈൽ കവചമാണ്. 70 കിലോമീറ്റർ അകലെ നിന്ന് ശത്രു മിസൈൽ കണ്ടെത്തി 30 കിലോമീറ്റർ പരിധിയിൽ അതിനെ നിഷ്പ്രഭമാക്കാൻ ആകാശിനു സാധിക്കും.
എ.പി.ജെയുടെ മാർഗനിർദേശം മുതൽ യഥാർത്ഥ പോരാട്ടത്തിൽ ആകാശ് കരുത്തുറ്റ പ്രകടനം കാഴ്ചവയ്ക്കുന്നത് വരെയുള്ള രാമറാവുവിന്റെ യാത്ര, സ്ഥിരോത്സാഹത്തിനും, നൂതനാശയത്തിനുമൊപ്പം തദ്ദേശീയ വികസനത്തിന്റെ ശക്തിക്കുമുള്ള തെളിവാണ്.
Prahlada Ramarao, the disciple of ‘Missile Man’ APJ Abdul Kalam, is overjoyed at the success of India’s indigenous Akash missile defense system. Learn about the scientist behind it.