വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വമ്പൻ നിക്ഷേപവുമായി ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾ. റിലയൻസ്, അദാനി, വേദാന്ത തുടങ്ങിയ ഗ്രൂപ്പുകളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 1.55 ട്രില്യൺ രൂപയുടെ നിക്ഷേപവുമായി എത്തിയിരിക്കുന്നത്. ഡൽഹിയിൽ നടന്ന റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയിലാണ് ഈ ഗ്രൂപ്പുകളുടെ നിക്ഷേപക തീരുമാനം.

ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ക്ലീൻ എനർജി, റീട്ടെയിൽ, ആരോഗ്യ സംരക്ഷണം, സ്‌പോർട്‌സ് തുടങ്ങിയ മേഖലകളിലായി അഞ്ച് വർഷത്തിനുള്ളിൽ ഗ്രൂപ്പ് നോർത്ത് ഈസ്റ്റ് മേഖലയിലെ നിക്ഷേപം ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 75,000 കോടി രൂപയായി ഉയർത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. കഴിഞ്ഞ 40 വർഷത്തിനിടെ റിലയൻസ് ഏകദേശം ₹30,000 കോടി മേഖലയിൽ നിക്ഷേപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അത് ഇരട്ടിയിലധികം വർദ്ധിപ്പിക്കും. ഇതിലൂടെ 2.5 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും-അദ്ദേഹം പറഞ്ഞു.
മൂന്നു മാസം മുൻപ് ആസാമിൽ നടത്തിയ 50000 കോടി രൂപയുടെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ, അടുത്ത ദശകത്തിൽ 50000 കോടി രൂപയുടെ അധിക നിക്ഷേപമാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാർട്ട് മീറ്ററുകൾ, ജലവൈദ്യുത പദ്ധതികൾ, പമ്പ് സംഭരണം, വൈദ്യുതി, റോഡുകളും ഹൈവേകളും, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ വഴി ശേഷി വർദ്ധിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള ഹരിത ഊർജ്ജത്തിലായിരിക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
അരുണാചൽ പ്രദേശ്, നാഗാലാൻഡ്, ത്രിപുര, മേഘാലയ, മിസോറാം എന്നിവിടങ്ങളിൽ 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ പറഞ്ഞു. എണ്ണ, വാതകം, ധാതുക്കൾ, ശുദ്ധീകരണ സൗകര്യങ്ങൾ, വൈദ്യുതി, ഒപ്റ്റിക്കൽ ഫൈബർ, സിസ്റ്റം ഇന്റഗ്രേഷൻ, പുനരുപയോഗ ഊർജ്ജം, ട്രാൻസ്മിഷൻ മേഖലകൾ, ഡാറ്റാ സെന്ററുകൾ എന്നീ മേഖലകളിലാണ് കമ്പനി നിക്ഷേപം നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
Reliance, Adani, and Vedanta announce ₹1.55 trillion in total investments across Northeast India at the Rising Northeast Summit, focusing on digital, clean energy, and infrastructure.