ആഭ്യന്തര ടൂറിസം, ഡെസ്റ്റിനേഷൻ വിവാഹങ്ങൾ, വിമാനയാത്ര, ഹോട്ടൽ–ഉപഭോഗ മേഖലകൾ എന്നിവ ചേർത്ത് ഒരുകാലത്ത് ഓഫ് സീസണായി കണ്ടിരുന്ന ശീതകാലം ഇന്ന് വൻ സാമ്പത്തിക ചലനങ്ങളുടെ കാലമായി മാറിയിരിക്കുകയാണ്. ശീതകാല ടൂറിസം, ആഭ്യന്തര ഡെസ്റ്റിനേഷൻ വിവാഹങ്ങൾ, ഉപഭോഗ വിപണി എന്നിവയാണ് ഈ സാമ്പത്തിക നീക്കത്തിന്റെ പ്രധാന മേഖലകൾ. ഈ മാറ്റത്തെ കേന്ദ്ര സർക്കാർ വ്യക്തമായ സാമ്പത്തിക അവസരമായി അവതരിപ്പിക്കുന്നുമുണ്ട്.

‘മൻ കി ബാത്ത്’ പരിപാടികളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശീതകാലത്തെ ഓഫ്-സീസൺ എന്ന നിലയിൽ കാണരുതെന്നും അത് വളർച്ചയ്ക്കുള്ള ഉപയോഗിക്കപ്പെടാത്ത ജാലകമാണെന്നും വ്യക്തമാക്കിയതും ഈ സാഹചര്യത്തിലാണ്. കേന്ദ്ര–സംസ്ഥാന ടൂറിസം പദ്ധതികളും, സ്വദേശ് ദർശൻ 2.0 പോലുള്ള ഡെസ്റ്റിനേഷൻ വികസന പദ്ധതികളും ഈ ശൈത്യകാല വിനോദസഞ്ചാര വളർച്ചയ്ക്ക് പശ്ചാത്തലമായി പ്രവർത്തിക്കുന്നുണ്ട്. ഉത്തരാഖണ്ഡ് അടക്കമുള്ള ഹിമാലയൻ സംസ്ഥാനങ്ങളിലെ ശീതകാല ടൂറിസത്തിനാണ് പ്രത്യേക പ്രാധാന്യം നൽകുന്നത്. ഓലി, മുൻസ്യാരി, ചോപ്പ്ത, ദെയാര തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. ആദി കൈലാഷ് മേഖലയിലെ സന്ദർശകർ മൂന്ന് വർഷത്തിനുള്ളിൽ 2,000ൽ നിന്ന് 30,000ലേക്ക് ഉയർന്നതും ശൈത്യകാല ടൂറിസത്തിലെ വളർച്ച വ്യക്തമാക്കുന്ന ഉദാഹരണമാണ്.

‘വെഡ് ഇൻ ഇന്ത്യ’: ശീതകാല ബിസിനസിന്റെ എൻജിൻ
ഇന്ത്യയുടെ വിവാഹ വ്യവസായമാണ് ശീതകാല സാമ്പത്തിക ചൂടിന്റെ കേന്ദ്രബിന്ദുവാകുന്നത്. വിദേശത്തേക്കാൾ, ആഭ്യന്തരമായി വിവാഹങ്ങൾ നടത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടൊപ്പം ഡെസ്റ്റിനേഷൻ വിവാഹങ്ങൾ കുന്നിൻ പ്രദേശങ്ങളിലേക്കും പൈതൃക നഗരങ്ങളിലേക്കും റിസോർട്ട് ടൗണുകളിലേക്കും വ്യാപിക്കുകയാണ്. കൊൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ഡാറ്റ അനുസരിച്ച് കഴിഞ്ഞ വർഷം നവംബർ–ഡിസംബർ കാലയളവിൽ മാത്രം 38 ലക്ഷം വിവാഹങ്ങൾ നടന്നു. ഇതിലൂടെ ₹4.74 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഉണ്ടായത്—മുൻവർഷത്തേക്കാൾ 26 ശതമാനം വർധന. ഹോട്ടൽ മേഖലയാണ് ശൈത്യകാല ടൂറിസത്തിന്റെയും വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകളുടെയും ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്ന്. റാഡിസൺ, ഐടിസി തുടങ്ങിയ ഗ്രൂപ്പുകൾ ശീതകാലത്ത് വിവാഹങ്ങളിലൂടെ റെക്കോർഡ് വരുമാനമാണ് രേഖപ്പെടുത്തുന്നത്. ചില ടയർ-2, ടയർ-3 നഗരങ്ങളിലെ ഹോട്ടലുകളിൽ വാർഷിക വരുമാനത്തിന്റെ പകുതിയിലധികവും വിവാഹങ്ങളിലൂടെയാണ് ലഭിക്കുന്നത്.

വിമാനയാത്ര, റീട്ടെയിൽ, ആഭരണ വിപണി
വിവാഹ സീസണും വിനോദസഞ്ചാരവും ചേർന്ന് ആഭ്യന്തര വിമാനയാത്രയിൽ വലിയ വർധനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഗോവ, ജയ്പൂർ, ഉദയ്പൂർ, കൊച്ചി, ശ്രീനഗർ, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. വിവാഹങ്ങളെ ചുറ്റിപ്പറ്റി ആഭരണ വിപണിയും സജീവമാണ്. സ്വർണാഭരണങ്ങൾക്കൊപ്പം ലഘുവായ ഡിസൈനുകളും പുതിയ ട്രെൻഡുകളും കൂടുതൽ ആവശ്യക്കാരെ ആകർഷിക്കുന്നു. വസ്ത്രം, ഇലക്ട്രോണിക്സ്, എഫ്എംസിജി മേഖലകളിലും ഉപഭോഗം ശീതകാലത്ത് ഉയർന്ന നിലയിൽ തുടരുകയാണ്.

ശീതകാലം ഇനി ഓഫ്-സീസൺ അല്ല, സാമ്പത്തിക സീസൺ
ആഭ്യന്തര ടൂറിസം 2030ഓടെ ഇരട്ടിയാകുമെന്ന കണക്കുകൾക്കൊപ്പം വിമാനയാത്രക്കാരുടെയും ഹോട്ടൽ ആവശ്യത്തിന്റെയും വളർച്ച ഇന്ത്യയെ പുതിയ വെല്ലുവിളികളിലേക്ക് നയിച്ചേക്കാം. എന്നാൽ അതോടൊപ്പം ശീതകാലം സ്ഥിരമായ സാമ്പത്തിക വളർച്ചാ ഘട്ടമായി മാറിക്കൊണ്ടിരിക്കുന്നതും വ്യക്തമാണ്. ശീതകാലത്തെ വിനോദസഞ്ചാരത്തിന്റെയും ആഭ്യന്തര വിവാഹങ്ങളുടെയും കേന്ദ്രമാക്കി മാറ്റാനുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും സന്ദേശവും വിപണി ശക്തികളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, ഇന്ത്യയുടെ ഏറ്റവും തണുത്ത മാസങ്ങൾ രാജ്യത്തിന്റെ ഏറ്റവും ചൂടേറിയ ബിസിനസ് ഡീലുകളുടെ കാലമായി മാറുകയാണ്.

Explore how the Modi government is transforming India’s winter from an ‘off-season’ into a multi-billion dollar business opportunity through ‘Wed in India’ and winter tourism.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version