കർണാടക ഗവൺമെന്റ് ഉത്പന്നമായ മൈസൂർ സാൻഡൽ സോപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ്, ദക്ഷിണേന്ത്യൻ താരം തമന്ന ഭാട്ടിയയെ കർണാടക സർക്കാർ തിരഞ്ഞെടുത്തിരുന്നു. ഇപ്പോൾ ഗവൺമെന്റ് താരവുമായി 6.20 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. എന്നാൽ ഗവൺമെന്റിന്റെ പുതിയ നീക്കം ഓൺലൈനിൽ അടക്കം കടുത്ത വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഉൽപ്പന്നം പ്രൊമോട്ട് ചെയ്യാൻ പ്രാദേശിക കന്നഡ താരങ്ങളെ പരിഗണിക്കാത്തതാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദ്യം ചെയ്യുന്നത്.
മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച് രണ്ട് വർഷത്തേക്കാണ് തമന്നയും ബ്രാൻഡുമായുള്ള കരാർ. 1916ൽ, രാജഭരണ കാലം മുതൽ ഉൽപാദനത്തിലുള്ള മൈസൂർ സാൻഡൽ സോപ്പ് കർണാടകയുടെ സാംസ്കാരിക ഘടനയിൽത്തന്നെ ആഴത്തിൽ വേരുകളുള്ള ഒന്നായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ ബ്രാൻഡ് പ്രവർത്തിപ്പിക്കുന്നത് ഗവൺമെന്റ് ഉടമസ്ഥതയിലുള്ള കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (KSDL) ആണ്. ഇത്രയും പ്രാദേശിക പാരമ്പര്യം ഉണ്ടായിട്ടും കർണാടക സ്വദേശി അല്ലാത്ത താരത്തെ തിരഞ്ഞെടുക്കാനുള്ള തീരുമാനമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വ്യാപക എതിർപ്പിന് കാരണമായിരിക്കുന്നത്.
കർണാടകയുടെ അഭിമാനമായി കണക്കാക്കപ്പെടുന്ന ഉൽപ്പന്നത്തെ പ്രതിനിധീകരിക്കാൻ പ്രാദേശിക മുഖം തിരഞ്ഞെടുക്കാത്തതിൽ ഉപയോക്താക്കൾ നിരാശ പ്രകടിപ്പിക്കുന്നു. പല കന്നഡ നടിമാരും ബ്രാൻഡിങ്ങിനായി ലഭ്യമായിട്ടും എന്തുകൊണ്ടാണ് പുറത്തുനിന്നുള്ള താരത്തെ കൊണ്ടുവന്നത് എന്നാണ് മിക്ക ആളുകളും ചോദിക്കുന്നത്. തമന്നയ്ക്കു പകരം രുക്മിണി വസന്ത്, പ്രണിത, രശ്മിക മന്ദാന, ശ്രീനിധി ഷെട്ടി തുടങ്ങിയ താരങ്ങളെ പരിഗണിക്കാമായിരുന്നു എന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.
എന്നാൽ കർണാടകയ്ക്ക് അപ്പുറമുള്ള വിപണികളിലേക്ക് കൂടുതൽ സ്വാധീനമുണ്ടാക്കാനാണ് മൈസൂർ സാൻഡലിന്റെ ശ്രമമെന്നും ഇതിന്റെ ഭാഗമായാണ് തമന്നയെപ്പോലെ തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ പേരെടുത്ത താരത്തെ തിരഞ്ഞെടുത്തത് എന്നും മന്ത്രി എം.ബി. പാട്ടീൽ പ്രതികരിച്ചു. സോഷ്യൽ മീഡിയ സാന്നിധ്യത്തിലും തമന്ന മുന്നിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Tamannaah Bhatia has been appointed as the new brand ambassador for Mysore Sandal Soap in a 2-year, Rs 6.20 crore deal. The decision sparked social media debate over the choice of a non-Kannada actress for the iconic Karnataka brand.