ലോകത്ത് ഇന്നും നിരവധി രാജകുടുംബങ്ങളും സമ്പന്നരായ നിരവധി രാജാക്കൻമാരുമുണ്ട്. എന്നാൽ അവരിൽ ഏറ്റവും സമ്പന്നൻ തായ്‌ലാൻഡ് രാജാവായ മഹാ വജ്രലോങ്കോൺ ആണ്. കിംഗ് രാമ പത്താമൻ എന്നും അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ആസ്തി 43 ബില്യൺ യുഎസ് ഡോളറാണ്. പിതാവിന്റെ മരണശേഷം 2019ലായിരുന്നു അദ്ദേഹത്തിന്റെ കിരീടധാരണം.
കുടുംബപരമായി കിട്ടിയ സമ്പാദ്യത്തിനു പുറമേ തായ്ലാൻഡിലെ വമ്പൻ കമ്പനികളിലെല്ലാം അദ്ദേഹത്തിനു പങ്കുണ്ട്. ഇതാണ് വജ്രലോങ്കോണിന്റെ ആസ്തി കുതിച്ചുയരാൻ കാരണം. ഇതിനു പുറമേ റിയൽ എസ്റ്റേറ്റ് മേഖലയിലും രാജാവിന് വമ്പൻ നിക്ഷേപങ്ങളുണ്ട്. ബാങ്കോങ്കിൽ മാത്രം 17000ത്തിലധികം വസ്തുക്കൾ രാജാവിന്റെ ഉടമസ്ഥതയിൽ ഉണ്ട് എന്നാണ് കണക്ക്.
സ്ട്രെച്ച്ഡ് ലിമോസിനുകൾ, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു എന്നിവയുടെ മുൻനിര മോഡലുകൾ ഉൾപ്പെടെ 300ലധികം ആഢംബര കാറുകൾ രാജാവിന്റെ കൈവശമുണ്ട്. ഇതിനു പുറമേ അദ്ദേഹത്തിന് 38 സ്വകാര്യ ജെറ്റുകളും ഉണ്ട്. പൂർണമായും സ്വർണത്തിൽ അലങ്കരിച്ച ആഢംബര നൗകകളും അദ്ദേഹത്തിന്റെ കൈവശമുണ്ടത്രേ.
ഈ വമ്പൻ സമ്പാദ്യം ഉണ്ടെങ്കിലും ഇന്ത്യൻ സമ്പന്നരായ മുകേഷ് അംബാനിയുടേയും ഗൗതം അദാനിയുടേയും അടുത്തൊന്നും ഈ രാജാവ് എത്തില്ല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അംബാനിയുടെ ആസ്തി 92.5 ബില്യൺ ഡോളറും അദാനിയുടേത് 56.3 ബില്യൺ ഡോളറുമാണ്.