സംസ്ഥാനത്തെ ബിയർ ഉപയോഗം കുറയുന്നതായി കണക്കുകൾ. 2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ ബിയർ വില്പനയിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നതായാണ് ബിവറേജസ് കോർപ്പറേഷൻ്റെ കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ട് . അതേ സമയം കേരളത്തിലെ കാർഷിക വിളകളിൽ നിന്നും വീഞ്ഞുല്പാദിപ്പിച്ചു വിപണനം നടത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകരെ വീഞ്ഞു നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുക അടക്കം കേരളത്തെ വീഞ്ഞിന്റെ വൻ ഉൽപാദന–ടൂറിസം കേന്ദ്രമാക്കി മാറ്റാൻ വിദഗ്ധ സമിതി രൂപീകരിച്ചു.
ആവശ്യക്കാരേറെയും വീര്യം കൂടിയ ഇന്ത്യൻ നിർമിത – വിദേശ നിർമിത മദ്യങ്ങൾക്കാണെന്നും, ഇതാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബിയർ പ്രേമികളുടെ എണ്ണത്തിലും ബിയർ ഉപഭോഗത്തിലും കുറവുണ്ടായതെന്നും ബിവറേജസ് കോർപ്പറേഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഓണമടക്കം ഉത്സവകാലങ്ങളിലടക്കം സംസ്ഥാനത്തെ മദ്യ വിൽപന പുതിയ റെക്കോർഡുകൾ ഇട്ടു കുതിക്കുന്നതിനിടെയാണ് ബിയർ ഉപയോഗം കുത്തനെ കുറയുന്നത്.2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നത് മൂലം സർക്കാരിന് നികുതിയിനത്തിലും ലക്ഷങ്ങളാണ് നഷ്ടം.
കണക്കുകള്‍ പ്രകാരം ബാർ, ബെവ്കോ ഔട്ട്ലെറ്റുകള് എന്നിവ ചേർത്തുള്ള ബിയര്‍ വില്പന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 112 ലക്ഷം കെയ്സ് ആയിരുന്നു. 2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്സ് ആയി കുറഞ്ഞു. പക്ഷേ
2023-25 കാലത്ത് 229.12 ലക്ഷം കെയ്സ് വിദേശമദ്യമാണ് സംസ്ഥാനത്ത് ചെലവായതെന്ന് കണക്കുകൾ പുറത്തു വന്നിരുന്നു .
ഇതിനിടയിലാണ് കേരളത്തെ വീഞ്ഞിന്റെ വൻ ഉൽപാദന–ടൂറിസം കേന്ദ്രമാക്കി മാറ്റാൻ വിദഗ്ധ സമിതി രൂപീകരിച്ചത്. കൃഷി പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവു പ്രകാരം കേരളത്തെ വീഞ്ഞിന്റെ വൻ ഉൽപാദന–ടൂറിസം കേന്ദ്രമാക്കി മാറ്റാൻ രൂപീകരിച്ച വിദഗ്ധ സമിതി 3 മാസത്തിനകം റിപ്പോർട്ട് നൽകണം.
എക്സൈസ് കമ്മിഷണറും ബിവറേജസ് കോർപറേഷൻ, കെഎസ്ഐഡിസി, കാബ്കോ എംഡിമാരും മറ്റും ഉൾപ്പെട്ട സമിതിയുടെ പരിഗണനയിൽ കേരളത്തിന്റെ കാർഷികോൽപന്നങ്ങളിൽ നിന്നുള്ള വീഞ്ഞ് നിർമാണവും വിപണനവും സംബന്ധിച്ച പ്രസക്ത വിഷയങ്ങളെല്ലാമുണ്ട്.
ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകരെ വീഞ്ഞു നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുക, കേരളത്തെ വീഞ്ഞിന്റെ വൻ ഉൽപാദന–ടൂറിസം കേന്ദ്രമാക്കി മാറ്റുക, കാർഷിക സർവകലാശാല അവർക്കു വേണ്ട സാങ്കേതിക പരിശീലനം നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
സംസ്ഥാനത്തു വീഞ്ഞ് ഉപഭോഗം കൂട്ടാൻ വില കുറയ്ക്കണം എന്നത് കണക്കിലെടുത്തു വീഞ്ഞിന്റെ നികുതി കുറയ്ക്കുന്നതു സംബന്ധിച്ചും സമിതി നിർദേശം നൽകണം. സംരംഭങ്ങൾ വീഞ്ഞു നിർമാണത്തിന് അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനകം ലൈസൻസ് നൽകുംവിധം സുതാര്യമായ നടപടിക്രമം വേണം. വീഞ്ഞ് ഉൽപാദനത്തിനു വേണ്ട സാങ്കേതിക, വിപണന സഹായങ്ങൾ നൽകാനും സംവിധാനം ഏർപ്പെടുത്തണം.
വീഞ്ഞ് ടൂറിസം പ്രോൽസാഹിപ്പിക്കാനായി വൈനറികൾ സ്ഥാപിക്കുന്നതിനും മാർഗരേഖ വേണം. പൊതു–സ്വകാര്യ സംരംഭ പങ്കാളിത്തത്തിലൂടെ ‘വൈൻ പാർക്കുകളും’ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാം.
വീഞ്ഞ് ഉൽപാദനം ഉൾപ്പെടെ കാർഷികോൽപന്നങ്ങളിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വിപണനം ചെയ്യുന്നതിന്റെ നോഡൽ ഏജൻസി കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) ആയിരിക്കും.