ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ആദ്യ 9000 എച്ച്പി ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിൻ. ഗുജറാത്തിലെ ദാഹോദിലുള്ള ഇലക്ട്രിക് ലോക്കോമോട്ടിവ് ഫാക്ടറിയിൽ നിർമിച്ച എഞ്ചിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഫ്ലാഗ്ഓഫ് ചെയ്തത്. 2022ൽ തറക്കല്ലിടൽ പൂർത്തിയായ ദാഹോദ് ലോക്കോമോട്ടീവ് നിർമ്മാണ വർക്ക്‌ഷോപ്പിൽ നിന്നും നിർമിക്കുന്ന ആദ്യ എഞ്ചിനാണിത്.
ആഭ്യന്തര ആവശ്യങ്ങൾക്കും കയറ്റുമതി ആവശ്യങ്ങൾക്കുമായി 9000 എച്ച്പി ഇലക്ട്രിക് ലോക്കോമോട്ടീവുകൾ നിർമ്മിക്കുന്നതിനാണ് ദാഹോദ് ഫാക്ടറി സമർപ്പിച്ചിരിക്കുന്നത്. ഫാക്ടറിയിൽ നിർമിക്കുന്ന ശക്തമായ 9000 എച്ച്പി ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിനുകൾ ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത ശേഷി വൻ തോതിൽ വർദ്ധിപ്പിക്കും. 4600 ടൺ ചരക്ക് വരെ കൊണ്ടുപോകാൻ കഴിയുന്ന എഞ്ചിനാണിത്. റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിരിക്കുന്ന ലോക്കോമോട്ടീവുകൾ പരിസ്ഥിതി സൗഹാർദപരവുമാണ്. 21405 കോടി രൂപ മുതൽമുടക്കിലാണ് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിലുള്ള സുപ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന ദാഹോദ് ഫാക്ടറി സജ്ജമാക്കിയത്.
പത്ത് വർഷത്തിനുള്ളിൽ ദാഹോദ് ഫാക്ടറിയിൽ ഏകദേശം 1200 എഞ്ചിനുകൾ നിർമിക്കാനാകും. വിപണി ആവശ്യകതകളെ അടിസ്ഥാനമാക്കി പ്രതിവർഷ ഉത്പാദനം 150 യൂണിറ്റായി വർദ്ധിപ്പിക്കാനുള്ള ശേഷിയും ഫാക്ടറിക്കുണ്ട്. ഇതിനുപുറമേ ദാഹോദ് റെയിൽവേ ഉൽപ്പാദന കേന്ദ്രം 10000 പേർക്ക് തൊഴിൽ നൽകുന്നതായും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ദാഹോദ് സന്ദർശനവേളയിൽ പ്രധാനമന്ത്രി നിരവധി റെയിൽവേ പദ്ധതികൾ അടക്കം 24000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കും തുടക്കം കുറിച്ചു. വരവലിൽ നിന്നും അഹമ്മദാബാദിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനും വൽസദ്-ദാഹോദ് എക്‌സ്‌പ്രസും പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു.
Prime Minister Modi inaugurated India’s first 9,000 HP electric locomotive and the new Dahod manufacturing plant, set to boost freight capacity and sustainable rail transport under the ‘Make in India’ initiative.