അമേരിക്കൻ ബഹുരാഷ്ട്ര റീട്ടെയിൽ കോർപറേഷനായ വാൾമാർട്ട് 1500 ടെക് ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന റിപ്പോർട്ടുകൾക്കിടെ സ്ഥാപനത്തിന്റെ ചീഫ് ടെക്നോളജി ഓഫീസറും ഇന്ത്യൻ വംശജനുമായ സുരേഷ് കുമാർ വാർത്തകളിൽ ഇടം നേടുകയാണ്. വാൾമാർട്ട് അർക്കാൻസാസിലെ ബെന്റൺവില്ലിലുള്ള ആസ്ഥാനത്തേയും ആഗോള സാങ്കേതിക സംഘത്തിലേയും ജോലികളാണ് കുറയ്ക്കുന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് വാൾമാർട്ട് സിടിഒ സുരേഷ് കുമാറും യുഎസ് സിഇഒ ജോൺ ഫർണറുമാണ് ഏകദേശം 1500 ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനത്തിനു പിന്നിൽ. പിരിച്ചുവിടലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സിടിഒ സുരേഷ് കുമാറിനെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നത്.
വാൾമാർട്ടിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഗ്ലോബൽ ചീഫ് ടെക്നോളജി ഓഫീസർ, ചീഫ് ഡെവലപ്മെന്റ് ഓഫീസർ എന്നീ സ്ഥാനങ്ങളാണ് സുരേഷ് കുമാർ വഹിക്കുന്നത്. ടെക് വ്യവസായത്തിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള അദ്ദേഹം ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ വൻകിട കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബെംഗളൂരു ബസവനഗുഡി സ്വദേശിയായ സുരേഷ് കുമാർ നിലവിൽ കാലിഫോർണിയയിലെ സണ്ണിവെയ്ലിലാണ് താമസിക്കുന്നത്. ബെംഗളൂരുവിൽ കുട്ടിക്കാലം ചിലവഴിച്ച അദ്ദേഹം മദ്രാസ് ഐഐടിയിൽ എയ്റോസ്പേസ്, എയറോനോട്ടിക്കൽ, ആസ്ട്രോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് ബിരുദം നേടി. തുടർന്ന് അദ്ദേഹം പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് കൺട്രോൾ സിസ്റ്റംസിൽ പിഎച്ച്ഡി സ്വന്തമാക്കി.

അടുത്തിടെ ലിങ്ക്ഡ്ഇൻ വഴി ഐഐടിയിലെ പഠനാനുഭവം പങ്കുവെച്ച അദ്ദേഹം എൺപതുകളുടെ അവസാനത്തിലാണ് താൻ ബിരുദ പഠനം പൂർത്തിയാക്കിയതെന്നും എന്നാൽ പഠനം ഒരിക്കലും നിലയ്ക്കുന്നില്ല എന്നും കുറിച്ചിരുന്നു. അടുത്തിടെ ബിരുദം നേടിയവർക്ക് മാർഗനിർദേശം വാഗ്ദാനം ചെയ്ത അദ്ദേഹം ജിജ്ഞാസ നിലനിർത്താനും, പ്രചോദനം നൽകുന്ന വ്യക്തികളുമായി ബന്ധപ്പെടാനും ജോലിയിൽ അഭിമാനിക്കാനും യുവാക്കളോട് ആഹ്വാനം ചെയ്തു.
Walmart recently announced nearly 1,500 tech job cuts, drawing criticism towards CTO Suresh Kumar. Learn more about Kumar’s profile, his extensive background at Google, Microsoft, and Amazon, and his recent advice for new graduates amidst the restructuring.