സംരംഭത്തിന്റേയും ബിസിനസ്സിന്റേയും ഹൈവോൾട്ടേജ് കാലത്ത്, സ്റ്റാർട്ടപ്പ് തുടങ്ങി മാസങ്ങൾക്കുള്ളിൽ കോടികൾ നിക്ഷേപം വരുന്ന കാലത്ത്, റിസ്ക്കുള്ള തീരുമാനങ്ങൾ എടുത്ത് പണം അമ്മാനമാടുന്നവരെ ആരാധിക്കുന്ന കാലത്ത്, വേഗത്തിലെടുക്കുന്ന തീർപ്പുകൾ മഹത്വവത്കരിക്കുന്ന കാലത്ത്, ക്ഷമയും, ദീർഘവീക്ഷണവും കൊണ്ട് പണത്തിന്റെ സാമ്രാജ്യം തീർത്ത ഒരു നിക്ഷേപകനുണ്ട്! ഒമാഹയിലെ വെളിപാടുകാരൻ എന്ന് നിക്ഷേപകരും സംരംഭകരും ഒരുപോലെ വിളിച്ച, ഓഹരി വിപണിയിലെ കോമരം! വാരൻ ബഫറ്റ്! പണം വാരാൻ ബക്കറ്റുമായി പതിനൊന്നാം വയസ്സിൽ വാൾസ്ട്രീറ്റിന്റെ ഇടനാഴിയിൽ കാലെടുത്തുവെച്ച സ്റ്റോക്ക് മാർക്കറ്റിലെ തമ്പുരാൻ!
കേവലം പണം പെരുക്കിയ കഥയിലെ അതിസമ്പന്നനായ ഒരു മുതലയല്ല വാരൻ ബഫറ്റ്, നിക്ഷേപകൻ എങ്ങനെ ചിന്തിക്കണം, എങ്ങനെ വളരണം, എല്ലാത്തിനുമുപരി വിജയം വാരിപ്പുണരുമ്പോൾ എങ്ങനെ വിനീതനായി നിൽക്കണം എന്ന് ലോകമെമ്പാടുമുള്ള നിക്ഷേപകർ ഭൂമിയുള്ള കാലത്തോളം വരിതെറ്റാതെ വായിക്കേണ്ട വേദപുസ്തകമാണ് വാരൻ ബഫറ്റ്!
1000 ഡോളറുണ്ടാക്കാൻ 1000 വഴികൾ എന്ന ബുക്ക് വായിക്കുമ്പോൾ വാരൻ ബഫറ്റിന്റെ പ്രായം കേവലം 10 വയസ്സാണ്! ആ ലഹരിയിൽ ആദ്യ കച്ചവടം തുടങ്ങി. ബബിൾഗം, കൊക്കക്കോള കുപ്പികളുടെ വിൽപ്പന, വാഷിംഗ്ടൺ പോസ്റ്റിന്റെ ഡെലിവറി ബോയ് അങ്ങനെ, ഒരു ഡോളറിന്റെ ലാഭം കിട്ടുന്ന എന്ത് പണിയും വാരൻ ബഫറ്റ് ചെയ്തു. പക്ഷെ അയാൾ വാരൻ ബഫറ്റ് ആയത് എന്ത് കൊണ്ടാണെന്ന് അറിയാമോ? കൊക്കക്കോളയുടെ കാലിക്കുപ്പി പെറുക്കി വിറ്റ വാരൻ, കൊക്കക്കോളയുടെ നിക്ഷേപകനായി! വാഷിംഗ്ടൻ പോസ്റ്റിന്റെ പേപ്പർ വിറ്റ വാരൻ, ആ മാധ്യമ സ്ഥാപനത്തിന്റേയും ഉടമകളിൽ ഒരാളായി! കാരണം, പൂജ്യത്തിൽ നിന്ന്, വിജയം മാത്രം ലക്ഷ്യമിട്ട് ഓഹരിക്കമ്പോളത്തിലിറങ്ങിയ മനുഷ്യനായിരുന്നു അയാൾ! ഓഹരിക്കമ്പോളത്തിലെ ആദ്യ പരീക്ഷണത്തിൽ നാച്വറൽ ഗ്യാസ് കമ്പനിയുടെ മൂന്ന് ഓഹരികൾ 114 ഡോളറിന് വാങ്ങുമ്പോൾ, വാരൻബഫറ്റിന് പ്രായം എത്രയാണെന്നോ? പതിനൊന്ന് വയസ്സ്! 17-ാം വയസ്സിൽ ആദ്യത്തെ ടാക്സ് റിട്ടേൺ ഫയൽ ചെയ്തു. അതുവരെ സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ട് വിശാലമായ കൃഷിയിടം സ്വന്തമാക്കുമ്പോൾ വാരൻ ബഫറ്റിന് മീശമുളച്ചിട്ടില്ല!
ദരിദ്രനായി നിന്നപ്പോൾ ലോട്ടറിയടിച്ച് കോടീശ്വരനായ വ്യക്തിയല്ല വാരൻ ബഫറ്റ്! ഹാർവാർഡ് ബിസിനസ്സ് സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. തിരസ്ക്കരിച്ചാൽ വാടിപ്പോകുന്ന, തോൽവി വന്നാൽ നിരാശയുടെ പടുകുഴിയിൽ വീഴുന്ന മനുഷ്യർക്കിടയിൽ, വീഴ്ച വിജയത്തിന്റെ വളമാക്കിയ വല്ലഭനായിരുന്നു വാരൻ! ഹാർവാർഡിൽ നിന്ന് തിരസ്ക്കരിക്കപ്പെട്ട വാരൻബഫറ്റ്, കൊളംബിയ സ്കൂളിൽ അഡ്മിഷൻ നേടി! അവിടെ, അവിടെ അയാളുടെ വിജയത്തിന്റെ ജാതകം കുറിച്ചു, ഓഹരിനിക്ഷേപ മേഖല അടക്കിവാഴാൻ പോകുന്ന വാരൻബഫറ്റിന് ആയുധവും അഭ്യാസവും നൽകിയത് കൊളംബിയയിൽ അദ്ദേഹം കണ്ടുമുട്ടിയ ബെഞ്ചമിൻ ഗ്രഹാമായിരുന്നു! മൂല്യാധിഷ്ഠിത നിക്ഷേപത്തിന്റെ നായകനായ ബെഞ്ചമിൻ!
വില ഇടിഞ്ഞ് നിൽക്കുന്ന സ്റ്റോക്കുകൾ പഠിച്ച്, സുരക്ഷിതമായ എണ്ണം നിശ്ചയിച്ച്, ആ ഓഹരികളിൽ നിക്ഷേപിക്കണമെന്ന ബെഞ്ചമിൻ ഗ്രഹാമിന്റെ ഫിലോസഫിയാണ് ജീവിതകാലം മുഴുവൻ വാരൻ ബഫറ്റിന്റെ നിക്ഷേപക മന്ത്രമായത്! ഷെയറിൻെ വില എന്നത് നിങ്ങൾ നൽകുന്നതാണ് . മൂല്യം എന്നത് നിങ്ങൾക്ക് ലഭിക്കുന്നതും! ഈ വലിയ പാഠമായിരുന്നു വാരൻ ബഫറ്റിനെ എന്നും നയിച്ചിരുന്നത്. പഠനശേഷം തിരികെ ഒമാഹയിൽ എത്തിയ ബഫറ്റ് സ്വന്തം സ്ഥാപനം തുടങ്ങി, ഓഹരിക്കമ്പോളത്തിൽ ശ്രദ്ധ പതിപ്പിച്ചു. 32-ഓമത്തെ വയസ്സിൽ വാരൻ ബഫറ്റ് മില്യണയറായി. പക്ഷെ പണമായിരുന്നില്ല, അയാളുടെ ആത്യന്തിക ലക്ഷ്യം, അസാധ്യമായ തരത്തിൽ അയാൾ കമ്പനികളെ പഠിച്ചു, നാളെ മൂല്യം കൂടുന്ന, എന്നാൽ ഇന്ന് വില കുറവായ ഷെയറുകളെ കണ്ടെത്തി നിക്ഷേപിച്ചു.
ഈ സമയത്താണ് വാരൻ ബഫറ്റിന്റെ ജീവിതവും, ലോകത്തെ ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോയുടെ ജാതകവും തിരുത്തിക്കുറിച്ച ഒരു നിക്ഷേപം അദ്ദേഹം നടത്തിയത്. ഇംഗ്ലണ്ടിൽ ഒരുകാലത്ത് ഏറ്റവും വലിയ ടെക്സ്റ്റയിൽ കമ്പനിയായിരുന്നതും, 1960-കളോടെ വിപണയിലെ കടുത്ത മത്സരവും മറ്റ് മില്ലുകളുടെ വളർച്ചയും കാരണം തകർച്ചയിലേക്ക് പോകുകയുമായിരുന്ന ബെർക്ക്ഷെ(ർ) ഹാത്തവേ (Berkshire Hathaway) -യിൽ വാരന്റെ കണ്ണുടക്കി. ബുക്ക് വാല്യുവിലും താഴെ ട്രേഡ് ചെയ്തിരുന്ന ബെർക്ക്ഷെ(ർ) ഹാത്തവേ-യുടെ ഷെയറുകൾ വാരിക്കൂട്ടാൻ വാരൻ ആരംഭിച്ചു. ഒരുഘട്ടത്തിൽ കമ്പനിയുടെ മാനേജ്മെന്റ് കൺട്രോൺ കയ്യാളിയ വാരൻ പുതിയ മാനേജ്മെന്റിനെ അവരോധിച്ചു!
ആ സമയത്ത് വാസ്തവത്തിൽ പുറത്ത് നിന്ന് നോക്കുന്നവർക്ക് വാരൻ ബഫറ്റ് ചെയ്തത് മണ്ടത്തരമെന്ന് തോന്നിയിരുന്നു. പക്ഷെ, കമ്പനിക്കുള്ള വലിയ അസറ്റ്സ് വാരൻ കണ്ടിരുന്നു. മാനേജ്മെന്റ് കൺട്രോൾ നേടിയതോടെ, നഷ്ടം മാത്രമുള്ള മില്ലിന്റെ ബിസിനസ്സ് വാരൻ ആ കമ്പനിയിൽ അവസാനിപ്പിച്ചു. ബെർക്ക്ഷെ(ർ) ഹാത്തവേ -യെ ഒരു ഹോൾഡിംഗ് കമ്പനിയായി നിർത്തിക്കൊണ്ട് മറ്റ് ബിസിനസ്സിൽ നിന്നുള്ള ക്യാഷ് ഫ്ലോ, ഇൻഷ്വറൻസ്, ബാങ്കിംഗ്, കൺസ്യൂമർ ബ്രാൻഡ്, ടെക്നോളജി സെക്ടറുകളിലെ കമ്പനികളിൽ നിക്ഷേപിച്ചു. അങ്ങനെയാണ് കൊക്കക്കോള, ആപ്പിൾ കമ്പനികളിൽ പോലും വലിയ ഓഹരി പങ്കാളിത്തം വാരൻബഫറ്റ് നേടുന്നത്. തകർന്ന് തരിപ്പണമായി, ബിസിനസ്സ് നിർത്തി, പൂട്ടലിന്റെ വക്കിലാണ് വാരൻ ബഫറ്റ് ബെർക്ക്ഷെ(ർ) ഹാത്തവേ -യുടെ ഓഹരികൾ സ്വന്തമാക്കിയത്, ഇന്ന് 80,000 കോടി ഡോളറിന്റെ ആസ്തിയിൽ ലോകത്തെ ഏറ്റവും വലിയ ബിസിനസ്സ് ഭീമനായി ബെർക്ക്ഷെ(ർ) ഹാത്തവേ തല ഉയർത്തി നിൽക്കുന്നു! ഒരേ ഒരു വെളിച്ചപ്പാടിന്റെ വെളിപാടിൽ!
ബെർക്ക്ഷെ(ർ) ഹാത്തവേ-യുടെ ഓഹരികൾ വാങ്ങിയത് ഒരു വികാരത്തിന്റെ പുറത്താണെന്ന് വാരൻബഫറ്റ് പിന്നീട് തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ചെയ്തത് മണ്ടത്തരമായി എന്ന് മറ്റുള്ളവർ കളിയാക്കിയപ്പോൾ, വാരൻ മിണ്ടാതിരുന്നു. എല്ലാവരും കരുതിയത്, തീരുമാനം തെറ്റായിപോയല്ലോ എന്ന നാണക്കേടിലാണ് അയാൾ മിണ്ടാത്തതെന്നാണ്. പക്ഷെ കളി നിയമം പോലും തിരുത്തി എഴുതി, ഓഹരി വാങ്ങിയ കമ്പനിയുടെ പ്രൈം ബിസിനസ്സ് തന്നെ താഴിട്ട് പൂട്ടി, വേറൊരു സംരംഭക ഉത്സവത്തിന്റെ കമ്പക്കെട്ടിന് അണിയറയിൽ അയാൾ തീകൊളുത്തുകയായിരുന്നു എന്ന് വാരനെ വിമർശിച്ചവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഓഹരിക്കമ്പോളത്തിലെ വാരൻ ബഫറ്റിന്റെ, കളിത്തട്ടിലെ നിയമം സിംപിളാണ്, കുഴിയിൽ പെട്ടു എന്ന് തിരിച്ചറിഞ്ഞാൽ അവിടെക്കിടന്ന് കൂടുതൽ കുഴിക്കാതിരിക്കുക! നിർഭയനായിരിക്കുക! ശാന്തനായി പോംവഴികളെക്കുറിച്ച് മാത്രം ചിന്തിക്കുക!
അതുകൊണ്ടാണ് ഋതുക്കൾ മാറുന്നപോലെ ഓഹരിവിപണികൾ പലവുരു തകർന്നപ്പോഴും ലോകസാമ്പത്തിക മാന്ദ്യം പലതവണ വന്നുപോയപ്പോഴും വാരൻ ബഫറ്റ് വാൾസ്ട്രീറ്റിൽ അയാൾ വലിച്ചിട്ടിരുന്ന കസേരയിൽ അങ്ങനെതന്നെ ഇരുന്നത്, തലയെടുപ്പോടെ! കാരണം ഭയം അയാളെ ഒരിക്കലും ബാധിച്ചില്ല, അയാൾ നിക്ഷേപിച്ചുകൊണ്ടേ ഇരുന്നു, പ്രത്യേകിച്ച് മറ്റുള്ളവർ വിറ്റപ്പോഴൊക്കെ, വാരൻ ബഫറ്റ് വാങ്ങിക്കൂട്ടി! വാരൻ ബഫറ്റ് പറയും- ഓഹരിക്കമ്പോളത്തിൽ മറ്റുള്ളവർ അത്യാഗ്രഹികളാകുമ്പോൾ നിങ്ങൾ ഭയപ്പെടുക, മറ്റുള്ളവർ ഭയപ്പെടുമ്പോൾ നിങ്ങൾ അത്യാഗ്രഹികളായിരിക്കുക!
വാരൻ ബഫറ്റ് നിക്ഷേപകനായ ശേഷം ബെർക്ക്ഷെ(ർ) ഹാത്തവേ കഴിഞ്ഞ 60 വർഷം കൊണ്ട് നിക്ഷപകർക്ക് തിരികെ നൽകിയത് 55 ലക്ഷം ശതമാനം റിട്ടേണാണ്. ലോകത്ത് ഒരു കമ്പനിക്കും നൽകാനാകാത്ത അത്ര റിട്ടേൺ, വെറുതെയാണോ, വാരൻ ബഫറ്റിനെ വെളിച്ചപ്പാടെന്ന് വിളിക്കുന്നത്. വെറുതെയാണോ ഈ മനുഷ്യൻ നിക്ഷേപകരിലെ കുട്ടിച്ചാത്തൻ ആകുന്നത്. പക്ഷെ, 6 പതിറ്റാണ്ടിന് ശേഷം ബെർക്ക്ഷെ(ർ) ഹാത്തവേ-യുടെ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന കാര്യം വാരൻ ബഫറ്റ് പ്രഖ്യാപിക്കുമ്പോൾ, ലോകം മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട് വാരൻ ബഫറ്റിന് തുല്യം അയാൾ മാത്രം!
ഓഹരിനിക്ഷേപത്തിൽ അതുവരെ, കൊടികെട്ടിയ നിക്ഷേപകരൊക്കെ തെറ്റെന്ന് കരുതിയത് വാരന് ശരിയായിരുന്നു.. നിക്ഷേപത്തിലെ ഈ അടിസ്ഥാന തത്വങ്ങളിലുള്ള വിപരീത മനോഭാവവും പരമമായ ആത്മവിശ്വാസവുമാണ് തകർച്ചയുടെ കൊടുങ്കാറ്റുകളെ മറികടക്കാൻ അദ്ദേഹത്തെ സഹായിച്ചത്. ശാന്തതയും പ്രതിബദ്ധതയും ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്ന് അദ്ദേഹം സംരംഭകർക്ക് കാണിച്ചുകൊടുത്തു. പണം കൊണ്ട് ഈ ഭൂമിയിൽ വാങ്ങാവുന്നതെല്ലാം വാങ്ങാവുന്ന അത്ര ഉയരത്തിൽ എത്തി നിന്നപ്പോ വാരൻ ബഫറ്റ് ചെയ്തത്, തന്റെ സ്വത്തിന്റെ 99%-ഉം ജീവകാരുണ്യ പ്രവർത്തികൾക്ക് എഴുതി വെക്കുക എന്നതാണ്. അവിടേയും സമ്പന്നന്മാരുടെ കേവല ബുദ്ധിക്ക് അപ്പുറം നിന്നു, വാരൻ ബഫറ്റ്!
ഓഹരി നിക്ഷേപകർക്ക് മാത്രമല്ല, സംരംഭകർക്കാകെ വാരൻ ബഫറ്റ് മാതൃകയാകുന്നത് അഞ്ച് കാര്യങ്ങളിലാണ്.
നിങ്ങൾക്ക് മനസ്സിലാകുന്ന കാര്യങ്ങളിൽ നിക്ഷേപിക്കുക. ക്ഷമയും അച്ചടക്കവും പുലർത്തുക. തെറ്റുകൾ സ്വീകരിക്കുകയും അവയിൽ നിന്ന് പഠിക്കുകയും ചെയ്യുക. നിങ്ങൾ എത്ര വിജയിച്ചാലും എളിമയുള്ളവരായിരിക്കുക. ട്രെൻഡുകൾ പിന്തുടരാതെ മൂല്യം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
“സമ്പത്തിൽ വിജയികളായ ആളുകളും ജീവിതത്തിൽ വിജയിച്ച ആളുകളും തമ്മിലുള്ള വ്യത്യാസം, ജീവിതത്തിൽ വിജയിച്ച ആളുകൾ മിക്കവാറും എല്ലാത്തിനോടും ‘നോ’ എന്ന് പറയുന്നവരാകും. അവരുടെ ജീവിതം ഏറ്റവും ലളിതമായിരിക്കും. 16,000 കോടി ഡോളറിന്റെ ആസ്തി സ്വന്തം പേരിൽ ഉള്ള വാരൻ ബഫറ്റ് ഇന്നും താമസിക്കുന്നത് 1958-ൽ തന്റെ 28-ഓമത്തെ വയസ്സിൽ ജന്മനാടായ ഒമാഹയിൽ വാങ്ങിയ ആ പഴയ വീട്ടിൽ തന്നെയാണ്.
2014 മോഡൽ കാഡലാക് (Cadillac) എന്ന സാധാരണ ഒരു കാറിലാണ് ആ കോടീശ്വരൻ യാത്ര ചെയ്യുന്നത്. ബ്രില്യൻസ്, ഹ്യുമാനിറ്റി, എത്തിക്കൽ റെസ്പോൺസിബിലിറ്റി എന്നിവയുടെ സങ്കലനമാണ് വാരൻ ബഫറ്റ്! മറ്റൊരു കോടീശ്വരനും സങ്കൽപ്പിക്കാൻ പോലും ആകാത്ത ഒരുതലം അല്ലേ?
സംരംഭകത്വം എന്നത് കുറെ തിരക്കുകളിൽ മുന്നോട്ട് പോകുന്നതും പണം കൊണ്ട് വേഗത്തിൽ വളരുന്നതും മാത്രമല്ല എന്നതിന്റെ തെളിവാണ് ബഫറ്റിന്റെ ജീവിതം. ആഴത്തിൽ ചിന്തിക്കുക, വിവേകത്തോടെ പ്രവർത്തിക്കുക, ദീർഘകാലത്തേക്ക് കാര്യങ്ങൾ കെട്ടിപ്പടുക്കുക എന്നിവയും കൂടിയാണ്. ഇപ്പോൾ 94 വയസ്സിന്റെ ചെറുപ്പത്തിലാണ് ആ മനുഷ്യൻ. ലോക ചരിത്രത്തിലെ ഏറ്റവും റെസ്പെക്റ്റബിളായ കുലീനതയുള്ള നിക്ഷേപകനായി നിൽക്കുന്ന വാരൻ ബഫറ്റ് അയാളുടെ ചെറുപ്പം മുതലേ നോ പറഞ്ഞത് രണ്ട് ലഹരികളോടാണ്- പെണ്ണും മദ്യവും! അമേരിക്കയിൽ 1970-കളിൽ യൗവനം ആഘോഷിച്ച ഒരു കോടീശ്വരന് അയാൾ അന്വേഷിച്ചില്ലങ്കിലും ഇങ്ങോട്ട് വന്ന് കയറുമായിരുന്ന ഈ ലഹരികള വേണ്ടെന്ന് വെച്ചിടത്താണ്, നിക്ഷേപിക്കുന്ന ഓഹരികളുടെ മൂല്യം മാത്രമല്ല, ഭാര്യയും മക്കളുമുള്ള കുടുംബമെന്ന കമ്പനിയിൽ ജീവിതമെന്ന നിക്ഷേപത്തിനും താൻ സൂക്ഷിക്കുന്ന ഒരു മൂല്യമുണ്ടെന്ന് അയാൾ ലോകത്തിന് കാണിച്ചുകൊടുത്തത്!
മന്ത്രമോ തന്ത്രമോ കുതന്ത്രമോ കൊണ്ട് വളർന്ന ആളല്ല വാരൻ ബഫറ്റ്! ചരിത്രത്തിലെ ഈ ഏറ്റവും വലിയ നിക്ഷേപകൻ ഈശ്വര വിശ്വാസിയാണോ? കേവലമായ ഏതെങ്കിലും ഒരു മതവിശ്വാസത്തിൽ അദ്ദേഹം സ്വയം തളച്ചിട്ടിട്ടില്ല. പ്രത്യേക മതവിശ്വാസത്തിൽ വിശ്വസിക്കുന്നില്ല എന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്! അദ്ദേഹത്തിൻെ വിശ്വാസം മൂല്യാധിഷ്ഠിത സമ്പത്തിലും, ആരാധന ജീവകാരുണ്യത്തിലുമാണ്. അതാണ് വാരൻ എഡ്വേർഡ് ബഫറ്റ്! പ്രപഞ്ചമെന്ന ഈ ഷെയർമാർക്കറ്റിൽ 94-ആം വയസ്സിലും കുതിച്ചുകൊണ്ടിരിക്കുന്ന ഒരേഒരു ബ്ലൂചിപ് ഓഹരി !
Explore the inspiring journey of Warren Buffett, the “Oracle of Omaha,” from his early entrepreneurial ventures to building a financial empire based on patience, value investing, and profound humility. Learn his timeless lessons for investors and entrepreneurs