ഇനി വയനാടെത്താൻ  ചുരം കയറി ബുദ്ധിമുട്ടേണ്ടി വരില്ല.മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം പകുതിയായി കുറയ്ക്കാന്‍ കേരളം തയാറാക്കിയ കോഴിക്കോട്- വയനാട് തുരങ്കപാത പദ്ധതിക്ക് ഒടുവില്‍  കേന്ദ്ര അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.  ഇതോടെ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം. ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ 80.4 കോടി രൂപയുടെ പാലവും പദ്ധതിയിലുണ്ട്.    

Wayanad Tunnel Road Project

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും

പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. 1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ പണിയുന്ന പാലത്തിന്റെ   80.4 കോടി രൂപയുടെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്.

നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ച പദ്ധതിയാണ് ഇതോടെ തടസ്സങ്ങള്‍ നീക്കി മുന്നോട്ട് നീങ്ങുന്നത്. അതിനു പിന്നാലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ വയനാട്ടിലേക്കുള്ള തുരങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  

Share.

Comments are closed.

Exit mobile version