ഇന്ത്യൻ ബയോടെക്‌നോളജി രംഗത്ത് വഴിത്തിരിവായി രാജ്യത്തെ ആദ്യ ജീൻ എഡിറ്റഡ് ചെമ്മരിയാട്. ഷേർ-ഇ-കശ്മീർ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചറൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ (SKUAST) പ്രൊഫ. റിയാസ് അഹമ്മദ് ഷായുടെ നേതൃത്വത്തിലാണ് നേട്ടം. ക്രിസ്പർ–കാസ് 9 എന്ന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള ജീൻ എഡിറ്റിങ് 4 വർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഫലം കണ്ടത്. ഇതോടെ ഇത്തരത്തിലുള്ള ജീൻ എഡിറ്റിങ് വിജയകരമായി പൂർത്തിയാക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ എത്തിയിരിക്കുകയാണ്.
മയോസ്റ്റാറ്റിൻ ജീനിൽ മാറ്റം വരുത്തി മസിൽ വളർച്ച 30% വർധിപ്പിച്ചാണ് ജീൻ എഡിറ്റിങ് നടത്തിയത്. പരമ്പരാഗത ക്രോസ്ബ്രീഡിങ് നടത്താതെ ജീൻ എഡിറ്റിങ് വഴി മാറ്റം സൃഷ്‌ടിക്കാനായി എന്നതും പുറത്തുനിന്നുള്ള ഡിഎൻഎ ഉപയോഗിച്ചിട്ടില്ല എന്നതുമാണ് ഇതിൽ ഏറ്റവും സവിശേഷത നിറഞ്ഞ കാര്യമെന്ന് ഗവേഷണ സംഘം അറിയിച്ചു.
നേരത്തെ ഇന്ത്യ ജീൻ എഡിറ്റിങ്ങിലൂടെ പുതിയ നെല്ലിനങ്ങൾ വികസിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചെമ്മരിയാടിലും ജീൻ എഡിറ്റിങ് നടത്തിയിരിക്കുന്നത്. ജീൻ എഡിറ്റിങ്ങിലൂടെ രോഗങ്ങൾക്കു കാരണമാകുന്ന ജീനുകളിൽ മാറ്റം വരുത്താനാകും. ഇതിലൂടെ മൃഗങ്ങളിലെ പ്രതിരോധ ശേഷി വളരെയധികം ഉയർത്താനാകും. ഇങ്ങനെ വിപുലമായ സാധ്യതകളാണ് ജീൻ എഡിറ്റിങ് സാധ്യമാക്കുകയെന്ന് പ്രൊഫ. റിയാസ് അഹമ്മദ് ഷാ പറഞ്ഞു.
A major milestone in Indian biotechnology as scientists create the country’s first gene-edited sheep at SKUAST using CRISPR-Cas9 after 4 years of research.