ക്ലീൻ എനർജി പ്രോത്സാഹിപ്പിക്കുന്നതിനായി വാണിജ്യ ഉപയോഗത്തിന് 1000ത്തിലധികം ഹൈഡ്രജൻ ട്രക്കുകളും ബസുകളും കൊണ്ടുവരാൻ കേന്ദ്ര ഗവൺമെന്റ്. 2030ഓടെയാണ് 1000 വാഹനങ്ങൾ നിരത്തിലിറക്കുക. 2025 അവസാനത്തോടെ ഏകദേശം 50 വാഹനങ്ങൾ പ്രവർത്തനക്ഷമമാകുമെന്ന് നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ ഡയറക്ടർ അഭയ് ബക്രെ പറഞ്ഞു.

ഇന്റേണൽ കമ്പഷൻ എഞ്ചിനുകൾക്ക് പ്രായോഗിക ബദലാകുന്നതിൽ ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങൾ വലിയ പങ്കുവഹിക്കും. ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം നിൽക്കുന്ന പരിഹാരമാണിത്. എന്നാൽ ഉയർന്ന ചിലവും പുനരുപയോഗിക്കാവുന്ന ഊർജ്ജം, ഭൂമി, വെള്ളം എന്നിവയ്‌ക്കുള്ള വലിയ ആവശ്യകതകളും കാരണം ഗ്രീൻ ഹൈഡ്രജനിൽ പരിമിതിയുണ്ട്-അദ്ദേഹം പറഞ്ഞു.
100–200 കിലോമീറ്റർ ദൈർഘ്യമുള്ള 10 ചെറിയ ഇടനാഴികളിലാണ് ആദ്യ ഘട്ടത്തിലെ ഹൈഡ്രജൻ ട്രക്ക്-ബസ് പൈലറ്റ് പദ്ധതികൾ. അടിസ്ഥാന സൗകര്യ വെല്ലുവിളികളെ മറികടക്കാൻ 200 കിലോമീറ്റർ ഇടവിട്ട് ഹൈഡ്രജൻ റീഫ്യുവലിങ്ങ് കേന്ദ്രങ്ങൾ കൊണ്ടുവരും. ഡൽഹി–മുംബൈ പോലുള്ള ദൈർഘ്യമേറിയ റൂട്ടുകളും പരിഗണനയിലുണ്ടെന്നും താങ്ങാനാവുന്ന വില ഉറപ്പാക്കാൻ ബയോഗ്യാസ് ഉപയോഗിച്ച് ഡീസെൻട്രലൈസ്ഡ് ഹൈഡ്രജൻ ഉത്പാദനം അടക്കമുള്ളവ കൊണ്ടുവരുമെന്നും അഭയ് ബക്രെ കൂട്ടിച്ചേർത്തു.
2023ലാണ് നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ പദ്ധതി ആരംഭിച്ചത്. 2030 വരെ പദ്ധതിക്കായി 19744 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2026 സാമ്പത്തിക വർഷത്തിൽ മൊബിലിറ്റി പൈലറ്റുമാർക്കായി 496 കോടി രൂപയാണ് പദ്ധതിയിൽ അനുവദിച്ചിട്ടുള്ളത്. ഇന്ത്യൻ വിപണിയിൽ ഇതുവരെ ഹൈഡ്രജൻ കാറുകൾ ലഭ്യമല്ലെങ്കിലും നിരവധി വാഹന നിർമ്മാതാക്കൾ ഇതിനായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
India aims to deploy over 1,000 hydrogen trucks and buses for commercial use by 2030, with 50 vehicles operational by late 2025, as part of the National Green Hydrogen Mission to promote clean energy.