ഇന്ത്യയിലാദ്യമായി ‘എയ്ഡ് ഡി ക്യാമ്പ്’ (Aide-De-Camp) തസ്തികയിലേക്ക് നിയമനം ലഭിച്ച വനിതയാണ് സ്ക്വാഡ്രൺ ലീഡർ മനീഷ പാധി. 2023ൽ മിസോറാം ഗവർണറുടെ ‘എയ്ഡ് ദ ക്യാമ്പ്’ തസ്തികയിലേക്കാണ് ഇന്ത്യൻ എയർഫോഴ്സ് (IAF) ഉദ്യോഗസ്ഥയായ മനീഷ പാധി നിയമിതയായത്. ഇന്ത്യൻ സായുധ സേനയിലെ ഔദ്യോഗിക സ്ഥാനമാണ് എഡിസി അഥവാ എയ്ഡ് ഡി ക്യാമ്പ്. ഇന്ത്യൻ പ്രസിഡന്റ്, ഗവർണർമാർ, ആർമി ചീഫ്, ആർമി കമാൻഡർമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേഴ്‌സണൽ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരാണ് എഡിസികൾ. 2015 ബാച്ച് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥയായ മനീഷ പാധിയുടെ നേട്ടം വ്യക്തിഗത നാഴികക്കല്ല് എന്നതിനപ്പുറം വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തുന്ന സ്ത്രീ ശക്തിയുടെ കൂടി തെളിവായിരുന്നു. ചരിത്രം കുറിച്ച ഈ വനിതാ ഓഫീസറെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ബെർഹാംപൂരിൽ ജനിച്ച മനീഷയുടേത് സൈനിക പശ്ചാത്തലമുള്ള കുടുംബമാണ്. മനീഷയുടെ പിതാവ് മനോരഞ്ജൻ പാധി ഇന്ത്യൻ വ്യോമസേനയിൽ ഓണററി ഫ്ലൈയിംഗ് ഓഫീസറായിരുന്നു. പിതാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മനീഷ സൈന്യത്തിലേക്ക് എത്തുന്നത്. ഭുവനേശ്വർ സിവി രാമൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ മനീഷ 2015ൽ എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റ് മികച്ച വിജയത്തോടെ പാസായി വ്യോമസേനയിൽ ചേർന്നു.
എഡിസി ആയി നിയമിക്കപ്പെടുന്നതിന് മുമ്പ് മനീഷക്ക് ബിദർ, പൂനെ, ഭട്ടിൻഡ തുടങ്ങിയ വിവിധ വ്യോമസേനാ സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചു. വ്യോമസേനയുടെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ മുൻപരിചയമാണ് അവരെ എയ്ഡ് ദ ക്യാമ്പ് തസ്തികയിലേക്ക് എത്തിച്ചത്. നിരവധി ഉത്തരവാദിത്തങ്ങളുള്ള ഓണററി പദവിയാണ് എയ്ഡ്-ഡി-ക്യാമ്പ്. ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കുന്നതാണ് പ്രധാന ചുമതല. ഷെഡ്യൂളുകൾ കൈകാര്യം ചെയ്യുക, ഔദ്യോഗിക ഇടപെടലുകൾ സുഗമമാക്കുക എന്നിങ്ങനെ പ്രവർത്തനങ്ങൾ നീളുന്നു. സംഘടനാ വൈദഗ്ദ്ധ്യം, പ്രൊഫഷണലിസം തുടങ്ങിയവ ആവശ്യമുള്ള പദവിയാണിത്.
കുടുംബ പിന്തുണയും പ്രചോദനവുമാണ് തന്റെ യാത്രയിൽ നിർണായകമായത് എന്ന് മനീഷ അടുത്തിടെ പറഞ്ഞിരുന്നു. പിതാവിനു പുറമേ മനീഷയുടെ ഭർത്താവും സൈനിക ഉദ്യോഗസ്ഥനാണ്. ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന മേജർ ദേപക് സിംഗ് കർക്കിയാണ് മനീഷയുടെ ഭർത്താവ്.
Meet Squadron Leader Manisha Padhi, the first woman in India to be appointed as Aide-De-Camp (ADC) to a Governor. Learn more about her pioneering achievement.